തിരുവനന്തപുരം: ന്യൂനപക്ഷത്തോടൊപ്പം ഭൂരിപക്ഷ സമുദായത്തെയും ഒപ്പം നിർത്തണമെന്ന കോൺഗ്രസ് മുതിർന്ന നേതാവ് എ.കെ. ആന്‍റണിയുടെ പ്രസ്താവനയെ പിന്തുണച്ച് കെ. മുരളീധരൻ എം.പി. മൃദുഹിന്ദുത്വം എന്നൊന്നില്ല. രാഹുൽ ഗാന്ധി ക്ഷേത്രങ്ങളിൽ പോകുന്നതിനെ തെറ്റായി വ്യാഖ്യാനിക്കുന്നത് ഹിന്ദുത്വത്തെ ബി.ജെ.പിക്ക് വിട്ടു കൊടുക്കുന്നതിന് തുല്യമാണെന്നും മുരളീധരൻ പറഞ്ഞു.
അത്തരം ചർച്ചകൾ കേരളത്തിൽ ഉണ്ടാക്കുന്നത് സി.പി.എം ആണ്. ന്യൂനപക്ഷ പ്രീണനം, മൃദുഹിന്ദുത്വം എന്നീ വാക്കുകൾ യാഥാർഥ്യങ്ങൾക്ക് നിരക്കാത്തതാണ്. മൃദുഹിന്ദുത്വം എന്ന വിമർശനം ഒരിക്കൽ പോലും മുസ് ലിം ലീഗ് നടത്തിയിട്ടില്ലെന്നും കെ. മുരളീധരൻ വ്യക്തമാക്കി.
ഇ.പി ജയരാജനെതിരായ അനധികൃത സ്വത്ത് സമ്പാദന ആരോപണങ്ങളിൽ അന്വേഷണം വേണമെന്ന് കെ. മുരളീധരൻ ആവശ്യപ്പെട്ടു. സി.പി.എമ്മിലെ തർക്കമായി ആരോപണത്തെ കാണാൻ സാധിക്കില്ല. ജയരാജൻ മന്ത്രിസ്ഥാനം ദുരുപയോഗം ചെയ്തെന്നും മുരളീധരൻ ആരോപിച്ചു.
വിശ്വാസികൾ അമ്പലത്തില്‍ പോയാലും തിലകക്കുറി ചാര്‍ത്തിയാലും മൃദുഹിന്ദുത്വമെന്ന് വിശേഷിപ്പിച്ചാൽ അതു നരേന്ദ്ര മോദിയെ സഹായിക്കുന്നതായിരിക്കുമെന്നാണ് എ.കെ. ആന്റണി പറഞ്ഞത്. കോണ്‍ഗ്രസിന്റെ 138-ാം സ്ഥാപക ദിനാഘോഷം കെ.പി.സി.സി ആസ്ഥാനത്ത് ഉദ്ഘാടനം ചെയ്യവെയാണ് ആന്‍റണിയുടെ പരാമർശം. ഭൂരിപക്ഷ, ന്യൂനപക്ഷ സമുദായങ്ങളെ ഒപ്പം നിര്‍ത്തിയെങ്കില്‍ മാത്രമേ വരുന്ന തെരഞ്ഞെടുപ്പില്‍ മോദിയെ അധികാരത്തില്‍ നിന്ന് താഴെയിറക്കാന്‍ കഴിയുകയുള്ളൂവെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.
ബി.ജെ.പി വീണ്ടും അധികാരത്തിലെത്തിയാല്‍ ഭരണഘടന തന്നെ ഇല്ലാതാക്കുകയും രാജ്യത്തിന്റെ അഖണ്ഡതയും ബഹുസ്വരതയും തകര്‍ക്കുകയും ചെയ്യും. മതത്തിന്റെ പേരില്‍ ജനങ്ങളെ ഭിന്നിപ്പിച്ച ബ്രട്ടീഷുകാരുടെ അതേ തന്ത്രമാണ് ബി.ജെ.പിയും പയറ്റുന്നത്. ഈ ഘട്ടത്തിൽ പൈതൃകം മാത്രം പറഞ്ഞ് കോൺഗ്രസിന് മുന്നോട്ടുപോയിട്ട് കാര്യമില്ല. സമൂഹത്തിലെ വിവിധ വിഭാഗങ്ങളിലെ ജനങ്ങളുടെ സ്വപ്നങ്ങൾ യാഥാർഥ്യവത്കരിക്കുന്ന വിധം പാർട്ടി മാറണമെന്നും ആന്റണി ചൂണ്ടിക്കാട്ടിയിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.