തിരുവനന്തപുരം: മത്സ്യത്തൊഴിലാളികളുമായി ചർച്ച നടത്തി പ്രശ്നങ്ങൾ പരിഹരിക്കുംവരെ താൽക്കാലികമായി വിഴിഞ്ഞം തുറമുഖ നിർമാണം നിർത്തിവെക്കണമെന്ന് കെ. മുരളീധരൻ. പൊലീസ് സ്റ്റേഷൻ ആക്രമണമുൾപ്പെടെയുള്ള സംഭവങ്ങളോട് യോജിപ്പില്ല. തെറ്റുകാരെ അറസ്റ്റ് ചെയ്യാം. പക്ഷേ, അതിന്‍റെ പേരിൽ ഒരു സമൂഹത്തെ മുഴുവൻ തെറ്റുകാരാക്കാൻ ശ്രമിച്ചാൽ അനുവദിക്കില്ലെന്നും അദ്ദേഹം വാർത്തസമ്മേളനത്തിൽ പറഞ്ഞു.
അദാനി പറയുന്നിടത്ത് ഒപ്പിട്ടുനൽകുന്ന സ്ഥിതിയിലാണ് സംസ്ഥാന സർക്കാർ. യു.ഡി.എഫ് ഭരണകാലത്ത് വിഴിഞ്ഞം തുറമുഖ നിർമാണത്തിന് തറക്കല്ലിടുമ്പോൾ ജനം സ്നേഹത്തോടെയാണ് സ്വീകരിച്ചത്. തൊഴിൽ നഷ്ടമാകുന്നവർക്കുള്ള പാക്കേജ് ഉൾപ്പെടെ പ്രഖ്യാപിച്ചാണ് അന്ന് സർക്കാർ മുന്നോട്ടുപോയത്. ഇടതു സർക്കാറിനും കരാർ ഏറ്റെടുത്ത അദാനിക്കും വാക്കുപാലിക്കാനായില്ല. ഇതോടെയാണ് ക്ഷമ നഷ്ടമായ മത്സ്യത്തൊഴിലാളികൾ സമരം തുടങ്ങിയത്.
എന്നാൽ, വികസനത്തിനെതിരെ ഒരു സമുദായം നടത്തുന്ന സമരമായി സർക്കാർ അതിനെ വരുത്തിത്തീർത്തു. ഗുജറാത്തിൽ മോദി നടത്തുന്ന അതേ വിഭജന തന്ത്രമാണ് ഇടതു സർക്കാർ വിഴിഞ്ഞത്തും സ്വീകരിച്ചത്. മത്സ്യത്തൊഴിലാളികളുടെ ആശങ്ക പൂർണമായി പരിഹരിച്ചശേഷമേ ഇനി പദ്ധതിയുമായി മുന്നോട്ടുപോകാവൂ. പ്രശ്നം പരിഹരിക്കാൻ മുഖ്യമന്ത്രി യോഗം വിളിച്ച് ചർച്ച നടത്തണം.
സമരത്തിന്‍റെ പേരിൽ ആർച്ച് ബിഷപ്പിനെതിരെ കേസെടുത്തത് അംഗീകരിക്കാനാകില്ല. അദാനിക്കുണ്ടായ 200 കോടി നഷ്ടം മത്സ്യത്തൊഴിലാളികളിൽ നിന്ന് ഈടാക്കാനുള്ള ശ്രമം പിച്ചച്ചട്ടിയിൽ കൈയിട്ട് വാരലാണ്. മത്സ്യത്തൊഴിലാളികളെ കേസിൽപെടുത്തി ദ്രോഹിച്ചാൽ കോൺഗ്രസ് കൈയുംകെട്ടി നിൽക്കില്ലെന്നും അദ്ദേഹം പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.