ഗുജറാത്തിലെ ജഡ്ജിമാര്‍ അവരുടെ പൂര്‍വാശ്രമം മറക്കാതെയാണ് വിധികള്‍ പ്രസ്താവിക്കുന്നത്- കെ.സുധാകരൻ

തിരുവനന്തപുരം: രാഹുല്‍ ഗാന്ധിക്ക് ഗുജറാത്തില്‍നിന്ന് നീതി ലഭിക്കുമെന്ന് ആരും പ്രതീക്ഷിച്ചില്ലെന്ന് കെ.പി.സി.സി പ്രസിഡന്റ് കെ. സുധാകരന്‍ പറഞ്ഞു. ഗുജറാത്തിലെ ജഡ്ജിമാര്‍ അവരുടെ പൂര്‍വാശ്രമം മറക്കാതെയാണ് വിധികള്‍ പ്രസ്താവിക്കുന്നത്. നീതിയുടെ കവാടം സുപ്രീംകോടതിയിൽ തുറക്കുമെന്നാണ് ഉറച്ച വിശ്വാസമെന്ന് സുധാകരൻ പത്രക്കുറിപ്പിൽ പറഞ്ഞു.

വെറുപ്പിന്റെയും വിദ്വേഷത്തിന്റെയും വര്‍ത്തമാന കാലത്ത് സ്‌നേഹത്തിന്റെ കട തുറന്ന അപൂര്‍വ വ്യക്തിത്വമാണ് രാഹുല്‍ ഗാന്ധി. അദ്ദേഹത്തെയും കോൺഗ്രസിനെയും തളർത്താമെന്ന് കരുതിയവർ മൂഢസ്വര്‍ഗത്തിലാണെന്നും കെ.സുധാകരൻ പറഞ്ഞു.

മുന്‍ പ്രധാനന്ത്രി ഇന്ദിരാഗാന്ധിയെ അയോഗ്യയാക്കിതും പിന്നീട് അവര്‍ ഫിനിക്‌സ് പക്ഷിയെപ്പോലെ തിരിച്ചുവന്നതും രാജ്യം കണ്ടതാണ്. താത്ക്കാലിക തിരിച്ചടികളെ വിജയപടികളാക്കിയ ചരിത്രമാണ് ഗാന്ധി കുടുംബത്തിനുള്ളത്. ചരിത്രത്തില്‍ നിന്ന് പാഠം പഠിക്കാത്തവരാണ് ഇന്ന് രാജ്യം ഭരിക്കുന്നതെന്നും അദ്ദേഹം കുറ്റപ്പെടുത്തി.

ഇന്ത്യയുടെ ചരിത്രത്തില്‍ ഇതാദ്യാമായാണ് മാനനഷ്ടക്കേസില്‍ ഒരാള്‍ക്ക് പരമാവധി ശിക്ഷയായ രണ്ടുവര്‍ഷം വിധിച്ചത്. രാജ്യത്ത് വിവിധ കോടതികളില്‍ പത്തിലധികം കേസുകളാണ് രാഹുല്‍ ഗാന്ധിയുടെ പേരിലുള്ളത്. സംഘപരിവാര്‍ ശക്തികളാണ് ഇതിനു പിന്നിലുള്ളതെന്ന് വ്യക്തം. അടുത്ത ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസിന്റെ നേതൃത്വത്തില്‍ ബി.ജെ.പിക്ക് ശക്തമായ ഭീഷണി ഉയര്‍ന്ന സാഹചര്യത്തിലാണ് രാഷ്ട്രീയ വേട്ടയ്ക്ക് ഇറങ്ങിയതെന്നും സുധാകരന്‍ പറഞ്ഞു. 

Tags:    
News Summary - Judges of Gujarat pronounce their judgments without forgetting their past - K. Sudhakaran

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.