തിരുവനന്തപുരം: സിനിമ മേഖലയിൽ സ്ത്രീകൾ വിവേചനം നേരിടുന്നതായി ജസ്റ്റിസ് കെ. ഹേമ കമീഷൻ. സ്ത്രീകൾക്ക് വേതനത്തിലും അവസരങ്ങളിലും വിവേചനവും അപ്രഖ്യാപിത വിലക്കും നിലനിൽക്കുന്നു. സിനിമ മേഖലയിലെ പ്രശ്നങ്ങൾ പരിഹരിക്കാൻ ട്രൈബ്യൂണൽ സ്ഥാപിക്കണമെന്നും ശക്തമായ നിയമം കൊണ്ടുവരണമെന്നും കമീഷൻ ശിപാർശ ചെയ്തു. ജ. ഹേമക്ക് പുറമെ നടി ടി. ശാരദ, റവന്യൂ മുൻ സെക്രട്ടറി കെ.ബി. വത്സലകുമാരി എന്നിവരടങ്ങിയ കമീഷൻ റിപ്പോർട്ട് മുഖ്യമന്ത്രി പിണറായി വിജയന് സമർപ്പിച്ചു. 300 പേജുള്ള റിപ്പോർട്ടിനൊപ്പം ഒാഡിയോ ക്ലിപ്പ്, പെൻഡ്രൈവ്, വാട്ട്സ്ആപ് സന്ദേശം അടക്കം ചില ഡിജിറ്റൽ തെളിവുകളും കൈമാറി.
അവസരത്തിന് കിടപ്പറ പങ്കിടാൻ ആവശ്യപ്പെട്ടുവെന്നതടക്കം വെളിപ്പെടുത്തൽ കമീഷൻ മുമ്പാകെ ചിലർ നടത്തി. ഇൗ രംഗത്ത് കടന്നുവരുന്ന സ്ത്രീകള്‍ ലൈംഗിക പീഡനത്തിനിരയാകുന്ന അനുഭവങ്ങൾ തെളിവ് സഹിതം റിപ്പോര്‍ട്ട് വ്യക്തമാക്കുന്നു. മലയാള സിനിമ വ്യവസായത്തില്‍ കാസ്റ്റിങ് കൗച്ച് ഉണ്ട്. ചലച്ചിത്രമേഖലകളില്‍ എത്തിപ്പെടുന്നതിന് പലപ്പോഴും ലൈംഗിക ആവശ്യങ്ങള്‍ നിറവേറ്റിക്കൊടുക്കേണ്ട ദുരനുഭവങ്ങളുണ്ടായവരുമുണ്ട്. ഇവർ പലപ്പോഴും പൊലീസില്‍ പരാതിപ്പെടാറില്ല. ചിത്രീകരണസ്ഥലങ്ങളില്‍ സ്ത്രീകള്‍ മനുഷ്യാവകാശ ലംഘനങ്ങൾ നേരിടുന്നു. ശുചിമുറി, വസ്ത്രം മാറ്റാനുള്ള ഇടം തുടങ്ങിയവയുടെ അഭാവമുണ്ട്. സൈബര്‍ ഇടങ്ങളിലും സൈബര്‍ മാര്‍ഗങ്ങള്‍ ഉപയോഗിച്ചും അക്രമങ്ങള്‍ ഉണ്ടാകുന്നു. അശ്ലീല പദപ്രയോഗങ്ങൾ ഉണ്ടാകുന്നതായും റിപ്പോര്‍ട്ടില്‍ ചൂണ്ടിക്കാട്ടുന്നു.
സിനിമാ മേഖലയിൽ സ്ത്രീകൾ മാത്രമല്ല പുരുഷന്മാരും പ്രശ്നങ്ങൾ നേരിടുന്നുണ്ട്. ഇവയെല്ലാം പരിഹരിക്കാൻ ജില്ല ജഡ്ജിയുടെ നേതൃത്വത്തിൽ ട്രൈബ്യൂണൽ സ്ഥാപിക്കണം. നിയന്ത്രണങ്ങള്‍ പാലിക്കാത്തവര്‍ക്കും കുറ്റം ചെയ്യുന്നവര്‍ക്കും പിഴ ചുമത്തുന്നതിനും വ്യവസായത്തില്‍നിന്ന് വിലക്കുകള്‍ ഉള്‍പ്പെടെ ഏര്‍പ്പെടുത്തുന്നതിനും നടപടി വേണം.
നടി അക്രമിക്കപ്പെട്ടതിന് പിന്നാലെ ഡബ്ല്യു.സി.സി സംഘടന മുഖ്യമന്ത്രിക്ക് നൽകിയ നിവേദനത്തിെൻറ അടിസ്ഥാനത്തിലാണ് കമീഷനെ നിയമിച്ചത്. രണ്ടുവർഷത്തോളം വിശദമായ തെളിവെടുപ്പും മൊഴിയെടുപ്പും നടത്തിയശേഷമാണ് റിപ്പോർട്ട് തയാറാക്കിയത്. സിനിമയുടെ ചുമതലയുള്ള മന്ത്രി എ.കെ. ബാലനുമായും കമീഷൻ അംഗങ്ങൾ കൂടിക്കാഴ്ച നടത്തി.
.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.