കൊച്ചി: ഉദ്ഘാടനത്തിന് മുമ്പ് വൈറ്റില മേല്‍പ്പാലം തുറന്ന് നല്‍കിയതിനെ പിന്തുണച്ച് മുൻ ജഡ്ജി ജസ്റ്റിസ് ബി.കെമാൽ പാഷ. മുഖ്യമന്ത്രി കാലെടുത്തു വച്ചാലേ ഉദ്ഘാടനം ആകുകയുള്ളൂ എന്നുണ്ടോ? ഒരു ഭിക്ഷക്കാരൻ കയറിയാലും ഉദ്ഘാടനമാകും. അതും മനുഷ്യനല്ലേ..? ഇന്നയാളേ കയറാവൂ എന്ന് എവിടെയും പറഞ്ഞിട്ടില്ല. ഇതിന് പ്രധാനമന്ത്രിയുടെയും മുഖ്യമന്ത്രിയുടെയും ഒന്നും ആവശ്യമില്ല ജനങ്ങളുടെ വകയാണ് പാലം എന്നും കെമാൽ പാഷ പറഞ്ഞു.
പൊറുതിമുട്ടിയ ജനങ്ങൾ ഹൈകോടതിയെ സമീപിക്കുന്ന സാഹചര്യമുണ്ടായപ്പോഴാണ് ജനുവരി ഒമ്പതിന് പാലം തുറക്കുമെന്ന് പ്രഖ്യാപിച്ചത്. ഇടിഞ്ഞു പൊളിഞ്ഞു കിടക്കുന്ന വഴിയിൽ മണിക്കൂറുകൾ കിടന്ന് വീർപ്പു മുട്ടിയാണ് ജനങ്ങൾ പോയിക്കൊണ്ടിരിക്കുന്നത്. അവരുടെ പ്രതിഷേധമാണ് വൈറ്റിലയില്‍ കണ്ടതെന്നും ജസ്റ്റിസ് ബി.കെമാൽ പാഷ പറഞ്ഞു.
വൈറ്റിലയിലും കുണ്ടന്നൂരും ജനങ്ങൾ ബുദ്ധിമുട്ടുകയാണ്. നിർമാണം പൂർത്തിയായിട്ടും രതെരഞ്ഞെടുപ്പു വരുമ്പോഴേക്കുള്ള വിലപേശലിനു വേണ്ടി വച്ചോണ്ടിരിക്കുകയാണ് സർക്കാർ. പൊതുമുതൽ നശിപ്പിച്ചെന്നു പറഞ്ഞ് പാലം തുറന്നവർക്കെതിരെ കേസെടുത്താൽ അത് നിലനിൽക്കില്ല. എന്താണ് നശിപ്പിച്ചത് എന്നു പറയണം. പാലത്തിലൂടെ പോയാൽ പൊതുമുതൽ നശിക്കുമോ?
മുഖ്യമന്ത്രി വന്ന് പാലത്തിൽ കയറിയാലേ നശിക്കാതിരിക്കൂ എന്നുണ്ടോ? എം.എല്‍.എമാര്‍ ഫണ്ടില്‍ നിന്നും ചെലവഴിക്കുമ്പോള്‍ പേരെഴുതി വെക്കുന്നതാണ് പൊതുമുതല്‍ നശിപ്പിക്കല്‍. ജനങ്ങളുടെ പണവും ജനങ്ങളുടെ സ്ഥലവുമാണ്. അവിടെ ജനങ്ങള്‍ക്ക് കയറാന്‍ അവകാശമുണ്ട്. സ്വന്തം വീട്ടിൽ നിന്ന് തേങ്ങവെട്ടി പണിതതല്ല ഇത് എന്ന് ഓർമിക്കണം. പൊതുജനങ്ങളുടെ പണം, ജനങ്ങളുടെ സ്ഥലം. അതിൽ ജനങ്ങൾക്കു കയറാൻ അവകാശമുണ്ടെന്നും ജസ്റ്റിസ് കെമാൽ പാഷ പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.