കോഴിക്കോട്: ഇ.പി. ജയരാജൻ മുന്നണിയിലേക്ക് ലീഗിനെ ക്ഷണിച്ച കാര്യത്തിൽ ലീഗിനെ അശേഷം സംശയമില്ലെന്ന് കോൺഗ്രസ് നേതാവ് കെ. മുരളീധരൻ. 52 വർഷത്തെ ബന്ധമാണ് കോൺഗ്രസും ലീഗും തമ്മിലുള്ളത്. അത് ജയരാജൻ വിളിച്ചാൽ പോകുന്ന ബന്ധമല്ലെന്നും അദ്ദേഹം മാധ്യമപ്രവർത്തകരോട് പറഞ്ഞു.
ഞങ്ങൾക്ക് അക്കാര്യത്തിൽ അശേഷം ലീഗിനെ സംശയമില്ല. 52 വർഷത്തെ ബന്ധമാണ് കോൺഗ്രസും ലീഗും തമ്മിലുള്ളത്. അത് ജയരാജൻ വിളിച്ചാൽ പോകുന്ന ബന്ധമല്ല. ഞങ്ങളോടൊപ്പം നല്ല കാലത്തും കഷ്ട കാലത്തും ലീഗ് നിന്നിട്ടുണ്ട്. ആ പാരമ്പര്യം കാത്തുസൂക്ഷിക്കുന്ന നേതൃത്വമാണ് ഇന്നും ആ പാർട്ടിയെ നയിക്കുന്നത്. അതുകൊണ്ട് എന്തെല്ലാം ആശയക്കുഴപ്പം ഉണ്ടാക്കാൻ നോക്കിയാലും ഞങ്ങൾക്ക് സംശയമൊന്നുമില്ല. ഒരു ശതമാനം പോലും ലീഗിനെ സംശയിക്കുന്നില്ല. ഇടയ്ക്കിടക്ക് ലീഗിനെ ക്ഷണിച്ച് ഞങ്ങളെ തമ്മിൽ തെറ്റിക്കാമെന്ന് ജയരാജൻ വ്യാമോഹിക്കേണ്ട. ജയരാജനെ പാർട്ടിക്ക് തന്നെ തള്ളിപ്പറയേണ്ടി വന്നു. കൂടുതൽ കക്ഷികൾ ഇങ്ങോട്ട് വരുമെന്നല്ലാതെ ഇവിടുന്ന് ആരും എങ്ങോട്ടും പോകില്ല -കെ. മുരളീധരൻ പറഞ്ഞു.
ഹരിദാസ് വധക്കേസ് മുഖ്യപ്രതികളിലൊരാളെ ഒളിവിൽ താമസിപ്പിക്കാൻ സഹായം ചെയ്ത രേഷ്മയുടെ കുടുംബം സി.പി.എം കുടുംബമല്ലെന്ന് പറഞ്ഞ എം.വി ജയരാജനെയും കെ. മുരളീധരൻ വിമർശിച്ചു.
പകൽ ബി.ജെ.പിയെ വിമർശിക്കുകയും രാത്രി ബി.ജെ.പിക്കാരന്‍റെ സഹായം തേടുകയും ചെയ്യുകയാണ്. സ്വന്തം സഖാവിനെ കൊന്നവരെ സി.പി.എം കുടുംബം എങ്ങനെ സംരക്ഷിച്ചു? ഇതെല്ലാം അറിഞ്ഞ് കൊണ്ട് നടക്കുന്നതാണ്. ഒളിവിൽ പാർപ്പിക്കുന്നത് വരെ സി.പി.എം നേതൃത്വം അറിഞ്ഞാണ് ഇതുപോലെയുള്ള നടപടികൾ സ്വീകരിക്കുന്നത്. ഇത് സി.പി.എം-ബി.ജെ.പി ധാരണയുടെ പുതിയ പതിപ്പാണെന്നും മുരളീധരൻ കുറ്റപ്പെടുത്തി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.