കോട്ടയം: കന്യാസ്ത്രീയെ ബലാത്സംഗം ചെയ്തെന്ന കേസിലെ വിധിപ്പകർപ്പ്, മൊഴികളിലെ നിസ്സാര വൈരുധ്യങ്ങൾ ചൂണ്ടിക്കാട്ടി പരാതിക്കാരിയെ അപകീർത്തിപ്പെടുത്തി ചിത്രീകരിച്ചതായി പൊലീസും പ്രോസിക്യൂഷനും. മൊഴികളിലെ നേരിയ വ്യത്യാസം വിശ്വാസ്യതയാണ് കാണിക്കുന്നത്. തത്തയെപ്പോലെ പറഞ്ഞു പഠിപ്പിച്ചതല്ല പരാതിക്കാരിയുടെ മൊഴികൾ.
മേൽക്കോടതികൾ സ്വീകരിച്ചിരുന്നത് അത്തരം നിലപാടാണ്. എന്നാൽ, ഇവിടെ അതു മനസ്സിലാക്കുന്നതിൽ കോടതി പരാജയപ്പെട്ടു. നിസ്സാരകാര്യങ്ങൾ ചൂണ്ടിക്കാട്ടിയാണ് പ്രോസിക്യൂഷൻ സാക്ഷികളുടെ മൊഴി വിശ്വാസയോഗ്യമല്ല എന്ന് പറഞ്ഞത്.
സാക്ഷിയായ കന്യാസ്ത്രീ, തന്നെ നിർബന്ധിച്ച് പൊലീസ് മൊഴി വാങ്ങിയതാണെന്ന് മഠത്തിൽനിന്നുള്ള അച്ചടക്കനടപടി ഒഴിവാക്കാൻ അധികാരികൾക്ക് നൽകിയ വിശദീകരണത്തിൽ പറഞ്ഞിരുന്നു. ആ സാഹചര്യം മനസ്സിലാക്കാൻ കോടതി ശ്രമിച്ചില്ല.
സാക്ഷിയെ വിശ്വസിക്കാനാവില്ലെന്നാണ് കോടതി പറയുന്നത്. അത് അംഗീകരിക്കാനാവില്ല. പരാതിക്കാരിയുടെ മൊഴികളിൽ എല്ലായിടത്തും ബലാത്സംഗം എന്ന വാക്ക് ഉപയോഗിച്ചില്ലെന്നാണ് കോടതിയുടെ കണ്ടെത്തൽ.
ലൈംഗിക പീഡനം, ലൈംഗിക ചൂഷണം, ബലാത്സംഗം എന്നിങ്ങനെയുള്ള വാക്കുകൾ സാധാരണ ഉപയോഗിക്കാറുണ്ട്. നിയമത്തെക്കുറിച്ച് കൃത്യമായ അറിവോ ആസൂത്രണമോ ഇല്ലാത്ത ഒരാൾ എങ്ങനെ എല്ലായിടത്തും ബലാത്സംഗം പറയും.
പരാതിക്കാരിയുടെ വിശ്വാസ്യതയെ ബലപ്പെടുത്തുകയാണ് ഈ നിരീക്ഷണം. കന്യാസ്ത്രീ പരാതി നൽകാനുണ്ടായ കാലതാമസം ചൂണ്ടിക്കാട്ടി അവർ വിശ്വാസ്യയോഗ്യയല്ലെന്ന വിലയിരുത്തൽ തെറ്റായി. കന്യാസ്ത്രീയുടെ ഉന്നതാധികാരിയായ സഭാപിതാവിനെതിരെ പരാതി നൽകിയാലുണ്ടായേക്കാവുന്ന പ്രത്യാഘാതങ്ങൾ കോടതി കണ്ടില്ല. പരാതിക്കാരിയുടെ ജീവിതത്തെ സ്വാധീനിക്കാൻ കഴിവുള്ളയാളാണ് ബിഷപ്.
ബലാത്സംഗത്തിനിരയായ കന്യാസ്ത്രീയുടെ മാനസികാവസ്ഥയും കോടതി പരിഗണിച്ചില്ല. പ്രോസിക്യൂഷൻ ഉന്നയിച്ച പല വാദങ്ങളും വിധിയിൽ സൂചിപ്പിച്ചുകണ്ടില്ലെന്നത് അത്ഭുതപ്പെടുത്തുന്നു. ഉഭയകക്ഷി സമ്മതപ്രകാരമാണ് എല്ലാം നടന്നതെന്ന സൂചനയും വിധിപ്പകർപ്പ് നൽകുന്നുണ്ട്.
കുറ്റാരോപിതൻപോലും ഈ വാദം ഉന്നയിച്ചിട്ടില്ല. ഒരുമിച്ച് കാറിൽ യാത്ര ചെയ്താലോ ഒന്നിച്ച് പരിപാടിയിൽ പങ്കെടുത്താലോ പരസ്പര സമ്മതമാവില്ല. അത് അവളുടെ വിധി മാത്രമാണെന്നും പൊലീസും പ്രോസിക്യൂഷനും പറയുന്നു. അപ്പീൽ നൽകുമ്പോൾ ഈ വാദങ്ങൾ ചൂണ്ടിക്കാട്ടാനാണ് നീക്കം.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.