തിരുവനന്തപുരം: ഐ.എ.എസ് ഉദ്യോഗസ്ഥർക്കിടയിലെ ചേരിപ്പോരിൽ അച്ചടക്ക നടപടികളുമായി സംസ്ഥാന സർക്കാർ. വ്യവസായ വകുപ്പ് ഡയറക്ടർ കെ. ഗോപാലകൃഷ്ണനെയും കൃഷി വകുപ്പ് സ്പെഷ്യൽ സെക്രട്ടറി എൻ. പ്രശാന്തിനെയും സസ്പെൻഡ് ചെയ്തു. മല്ലു ഹിന്ദു ഐ.എ.എസ് വാട്‌സ്ആപ്പ് ഗ്രൂപ്പ് വിവാദത്തിലാണ് ഗോപാലകൃഷ്ണനെ സസ്പെൻഡ് ചെയ്തത്. അഡീഷനൽ ചീഫ് സെക്രട്ടറി ഡോ. എ. ജയതിലകിനെതിരായ പരസ്യ അധിക്ഷേപത്തിലാണ് പ്രശാന്തിനെതിരായ നടപടി. ഇരുവർക്കെതിരെ നടപടി സ്വീകരിക്കാനുള്ള ചീഫ് സെക്രട്ടറിയുടെ ശിപാർശക്ക് മുഖ്യമന്ത്രി അംഗീകാരം നൽകുകയായിരുന്നു.
മല്ലു ഹിന്ദു ഐ.എ.എസ് വാട്‌സ്ആപ്പ് ഗ്രൂപ്പ് വിവാദത്തിൽ കെ. ഗോപാലകൃഷ്ണനെതിരെ നടപടിക്ക് ചീഫ് സെക്രട്ടറി ശിപാർശ ചെയ്തിരുന്നു. ഫോൺ ഹാക്ക് ചെയ്തെന്ന ഗോപാലകൃഷ്ണന്‍റെ വിശദീകരണം തള്ളിയാണ് റിപ്പോർട്ടിൽ ഉചിതമായ നടപടി സ്വീകരിക്കാൻ മുഖ്യമന്ത്രിയോട് ചീഫ് സെക്രട്ടറി ശിപാർശ ചെയ്തത്.
നേരത്തെ, വാട്‌സ്ആപ്പ് ഗ്രൂപ്പ് വിവാദത്തിൽ ചീഫ് സെക്രട്ടറി സംസ്ഥാന പൊലീസ് മേധാവിയിൽ നിന്ന് റിപ്പോർട്ട് തേടിയിരുന്നു. അടിയന്തരമായി അന്വേഷണ റിപ്പോർട്ട് സമർപ്പിക്കണമെന്നാണ് നിർദേശം നൽകിയിരുന്നത്. വിവാദത്തിൽ കെ. ഗോപാലകൃഷ്ണനെ സംശയത്തിന്റെ നിഴലിൽ നിർത്തുന്നതാണ് ഡി.ജി.പിക്ക് തിരുവനന്തപുരം സിറ്റി പൊലീസ് കമീഷണർ സമർപ്പിച്ച അന്വേഷണ റിപ്പോർട്ട്.
കെ. ഗോപാലകൃഷ്ണൻറെ നടപടികൾ സംശയാസ്പദമാണെന്ന പരാമർശത്തോടെയുള്ള റിപ്പോർട്ടാണ് തിരുവനന്തപുരം സിറ്റി പൊലീസ് കമീഷണർ ജി. സ്പർജൻ കുമാർ ഡി.ജി.പിക്ക് കൈമാറിയത്. ഇരു ഫോണുകളും ഫോർമാറ്റ് ചെയ്ത് കൈമാറിയ നടപടിയിലാണ് കമീഷണർ സംശയം പ്രകടിപ്പിച്ചത്. പൊലീസിന് നൽകും മുൻപ് ഗോപാലകൃഷ്ണൻ ഫോണുകൾ ഫോർമാറ്റ് ചെയ്തു. മൂന്നോ നാലോ തവണ റീസെറ്റ് ചെയ്തു. ഇതിനാൽ ഫൊറൻസിക് പരിശോധനയിൽ ഹാക്കിങ് നടന്നോ ഇല്ലയോ എന്ന് സ്ഥിരീകരിക്കാനായില്ല. സ്വകാര്യ വിവരങ്ങൾ നീക്കം ചെയ്യുന്നുവെന്നറിയിച്ച ശേഷമായിരുന്നു ഫോർമാറ്റ് ചെയ്തതെന്നും റിപ്പോർട്ടിൽ പറയുന്നു.
ഡോ. എ. ജയതിലകിനെതിരെ സാമൂഹിക മാധ്യമത്തില്‍ നടത്തിയ പരാമര്‍ശങ്ങളിൽ എന്‍. പ്രശാന്തിനെതിരെ നടപടിക്ക് ചീഫ് സെക്രട്ടറി ശാരദ മുരളീധരന്‍ മുഖ്യമന്ത്രിക്ക് ശിപാർശ ചെയ്തിരുന്നു. സമൂഹമാധ്യമത്തിലൂടെ നടത്തിയ പ്രതികരണങ്ങൾ ചട്ടലംഘനമാണെന്ന് ചീഫ് സെക്രട്ടറി റിപ്പോർട്ടിൽ ചൂണ്ടിക്കാട്ടുന്നു.
അഡീഷണൽ ചീഫ് സെക്രട്ടറി ഡോ. ജയതിലകിനെതിരെ കടുത്ത ആരോപണങ്ങളാണ് എൻ. പ്രശാന്ത് ഐ.എ.എസ് ഉന്നയിച്ചത്. കീഴുദ്യോഗസ്ഥരായ നിരവധി സത്യസന്ധരുടെ കരിയറും ജീവിതവും ഇദ്ദേഹം നശിപ്പിച്ചിട്ടുണ്ടെന്ന് പ്രശാന്ത് ഫേസ്ബുക് കുറിപ്പിൽ ആരോപിച്ചിരുന്നു. സെക്രട്ടറിയേറ്റ് ഇടനാഴിയിൽ വെറുതേ നടന്നാൽ അതേക്കുറിച്ച് കേൾക്കാമെന്നും അദ്ദേഹം ജോലി ചെയ്ത എല്ലാ വകുപ്പിലും ഒന്ന് ചോദിച്ചാൽ തീരുന്ന സംശയമേ ഉള്ളൂ എന്നും കുറിപ്പിൽ പറഞ്ഞു.
മതാടിസ്ഥാനത്തിൽ ഐ.എ.എസ് ഉദ്യോഗസ്ഥരുടെ വാട്സ്ആപ് ഗ്രൂപ്പുണ്ടാക്കിയ വ്യവസായ-വാണിജ്യ ഡയറക്ടർ കെ. ഗോപാലകൃഷ്ണനെതിരെയും പ്രശാന്ത് രംഗത്തു വന്നിരുന്നു. ‘സ്വയം കുസൃതികൾ ഒപ്പിച്ച ശേഷം ആ കുസൃതിക്കെതിരെ പരാതിപ്പെടുന്ന പ്രവണത ഐ.എ.എസുകാരിൽ കൂടി വരുന്നില്ലേ എന്ന് നാം ശങ്കിക്കേണ്ടിയിരിക്കുന്നു. ചിലരുടെ ഓർമ്മശക്തി ആരോ 'ഹാക്ക്' ചെയ്തതാണോ എന്നൊരു സംശയം! 'മെറ്റ'ക്കൊരു കത്തയച്ചാലോ?’ എന്നായിരുന്നു പരിഹാസ രൂപേണയുള്ള ചോദ്യം.
താൻ ചെയർമാനായിരുന്ന എസ്.സി, എസ്.ടി വകുപ്പിനു കീഴിലുള്ള 'ഉന്നതി'യുമായി ബന്ധപ്പെട്ട ഒരു പത്രവാർത്തയെ വിശകലനം ചെയ്തായിരുന്നു ഈ കുറിപ്പ്. തനിക്കെതിരായ വാർത്തക്ക് പിന്നിൽ അഡീഷണൽ ചീഫ് സെക്രട്ടറി ജയതിലക് ആണെന്നും അദ്ദേഹം പറഞ്ഞു. ‘ജയതിലക് എന്ന വ്യക്തി തന്നെയാണ് മാടമ്പള്ളിയിലെ യഥാർഥ ചിത്തരോഗി. തിടമ്പിനേയും തിടമ്പേറ്റിയ ആനയേയും ഇതുവരെ പേടിക്കാത്തവരെ പേടിപ്പിക്കാമെന്ന്, ഭാവിയിൽ തിടമ്പേൽക്കാൻ കുപ്പായം തയ്ച്ചിരിക്കുന്ന കുഴിയാനകൾ ചിന്തിക്കുന്നത് വല്ലാത്ത തിലകത്തമാണ്’ -പ്രശാന്ത് പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.