വിട്ടുവീഴ്ച വേണമെന്ന് നേതാക്കളോട് ആന്‍റണി

തിരുവനന്തപുരം: സംസ്ഥാന കോണ്‍ഗ്രസ് നേതാക്കള്‍ പരസ്പരം വിട്ടുവീഴ്ചക്ക് തയാറാകണമെന്ന് എ.കെ. ആന്‍റണി. പാര്‍ട്ടിയുടെ ശക്തി തിരിച്ചുപിടിക്കാന്‍ കഴിയുന്നത് ഉമ്മന്‍ ചാണ്ടി, സുധീരന്‍, രമേശ് ചെന്നിത്തല എന്നീ നേതാക്കള്‍ക്കാണ്. ഇവര്‍ ഒന്നിച്ചുപോകണം. അതാണ് പ്രവര്‍ത്തകരും ദേശീയ നേതൃത്വവും ആഗ്രഹിക്കുന്നതെന്നും  കെ. കരുണാകരന്‍െറ ചരമവാര്‍ഷികത്തോടനുബന്ധിച്ച് കെ.പി.സി.സി സംഘടിപ്പിച്ച അനുസ്മരണ സമ്മേളനം ഉദ്ഘാടനം ചെയ്ത് ആന്‍റണി പറഞ്ഞു.

പാര്‍ട്ടി കടുത്ത വെല്ലുവിളി നേരിടുന്ന ഇന്ന് നേതാക്കള്‍ക്കുണ്ടാകേണ്ട പ്രധാനഗുണം വിട്ടുവീഴ്ച മനോഭാവമാണ്. കെ.പി.സി.സി പ്രസിഡന്‍റായതു മുതല്‍ കരുണാകരനുമായി താന്‍ അടുത്തും പിണങ്ങിയും യോജിച്ചും പ്രവര്‍ത്തിച്ചു. പൊതുശത്രുവിനെ നേരിടാന്‍ എല്ലാം മറന്ന് യോജിച്ചുനിന്നു. പൊട്ടിത്തെറിയിലേക്ക് പോകുംമുമ്പ് ഒത്തുതീര്‍പ്പുണ്ടാക്കിയിരുന്നു. വിട്ടുവീഴ്ച കാട്ടുമ്പോള്‍ ഒപ്പമുള്ള ചിലര്‍ ശത്രുക്കളാകും. പഴിയും കേള്‍ക്കേണ്ടിവരും. കരുണാകരനുമായുള്ള തര്‍ക്കങ്ങളില്‍ കൂടുതല്‍ വിട്ടുവീഴ്ച കാട്ടിയത് താനായതിനാല്‍ ഒത്തിരി പഴി കേള്‍ക്കേണ്ടിവന്നിട്ടുണ്ട്.

പണ്ട് തെരഞ്ഞെടുപ്പ് തിരിച്ചടികള്‍ ഉണ്ടാകുമ്പോഴും അടിത്തട്ടില്‍ പാര്‍ട്ടി ശക്തമായിരുന്നു. ഇന്ന് സ്ഥിതി അങ്ങനെയല്ല. കോണ്‍ഗ്രസിന്‍െറ ജനകീയാടിത്തറയില്‍ ചോര്‍ച്ച സംഭവിച്ചിട്ടുണ്ടെന്ന യാഥാര്‍ഥ്യം അംഗീകരിച്ച് പ്രവര്‍ത്തിച്ചേ മതിയാകൂ. ജനറല്‍മാരും ഓഫിസര്‍മാരും ഒട്ടേറെയുണ്ടെങ്കിലും പാര്‍ട്ടിക്ക് കാലാള്‍പ്പട കുറവാണ്. ഈ പോരായ്മ പരിഹരിക്കാന്‍ താഴത്തെട്ടിലേക്കിറങ്ങണം. ജനവികാരം മാധ്യമങ്ങളിലൂടെ മനസ്സിലാക്കാന്‍ സാധിക്കില്ല. പരമ്പരാഗത വോട്ടര്‍മാര്‍ക്കിടയില്‍ ഉണ്ടായ മാറ്റം നമുക്ക് മുന്‍കൂട്ടി കാണാന്‍ സാധിച്ചില്ല. താഴത്തെട്ടില്‍ ബന്ധം ഉണ്ടായിരുന്നെങ്കില്‍ അങ്ങനെ സംഭവിക്കില്ലായിരുന്നു.

പാര്‍ട്ടിയില്‍ തലമുറമാറ്റം എളുപ്പമല്ല. ഇന്ന് പാര്‍ട്ടിയില്‍ അഞ്ചു തലമുറകള്‍ ഉണ്ട്. സാങ്കേതികമായി ഒന്നോ രണ്ടോ പേരിലാണ് പാര്‍ട്ടി നേതൃത്വമെങ്കിലും പ്രവര്‍ത്തനങ്ങളില്‍ കൂട്ടായ നേതൃത്വമാണുള്ളത്.പാര്‍ട്ടി തീരുമാനങ്ങളെ കെ. കരുണാകരന്‍ സഹിഷ്ണുതയോടെ ഉള്‍ക്കൊണ്ടിരുന്നെന്ന് യോഗത്തില്‍ അധ്യക്ഷത വഹിച്ച കെ.പി.സി.സി പ്രസിഡന്‍റ് വി.എം. സുധീരന്‍ ചൂണ്ടിക്കാട്ടി. മുന്‍ കെ.പി.സി.സി പ്രസിഡന്‍റ് തെന്നല ബാലകൃഷ്ണപിള്ള, എം.എം. ഹസന്‍, തമ്പാനൂര്‍ രവി, ശരത്ചന്ദ്ര പ്രസാദ്, എന്‍. ശക്തന്‍, പാലോട് രവി, എം.എല്‍.എമാരായ വി.എസ്. ശിവകുമാര്‍, കെ.എസ്. ശബരീനാഥന്‍, ഡി.സി.സി പ്രസിഡന്‍റ് നെയ്യാറ്റിന്‍കര സനല്‍ എന്നിവര്‍ സംസാരിച്ചു.

Tags:    
News Summary - a k antony

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.