തൃശൂർ: കേരള പൊലീസിന്റെ കഴിഞ്ഞ എട്ടു വർഷത്തെ സംഘ്പരിവാർ അനുകൂല നടപടികൾ ഹൈകോടതി ജഡ്ജി അന്വേഷിക്കണമെന്ന് വെൽഫെയർ പാർട്ടി സംസ്ഥാന പ്രസിഡന്റ് റസാഖ് പാലേരി വാർത്തസമ്മേളനത്തിൽ ആവശ്യപ്പെട്ടു. ഈ വിഷയത്തിൽ നിയമസഭ സംയുക്ത സമിതിയുടെ പരിശോധനയും വേണം. കേരള പൊലീസിൽ സംഘ്പരിവാറിന് ശക്തമായ ‘ഡീപ് സ്റ്റേറ്റ്’ ഉണ്ടെന്നും അദ്ദേഹം ആരോപിച്ചു.
തൃശൂരിൽ ബി.ജെ.പിയുടെ ജയം ആർ.എസ്.എസും മുഖ്യമന്ത്രിയുടെ ഓഫിസും പൊലീസും തമ്മിലുള്ള അവിശുദ്ധ കൂട്ടുകെട്ടിന്റെ ഫലമാണ്. അതിന്റെ ഭാഗമായാണ് തൃശൂർ പൂരം പൊലീസ് അലങ്കോലമാക്കിയത്. സംഘ്പരിവാറിന്റെ ‘ഡീപ് സ്റ്റേറ്റ്’ എട്ടു വർഷമായി അവരുടെ ജോലി ചെയ്യുന്നുണ്ട്. അതിന് നേതൃത്വം കൊടുക്കുന്നത് എം.ആർ. അജിത് കുമാറാണ് എന്നാണ് വ്യക്തമാകുന്നത്. മലപ്പുറം ജില്ലയിലെ പൊലീസ് കേസുകളുടെ എണ്ണം 350 ഇരട്ടിയിലേക്ക് എത്തിച്ച, എസ്.പിയായിരുന്ന സുജിത്ദാസിന് അവിടെ മൂന്നര വർഷത്തോളം തുടരാൻ കഴിഞ്ഞത് മുഖ്യമന്ത്രിയുടെ പ്രത്യേക പരിരക്ഷയിലാണ്. സ്വർണ കള്ളക്കടത്ത്, എസ്.എൻ.സി ലാവലിൻ എന്നിവയും ഡീലിന്റെ ഭാഗമാണോ എന്ന് സംശയിക്കണം.
ഗുരുതര ആരോപണങ്ങൾ നേരിടുന്ന ഉദ്യോഗസ്ഥനെ അതേ തസ്തികയിൽ നിലനിർത്തി നടത്തുന്ന അന്വേഷണം പ്രഹസനമാണ്. ഇക്കാര്യങ്ങളിൽ നിഷേധ നിലപാട് തുടർന്നാൽ ശക്തമായ പ്രക്ഷോഭത്തിന് പാർട്ടി നേതൃത്വം നൽകുമെന്ന് റസാഖ് പാലേരി പറഞ്ഞു. സംസ്ഥാന ട്രഷറർ സജീദ് ഖാലിദ്, തൃശൂർ ജില്ല പ്രസിഡന്റ് എം.കെ. അസ്ലം, ജില്ല ജനറൽ സെക്രട്ടറി അഡ്വ. കെ.എസ്. നിസാർ, സെക്രട്ടറി സരസ്വതി വലപ്പാട് എന്നിവരും പങ്കെടുത്തു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.