പള്ളിക്കര: ബ്രഹ്മപുരം മാലിന്യ പ്ലാൻറ് സന്ദർശിച്ച് പ്രവർത്തനങ്ങൾ വിലയിരുത്തി ഹൈകോടതി ജഡ്ജിമാർ. ജസ്റ്റിസ് ബെച്ചു കുര്യൻ തോമസ്, ജസ്റ്റിസ് പി. ഗോപിനാഥ് എന്നിവരാണ് വ്യാഴാഴ്ച മാലിന്യപ്ലാൻറിൽ എത്തിയത്. ബ്രഹ്മപുരത്ത് കഴിഞ്ഞ വർഷം തീപിടിത്തമുണ്ടായതിനെത്തുടർന്ന് ഹൈകോടതി സ്വമേധയാ എടുത്ത കേസ് ഡിവിഷൻ ബെഞ്ച് കഴിഞ്ഞ ദിവസം പരിഗണിച്ചിരുന്നു. ഇതിന്റെ തുടർച്ചയായാണ് ജഡ്ജിമാർ വ്യാഴാഴ്ച പരിശോധന നടത്തിയത്.
വൈകീട്ട് 3.30ഓടെ എത്തിയ ജഡ്ജിമാർ ആദ്യം ബയോമൈനിങ് മാലിന്യങ്ങൾ തരംതിരിക്കുന്ന പ്ലാൻറ് സന്ദർശിച്ചു. മാലിന്യം തരംതിരിക്കുന്നതും തരംതിരിച്ചിട്ടിരിക്കുന്നതും കണ്ടു. മാലിന്യം തരംതിരിക്കുന്ന യന്ത്രങ്ങൾ പ്രവർത്തിക്കുന്നതും വിലയിരുത്തി. തുടർന്ന് ജൈവ മാലിന്യങ്ങൾ സംസ്കരിക്കുന്നതിനായി തുടങ്ങുന്ന രണ്ട് പട്ടാളപ്പുഴു പ്ലാൻറും സന്ദർശിച്ചു.
പുഴുക്കളെ തയാറാക്കുന്നതുൾപ്പെടെ കണ്ട് പ്ലാൻറ് നടത്തിപ്പുകാരോട് കാര്യങ്ങൾ വിശദമായി ചോദിച്ചറിഞ്ഞു. ബി.പി.സി.എല്ലും കൊച്ചി കോർപറേഷനുംകൂടി ആരംഭിക്കുന്ന മാലിന്യ സംസ്കരണ പ്ലാൻറിന്റെ നിർമാണം പരിശോധിച്ചു. തീപിടിത്തം തടയാൻ സ്വീകരിച്ചിട്ടുള്ള കാര്യങ്ങൾ അഗ്നിരക്ഷാസേന ഉദ്യോഗസ്ഥരോട് ചോദിച്ചറിഞ്ഞു.
തുടർന്ന് തീപിടിത്തം തുടങ്ങിയ പ്ലാസ്റ്റിക് മലയുടെ ഭാഗത്തെത്തി ഹൈഡ്രൻറുകൾ പ്രവർത്തിപ്പിക്കുന്നത് കണ്ടു. 5.45ഓടെ സംഘം മടങ്ങി.
തദ്ദേശ സ്വയംഭരണ സ്പെഷല്‍ സെക്രട്ടറി മുഹമ്മദ് വൈ. സഫീറുല്ല, ജില്ല കലക്ടര്‍ എന്‍.എസ്.കെ. ഉമേഷ്, കൊച്ചി കോര്പറേഷന് സെക്രട്ടറി ചെല്‍സ സിനി, സംസ്ഥാന മലിനീകരണ നിയന്ത്രണ ബോര്‍ഡ് ചെയര്പേഴ്സൻ എസ്. ശ്രീകല, ദുരന്തനിവാരണ വിഭാഗം ഡെപ്യൂട്ടി കലക്ടര്‍ വി.ഇ. അബ്ബാസ്, കൊച്ചി കോര്പറേഷന് സ്ഥിരംസമിതി അധ്യക്ഷൻ ടി.കെ. അഷ്റഫ്, വടവുകോട്-പുത്തന്‍കുരിശ് ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് സോണിയ മുരുകേശന്, അമികസ് ക്യൂറിമാരായ അഡ്വ. എസ്. വിഷ്ണു, അഡ്വ. പൂജ മേനോന്, അഡ്വ. ടി.വി. വിനു, തദ്ദേശ സ്വയംഭരണം, അഗ്നിരക്ഷാസേന, പൊലീസ്, കെ.എസ്.ഇ.ബി, ബി.പി.സി.എല്‍ തുടങ്ങിയ വകുപ്പ് ഉദ്യോഗസ്ഥര്‍ തുടങ്ങിയവര്‍ ജഡ്ജിമാര്‍ക്കൊപ്പമുണ്ടായിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.