ഹാമര്‍കൊണ്ട് പരിക്കേറ്റ വിദ്യാർഥിക്ക് സര്‍ക്കാര്‍ ചികിത്സ ഒരുക്കും

തിരുവനന്തപുരം: പാലായില്‍ നടക്കുന്ന സംസ്ഥാന ജൂനിയര്‍ കായികമേളക്കിടെ ഹാമര്‍കൊണ്ട് പരിക്കേറ്റ വിദ്യാർഥി അഫീല്‍ ജോണ്‍സണിന്​ സര്‍ക്കാര്‍ ചികിത്സാസൗകര്യമൊരുക്കുമെന്ന് മന്ത്രി ഇ.പി. ജയരാജന്‍ അറിയിച്ചു. ഇപ്പോള്‍ കോട്ടയം മെഡിക്കല്‍ കോളജിലാണ് വിദ്യാർഥി. വിദഗ്​ധചികിത്സക്ക്​ അടിയന്തര നടപടി സ്വീകരിക്കാന്‍ കോട്ടയം ജില്ലകലക്ടറെ ചുമതലപ്പെടുത്തി. കായികമേളക്കി​െട അപകടമുണ്ടായത് ഖേദകരമാണ്. ഏതു സാഹചര്യത്തിലാണ് അപകടമുണ്ടായതെന്ന് പരിശോധിക്കും. അധികൃതരുടെ ഭാഗത്ത് വീഴ്ച ഉണ്ടായിട്ടുണ്ടെങ്കില്‍ കര്‍ശനനടപടി സ്വീകരിക്കും. കായികമേളകളില്‍ സുരക്ഷ വർധിപ്പിക്കാന്‍ നടപടി കൈക്കൊള്ളുമെന്നും മന്ത്രി അറിയിച്ചു.

വിദ്യാർഥി​ ഗുരുതരാവസ്ഥയിൽ
കോട്ടയം: പാലായിൽ നടക്കുന്ന സംസ്​ഥാന ജൂനിയർ അത്​ലറ്റിക്​ മീറ്റി​​​​െൻറ ആദ്യദിനത്തിലാണ് ദാരുണാപകടം. മത്സരത്തിനിടെ ഹാമർ തലയിൽ പതിച്ച്​ വളൻറിയറായ പ്ലസ്​ വൺ വിദ്യാർഥിക്ക്​ ഗുരുതര പരിക്കേൽക്കുകയായിരുന്നു. ഈരാറ്റുപേട്ട ചൊവൂര്‍ കുറിഞ്ഞംകുളത്ത് ജോൺസൺ ജോർജി​​​​െൻറ മകൻ അഫീൽ ജോൺസനാണ് (16) പരിക്കേറ്റത്​. അതി ഗുരുതരാവസ്​ഥയിൽ കോട്ടയം മെഡിക്കൽ കോളജ്​ ആശുപത്രി വ​​​െൻറിലേറ്ററിൽ കഴിയുന്ന കുട്ടി അപകടനില തരണം ചെയ്​തിട്ടില്ലെന്ന്​ ഡോക്​ടർമാർ അറിയിച്ചു. പാലാ സിന്തറ്റിക് സ്​റ്റേഡിയത്തിൽ വെള്ളിയാഴ്​ച ഉച്ചക്ക്​ 12.10നാണ്​ മീറ്റിനെ നടുക്കിയ അപകടം.

18 വയസ്സിൽ താഴെയുള്ള പെൺകുട്ടികളുടെ മത്സരത്തിനിടെയാണ്​ പാഞ്ഞെത്തിയ ഹാമർ പാലാ സ​​​െൻറ്​ തോമസ് ഹയര്‍ സെക്കൻഡറി സ്‌കൂളിലെ വിദ്യാർഥിയായ അഫീലി​​​​െൻറ തല തകർത്തത്​. ഹാമർ ​േത്രാ പിറ്റിനോട്​ ചേർന്ന്​ നടത്തിയ 18 വയസ്സിൽ താഴെയുള്ള ആൺകുട്ടികളുടെ ജാവലിൻ േത്രാ മത്സരത്തി​​​​െൻറ വളൻറിയറായിരുന്നു അഫീൽ. മത്സരാർഥി എറിഞ്ഞ ജാവലി​​​​െൻറ ദൂരം മാർക്ക്​ ചെയ്യുന്നതിനിടെ അഫീ​​​​െൻറ തലയുടെ വശത്ത്​ ഹാമർ വന്ന്​ കൊള്ളുകയായിരുന്നു. 55 മീറ്റർ അകലെ മാത്രമായിരുന്നു ഇരുമ്പുഗോളം തലയിൽ കൊള്ളു​േമ്പാൾ അഫീൽ. സമീപത്ത്​ പിറ്റിൽനിന്ന്​ ​പെൺതാരം എറിഞ്ഞ ഹാമർ ദിശമാറി അഫീൽ നിന്നിടത്തേക്ക്​ എത്തുകയായിരുന്നു. ഹാമർ കണ്ട്​ പെ​ട്ടെന്ന്​​ കുനിഞ്ഞ കുട്ടിയു​െട തലയിലാണ്​ ഇത്​ കൊണ്ടത്​. തലയോട്ടിയിൽ ആഴത്തിൽ മുറിവേറ്റ വിദ്യാർഥിയെ ഉടൻ പാലായിലെ താലൂക്ക്​ ​ആശുപത്രിയിലും തുടർന്ന്​ കോട്ടയത്തെ സ്വകാര്യ ആശുപത്രിയിലുമെത്തിച്ചു. പിന്നീട്​ വിദഗ്​ധ ചികിത്സക്കായി ​കോട്ടയം മെഡിക്കൽ കോളജിലേക്ക്​ മാറ്റുകയായിരുന്നു. ഉടൻ അടിയന്തര ശസ്​ത്രക്രിയക്ക്​ വിധേയനാക്കി. നിലവിൽ വ​​​െൻറിലേറ്ററിലാണ്​.

അപകടസാധ്യത ഏറിയ മത്സരങ്ങൾ തൊട്ടടുത്തായി നടത്തിയതാണ്​ അപകടത്തിന്​ ഇടയാക്കിയതെന്ന്​ ആരോപണമുണ്ട്​. മത്സരങ്ങൾ തമ്മിൽ നിശ്ചിത അകലം പാലിക്കണമെന്ന നിബന്ധന അധികൃതർ ലംഘിച്ചതായും ആക്ഷേപമുണ്ട്​. വേണ്ടത്ര വലുപ്പമില്ലാത്ത ഗ്രൗണ്ടിൽ ഒര​ു മത്സരം സമാപിച്ചശേഷം അടുത്തത്​ ആരംഭിക്കുന്നതിനുപകരം ആവശ്യമായ തയാറെടുപ്പുകളില്ലാതെ ഒരുമിച്ച്​ നടത്തുകയായിരുന്നുവെന്നും പരാതിയുണ്ട്​.

എന്നാൽ, കുട്ടിയുടെ അശ്രദ്ധയാണ്​ അപകടത്തിനിടയാക്കിയ​െതന്നാണ്​ സംഘാടകരായ കേരള അത്​ലറ്റിക്​ അസോസിയേഷ​​​​െൻറ വിശദീകരണം. ഔദ്യോഗികമായി സംഘാടകർ ക്ഷണിച്ചിട്ടല്ല കുട്ടി എത്തിയത്​. പ്രാദേശികമായി പരിശീലകർ അറിയിച്ചതനുസരിച്ചാണ്​ എത്തിയത്​. ദൗർഭാഗ്യകരമായ സംഭവമാണിതെന്നും ഇവർ പറഞ്ഞു.
പിന്നീട്​ പാലാ ​പൊലീസ്​ സ്​റ്റേഡിയത്തിലെത്തി അപകടം വിതച്ച ഹാമർ കസ്​റ്റഡിയിലെടുത്തു. ദൃക്​സാക്ഷികളുടെ മൊഴിയുമെടുത്തു. സംഭവത്തിൽ അത്​ലറ്റിക്​ അസോസിയേഷൻ ഭാരവാഹികൾക്കെതിരെ കേസെടുത്തു.

Tags:    
News Summary - Junior athletic meet- Hammer throw - Kerala news

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.