കോട്ടയം: കേരള രാഷ്ട്രീയത്തില്‍ പ്രായോഗികതയുടെ കൊടിയേന്തുന്ന കരിങ്ങോഴക്കല്‍ മാണി മാണിയെന്ന കെ.എം. മാണി ശതാഭിഷേകനിറവില്‍. 1000 പൂര്‍ണചന്ദ്രന്മാരെ കണ്ട പുണ്യവുമായി അദ്ദേഹം ഞായറാഴ്ച 85ാം വയസ്സിലേക്ക് കടക്കും. കേരള രാഷ്ട്രീയത്തിലെ ഭീഷ്മാചാര്യരെന്ന് അനുയായികള്‍ വാഴ്ത്തിപ്പാടുന്ന ‘മാണി സാറി’ന് 84 വയസ്സ് തികയുന്ന ഞായറാഴ്ച കാരുണ്യദിനമായി ആചരിക്കാനാണ് പാര്‍ട്ടി തീരുമാനം. ഇതിന്‍െറ ഭാഗമായി സംസ്ഥാനത്തെ ആയിരം കേന്ദ്രങ്ങളില്‍ ‘കരുണയുടെ കൈയൊപ്പ്’ എന്ന മുദ്രാവാക്യവുമായി കേരള കോണ്‍ഗ്രസ്-എം കാരുണ്യപ്രവര്‍ത്തനങ്ങള്‍ സംഘടിപ്പിക്കും.
ജീവിതത്തില്‍ ഇതുവരെ അനുഭവിക്കാത്ത പ്രതിസന്ധിക്കിടെയാണ് മരങ്ങാട്ടുപിള്ളി കരിങ്ങോഴക്കല്‍ തോമസ് മാണിയുടെയും ഏലിയാമ്മയുടെയും മകന്‍ മറ്റൊരു നാഴികക്കല്ല് കടക്കാനൊരുങ്ങുന്നത്. ചെയര്‍മാനൊപ്പം പാര്‍ട്ടിയും ഒറ്റപ്പെടലിന്‍െറ വീര്‍പ്പുമുട്ടലിലാണ്. അഴിമതിയുടെ കറപുരളാത്ത നേതാവെന്ന വിശേഷണവും പേറി മുഖ്യമന്ത്രിക്കസേരയില്‍ കണ്ണുംനട്ടപ്പോഴായിരുന്നു ഇടുത്തീപോലെ കോഴക്കറയുടെ പെയ്ത്ത്. ഒപ്പം നിന്നവര്‍ ഒരുക്കിയ ചതിയാണ് കേസെന്ന് പാര്‍ട്ടി പ്രവര്‍ത്തകള്‍ ആവര്‍ത്തിക്കുമ്പോഴും ബാര്‍ കോഴയുടെ അന്വേഷണ-നിയമ നൂലാമാലകള്‍ക്കിടയില്‍നിന്ന് ഇതുവരെ പുറത്തുകടക്കാനായിട്ടില്ല പാലായുടെ മാണിക്യത്തിന്.
ഇതിനുപിന്നാലെയാണ് 34 വര്‍ഷത്തെ യു.ഡി.എഫ് ബന്ധം പൊട്ടിച്ചെറിഞ്ഞ് എല്ലാ മുന്നണികളോടും സമദൂരം പ്രഖ്യാപിച്ചത്. ഇരുമുന്നണിയിലുമായി മാറിമാറി അധികാരത്തിനൊപ്പം എക്കാലവും നിലയുറപ്പിച്ചിരുന്ന മാണിക്ക് ഇത് ഒറ്റപ്പെട്ട ആദ്യ ജന്മദിനാഘോഷം.
വരുന്ന മാര്‍ച്ച് 15ന് അദ്ദേഹം നിയമസഭ അംഗമായി സത്യപ്രതിജ്ഞ ചെയ്തിട്ട് 50 വര്‍ഷം തികയും. 1965ല്‍ നടന്ന തെരഞ്ഞെടുപ്പിലാണ് മാണിയുടെ കന്നിവിജയമെങ്കിലും ഒരു കക്ഷിക്കും ഭൂരിപക്ഷമില്ലാതിരുന്നതിനാല്‍ അന്ന് നിയമസഭ വിളിച്ചുചേര്‍ക്കാതെ പിരിച്ചുവിട്ടിരുന്നു. അതിനാല്‍ അന്ന് എം.ല്‍.എമാര്‍ക്ക് സത്യപ്രതിജ്ഞചെയ്യാന്‍ സാധിച്ചില്ല. 1967ലെ രണ്ടാം വിജയത്തിലായിരുന്നു സത്യപ്രതിജ്ഞ. 1967 മാര്‍ച്ച് 15 ബുധനാഴ്ചയായിരുന്നു അത്. 50 വര്‍ഷം തികയുന്നതും ഒരു ബുധനാഴ്ച തന്നെ.
ഇതിനൊപ്പം നിരവധി റെക്കോഡുകളും അദ്ദേഹത്തിന ്സ്വന്തം. 1965ല്‍ പാലായില്‍ തുടങ്ങിയ തെരഞ്ഞെടുപ്പ് വിജയം 2016ല്‍ എത്തിനില്‍ക്കുന്നു. ഒരു മണ്ഡലത്തില്‍നിന്ന് അമ്പതുവര്‍ഷം തുടര്‍ച്ചയായി ഒരാള്‍ നിയമസഭ അംഗമാവുക, അതും ഒരിക്കല്‍പോലും പരാജയപ്പെടാതെ തുടര്‍ച്ചയായി 13 തെരഞ്ഞെടുപ്പ്- രാജ്യത്തെതന്നെ അദ്ഭുതനേട്ടം.
ഏറ്റവും കൂടുതല്‍ കാലം മന്ത്രിയായിരുന്ന റെക്കോഡും മണിക്ക് അവകാശപ്പെട്ടതാണ്-25 വര്‍ഷം. 12 തവണ മന്ത്രിയായി സത്യപ്രതിജ്ഞ ചെയ്തതും കേരള രാഷ്ട്രീയത്തിലെ മറ്റൊരു റെക്കോഡാണ്.
പ്രിയനേതാവിന്‍െറ ശതാഭിഷേകത്തിന ്കാരുണ്യസ്പര്‍ശം നല്‍കുന്നതിന്‍െറ ഭാഗമായി കേരള കോണ്‍ഗ്രസ് ഞായറാഴ്ച അനാഥമന്ദിരങ്ങള്‍, വൃദ്ധമന്ദിരങ്ങള്‍, പാലിയേറ്റിവ് കെയര്‍ സെന്‍ററുകള്‍ എന്നിവിടങ്ങളില്‍ ഭക്ഷണം, വസ്ത്രം, മരുന്ന ്എന്നിവ വിതരണം ചെയ്യും. കോട്ടയം ആര്‍പ്പൂക്കരയിലെ നവജീവന്‍ ട്രസ്റ്റില്‍ കെ.എം. മാണിയും കുടുംബാംഗങ്ങളും ഇതില്‍ പങ്കാളികളാകും.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.