മണ്ഡല ചരിത്രത്തിൽ ആദ്യമായി ഉപതെരഞ്ഞെടുപ്പിനെ നേരിടുകയാണ് ചേലക്കര. വൈവിധ്യങ്ങളുടെ കലവറയായ ചേലക്കരക്ക് നിരവധി ആവശ്യങ്ങളുണ്ട്. ചേലക്കരക്കാരുടെ ചോദ്യങ്ങൾ ഇന്നുമുതൽ ‘മാധ്യമ’ത്തിൽ വായിക്കാം.
തൃശൂർ: ചേലക്കര മണ്ഡലത്തിലെ പ്രധാന നഗരങ്ങളിലൊന്നായ പഴയന്നൂരിൽനിന്ന് മൂന്നു കിലോമീറ്റർ സഞ്ചരിച്ചാൽ കുമ്പളക്കോട് മാട്ടിൻമുകൾ എന്ന സ്ഥലത്തെത്താം. ഇടുങ്ങിയതെങ്കിലും നല്ല റോഡാണ്. ഒന്നുരണ്ട് കയറ്റങ്ങൾ ഒഴിച്ചാൽ വലിയ ബുദ്ധിമുട്ടില്ലാതെ ഇവിടെയെത്താം. മാട്ടിൻമുകളിൽ രണ്ട് ഏക്കറോളം സ്ഥലത്ത് പരന്നുകിടക്കുന്ന ഒരു ആദിവാസി താമസസ്ഥലമുണ്ട്. മലയൻ വിഭാഗത്തിൽപെട്ട 14 കുടുംബങ്ങൾ താമസിക്കുന്ന ഇവിടെ കണ്ടാൽ ഹൃദയം തകരുന്ന കാഴ്ചകളാണുള്ളത്. നല്ല റോഡും ആദിവാസി ഇതരരായ ആളുകളും താമസിക്കുന്നിടത്ത് പുഴുക്കൾക്ക് സമാന ജീവിതം നയിക്കുകയാണ് ആദിവാസികൾ.
ഇനി ‘കോളനി’ എന്ന പദം ഉപയോഗിക്കില്ല എന്ന ചരിത്രപരമായ വിളംബരം പുറപ്പെടുവിച്ച ഒരു ജനപ്രതിനിധിയുടെ മണ്ഡലത്തിലാണോ ഇത്രമേൽ പരിതാപകരമായ അവസ്ഥയിൽ ആദിവാസികൾ വസിക്കുന്നത് എന്ന് ചോദിച്ചുപോകും. അത്രക്കുണ്ട് ഇവരുടെ പ്രയാസങ്ങൾ. 81കാരനായ ചുക്രൻ ആണ് ഇവിടത്തെ ഊരുമൂപ്പൻ. ചുക്രന്റെ മക്കളും കൊച്ചുമക്കളും ഒക്കെത്തന്നെയാണ് മറ്റു താമസക്കാർ. പെൺകുട്ടികളും കുഞ്ഞുങ്ങളും അടക്കം 74 അംഗങ്ങളാണ് 14 കുടുംബങ്ങളിലായി ഇവിടെയുള്ളത്. പലരും മൂന്നും നാലും ക്ലാസുകളിൽ പഠനം ഉപേക്ഷിച്ചവർ. ഇവരെ വീണ്ടും സ്കൂളുകളിലേക്ക് എത്തിക്കാനോ പഠനം തുടരാനോ ആരും സഹായിച്ചില്ലെന്ന് ആദിവാസികൾ പറയുന്നു. 37കാരി അനിത, 35 കാരൻ റനീഷ്, ഭാര്യ ജോമോൾ, സൗമ്യ എന്നിവരൊക്കെ മൂന്നിലോ നാലിലോ പഠനം നിർത്തിയവരാണ്.
തന്റെ 14ാം വയസ്സിലാണ് ഒന്നാം ക്ലാസിൽ ചേർത്തതെന്ന് റനീഷ് പറഞ്ഞത് അത്ഭുതത്തോടെയാണ് കേട്ടത്. കുഞ്ഞ് കുട്ടികളുടെ കൂടെ ഇരുന്ന് പഠിക്കാനുള്ള ബുദ്ധിമുട്ടുകൊണ്ടാണ് പഠനം ഉപേക്ഷിച്ചതെന്ന് റനീഷ് പറയുന്നു. ഇപ്പോൾ മരംവെട്ടാണ് പണി. പ്രത്യേകിച്ച് രാഷ്ട്രീയം ഒന്നും അറിയില്ല.
ബി.ജെ.പിയും ആർ.എസ്.എസും ഒക്കെ ഊരിൽവന്ന് പരിപാടികൾക്ക് വിളിച്ചുകൊണ്ടുപോകും. ചിലപ്പോൾ പണം തരും. കൊടി കെട്ടാനും മറ്റും പോയിട്ടുണ്ട്. അമ്മയും അച്ഛനും നേരത്തേ മരിച്ചു. അവർ കോൺഗ്രസുകാരായിരുന്നു. തന്റെ രണ്ടു സഹോദരന്മാരും ആർ.എസ്.എസ് പരിപാടികൾക്ക് പോകാറുണ്ടെന്ന് റനീഷ് പറയുന്നു.
ഊരുകളിലെ വീടുകളുടെ ദുരവസ്ഥയാണ് ഏറെ സങ്കടകരം. വിവിധ പദ്ധതികളിൽപെടുത്തി സർക്കാർ പണിതുകൊടുത്ത വീടുകൾ ഒറ്റ പ്രാവശ്യം കണ്ടാൽ അതിന് നേതൃത്വം കൊടുത്ത ഉദ്യോഗസ്ഥരെ ആജീവനാന്തം ജയിലിലിടാനുള്ള അഴിമതി പകൽപോലെ വ്യക്തമാണ്. ഊരുമൂപ്പനായ ചുക്രന്റെ വീടുതന്നെ ഇതിന് ഉദാഹരണമാണ്.
2005-2006 കാലത്ത് ജില്ല പഞ്ചായത്ത് ഫണ്ട് ഉപയോഗിച്ച് പഴയന്നൂർ കുടുംബശ്രീ പണിതുനൽകിയ ചുക്രന്റെ വീടിന് വാതിലുകളോ ജനലുകളോ ഇല്ല. തീരെ കനംകുറച്ച് വാർത്ത മേൽക്കൂര നനഞ്ഞ് കുതിർന്ന് ഏതുനിമിഷവും നിലംപൊത്താവുന്ന സ്ഥിതിയിലാണ്. ചുക്രന്റെ ഭാര്യ മണ്ടോടി, സഹോദരി വേശു എന്നിവർ ഈ ഇടിഞ്ഞുപൊളിഞ്ഞ വീട്ടിലാണ് താമസം. സർക്കാർ പണിതുകൊടുത്ത വീട്ടിൽ കിടക്കാൻ ഭയമായിട്ട് പലരും മുറ്റത്ത് ഓലഷെഡ് കെട്ടി അതിലാണ് താമസം. ഊരിലെ ആകെയുള്ള ഒരു കിണറിൽ വേനൽക്കാലത്ത് തീരെ വെള്ളം ലഭിക്കാറില്ലെന്ന് ഊരുവാസികൾ പറയുന്നു.\
പ്രാഥമിക കാര്യങ്ങൾക്കാണ് ഏറെ പ്രയാസം. 14 കുടുംബങ്ങൾക്കായി ആകെയുള്ളത് വർഷങ്ങൾക്കുമുമ്പ് പണിത ഒരു കക്കൂസാണ്. തീരെ ഇടുങ്ങിയ ഒന്ന്. പെൺകുട്ടികളാണ് ഇതുമൂലം ഏറെ പ്രയാസപ്പെടുന്നത്. ‘ഞങ്ങൾ നേരം ഇരുട്ടാൻ കാത്തുനിൽക്കും. ഇരുട്ടിക്കഴിഞ്ഞ് പേടിച്ചുപേടിച്ചാണ് സമീപത്തെ കാട്ടിൽ പോയി പ്രാഥമിക കാര്യങ്ങൾ നിർവഹിക്കുന്നത്. കക്കൂസ് ഇല്ലാതെ എങ്ങനെ ജീവിക്കും’ -അനിതയും സൗമ്യയും ചോദിക്കുന്നു. ഇങ്ങനെ മലമൂത്ര വിസർജനത്തിന് പോയവരെ പാമ്പുകടിച്ച സംഭവങ്ങൾ വരെ ഉണ്ടായിട്ടുണ്ടെന്ന് ഇവർ പറയുന്നു.
ചുരകന്റെ ഒരു മകൾ പാമ്പുകടിയേറ്റാണ് മരിച്ചത്. മറ്റൊരു മകളെ കാട്ടിൽവെച്ച് പന്നി കുത്തി പരിക്കേൽപിച്ചിട്ടുണ്ട്. അടച്ചുറപ്പുള്ള വീടും എല്ലാ വീടുകൾക്കും കക്കൂസും എന്നതാണ് ഇവരുടെ പ്രാഥമിക ആവശ്യം. അതുപോലും നിവർത്തിച്ചുകൊടുക്കാൻ അധികാരികൾക്കോ രാഷ്ട്രീയക്കാർക്കോ ആയിട്ടില്ല. ആദിവാസി ജീവിത സുരക്ഷക്കുവേണ്ടി കോടികളുടെ ഫണ്ടൊഴുകുന്ന കേരളത്തിൽ ഇത്രയും ദുരവസ്ഥയിൽ ഒരു വിഭാഗം കഴിഞ്ഞുകൂടുന്നു എന്നത് ലജ്ജിപ്പിക്കുന്നതാണ്.
ഇടതു-വലതു മുന്നണികൾ കാര്യമായി ശ്രദ്ധിക്കാതെ കിടന്ന ആദിവാസി മേഖലകളിൽ വനവാസി സംരക്ഷണം എന്ന പേരിൽ സംഘ്പരിവാർ ആധിപത്യം സ്ഥാപിക്കാനുള്ള ശ്രമങ്ങളും ഇവിടെ വന്നാൽ ബോധ്യപ്പെടും. നാട്ടിലെ രാഷ്ട്രീയനാടകങ്ങളെക്കുറിച്ച് കൃത്യമായ ധാരണയില്ലാത്ത നിഷ്കളങ്ക വിഭാഗത്തെ ചൂഷണം ചെയ്യുന്ന കാഴ്ചക്കും കഴിഞ്ഞ ദിവസം ഇവിടം സാക്ഷിയായി.
ബി.ജെ.പി ജില്ല പ്രസിഡന്റിന്റെ നേതൃത്വത്തിൽ സംഘ്പരിവാർ പ്രവർത്തകരെത്തി ഊരുനിവാസികളെ മുഴുവൻ ബി.ജെ.പി പ്രവർത്തകരാക്കി ചിത്രീകരിച്ച് പ്രചരിപ്പിച്ചിരുന്നു. തൊട്ടുപിന്നാലെ കെ. രാധാകൃഷ്ണൻ എം.പിയുടെ നേതൃത്വത്തിൽ സി.പി.എം സംഘമെത്തി ഇവരെ സി.പി.എം പ്രവർത്തകരാക്കിയുള്ള നാടകവും അരങ്ങേറി.
എല്ലാവർക്കും ഷാൾ അണിയിക്കാനും ചിത്രങ്ങൾ പകർത്താനും ഇവർ നിന്നുകൊടുക്കും. സ്വന്തം അവകാശങ്ങളെക്കുറിച്ച പ്രാഥമിക വിവരംപോലും ഇവർക്ക് അന്യമാണ്. ഇതിനെ രാഷ്ട്രീയ പാർട്ടികൾ ചൂഷണം ചെയ്യുന്നു. ഊരിൽനിന്നും ആകെ ഉപരിപഠനം നേടിയത് മുത്തു-ഓമന ദമ്പതികളുടെ മകൾ വിജിതയാണ്.
വിജിത ബി.എസ് സി പഠനം കഴിഞ്ഞ് ഒറ്റപ്പാലത്ത് ആശുപത്രിയിൽ നഴ്സായി ജോലി ചെയ്യുന്നു. ആരെയും ഭയക്കാതെ വാതിലടച്ച് കിടക്കാൻ കഴിയുന്ന വീടും ശൗചാലയങ്ങളും മാത്രമാണ് ഇവരുടെ ആവശ്യം.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.