തൃശൂർ: കേരളത്തിലെ ബി.ജെ.പി നേതൃത്വത്തിന് ദേശീയ അധ്യക്ഷൻ ജെ.പി. നദ്ദയുടെ താക്കീത്. ഐക്യത്തോടെ ഒന്നിച്ചുപോകണമെന്നും വിഭാഗീയതയാണ് വളർച്ചക്ക് തടസ്സമെന്നും നേതാക്കളെ അറിയിച്ച അദ്ദേഹം, കേരളം ഏറ്റവും അനുയോജ്യ സാഹചര്യത്തിലാണെന്നും പറഞ്ഞു. നിയമസഭ തെരഞ്ഞെടുപ്പ് ഒരുക്കങ്ങളുടെ മുന്നോടിയായി ദ്വിദിന സന്ദർശനത്തിനെത്തിയ നദ്ദ സ്വകാര്യ ഹോട്ടലിലെ അടച്ചിട്ട മുറിയിൽ നേതാക്കളുമായുള്ള കൂടിക്കാഴ്ചയിലാണ് വിഭാഗീയതക്കെതിരെ രൂക്ഷവിമർശനം നടത്തിയത്.
രാവിലെ 11ഓടെയാണ് നെടുമ്പാശ്ശേരിയിൽനിന്ന് കാർ മാർഗം നദ്ദ യോഗ ഹാളിലെത്തിയത്. സംസ്ഥാന ജനറൽ സെക്രട്ടറി എം.ടി. രമേശിെൻറ നേതൃത്വത്തിൽ സ്വീകരിച്ചു. കേരള ഘടകത്തിലെ ആഭ്യന്തര പ്രശ്നങ്ങൾ പരിഹരിക്കപ്പെട്ടോയെന്ന ചോദ്യത്തോട് ദേശീയ അധ്യക്ഷൻ പ്രതികരിച്ചില്ല. 140 നിയോജക മണ്ഡലങ്ങളിലെ കൺവീനർമാരും ഭാരവാഹികളും പങ്കെടുത്ത യോഗത്തിലാണ് ആദ്യം സംസാരിച്ചത്.
രാജ്യമാകെ ബി.ജെ.പി വളരുകയാണ്. പക്ഷേ, കേരളത്തിൽ മാത്രം ഇപ്പോഴും ഞെരുങ്ങി നീങ്ങുന്നു. അനുകൂല സാഹചര്യമാണ് കേരളത്തിലുള്ളത്. ഇത് ഉപയോഗപ്പെടുത്തണം. - നദ്ദ ആവശ്യപ്പെട്ടു.
ഉച്ചകഴിഞ്ഞ് സംഘ്പരിവാർ സംഘടന പ്രതിനിധികളുമായും തുടർന്ന് ഹൈന്ദവ സമുദായ സംഘടനകളുമായും കൂടിക്കാഴ്ച നടത്തി. ബ്രാഹ്മണസഭ, കെ.പി.എം.എസ്, ധീവരസഭ പ്രതിനിധികൾ പങ്കെടുത്തപ്പോൾ ക്ഷണമുണ്ടായിട്ടും എൻ.എസ്.എസ് പ്രതിനിധികൾ വന്നില്ല.
കൂടിയാലോചനയില്ല; നദ്ദയോട് പരാതിപ്പെട്ട് ഘടകകക്ഷികൾ
തിരുവനന്തപുരം: ബി.ജെ.പി ദേശീയ അധ്യക്ഷൻ മുമ്പാകെ സംസ്ഥാനത്തെ എൻ.ഡി.എയുടെ പ്രവർത്തനത്തിൽ അസംതൃപ്തി പ്രകടിപ്പിച്ച് ഘടകകക്ഷി നേതാക്കൾ. നദ്ദയുമായി കഴിഞ്ഞദിവസം രാത്രി നടത്തിയ കൂടിക്കാഴ്ചയിലാണ് ബി.ജെ.പി സംസ്ഥാന നേതൃത്വം കൈക്കൊള്ളുന്ന ഏകപക്ഷീയ നടപടിയിൽ ഘടകകക്ഷികൾ അസംതൃപ്തി പ്രകടിപ്പിച്ചത്. സംസ്ഥാന അധ്യക്ഷൻ കെ. സുരേന്ദ്രൻ നയിക്കുന്ന കേരള യാത്രയിൽ പരിഗണന ലഭിക്കാത്തതിലും പ്രതിഷേധം അറിയിച്ചു.
സംസ്ഥാനത്ത് മൂന്ന് മുന്നണികളും യാത്ര നടത്തുന്നുണ്ട്. മറ്റ് യാത്രകൾ മുന്നണികളുടേതായി പ്രചരിക്കുേമ്പാൾ സുരേന്ദ്രേൻറത് ബി.ജെ.പി യാത്രക്ക് എന്ന നിലയിലാണ് പ്രചാരണം. യാത്രയിലും അതിെൻറ പ്രചാരണത്തിലുമുൾപ്പെടെ ഘടകകക്ഷികൾക്ക് പ്രധാന്യം നൽകണമെന്ന് അവർ ആവശ്യപ്പെട്ടു.
ബി.ഡി.ജെ.എസ് സംസ്ഥാന പ്രസിഡൻറ് തുഷാര്‍ വെള്ളാപ്പള്ളി, നാഷനലിസ്റ്റ് കേരള കോണ്‍ഗ്രസ് ജനറല്‍ സെക്രട്ടറി എം.എന്‍. ഗിരി, സോഷ്യലിസ്റ്റ് ജനതാദള്‍ പ്രസിഡൻറ് വി.വി. രാജേന്ദ്രന്, സെക്രട്ടറി ജനറല്‍ ജോണി കെ. ജോണ്‍, കാമരാജ് കോണ്‍ഗ്രസ് പ്രസിഡൻറ് വിഷ്ണുപുരം ചന്ദ്രശേഖരന്, എൽ.െജ.പി സംസ്ഥാന പ്രസിഡൻറ് എം. മെഹബൂബ് എന്നിവരാണ് കൂടിക്കാഴ്ച നടത്തിയത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.