തിരുവനന്തപുരം: സിൽവർ ലൈൻ പദ്ധതി വിഷയത്തിൽ ജനങ്ങളിലേക്കിറങ്ങി വിപുല പ്രചാരണം നടത്താൻ എൽ.ഡി.എഫ്. സർക്കാറിെൻറ വലിയ വികസനപദ്ധതിയായ കെ-റെയിലിനെ അട്ടിമറിക്കാൻ ജനങ്ങളിൽ തെറ്റിദ്ധാരണ പരത്തി ഗൂഢാലോചന നടത്തുകയാണെന്ന് മുന്നണി കൺവീനർ എ. വിജയരാഘവൻ വാർത്തസമ്മേളനത്തിൽ പറഞ്ഞു.
ജനങ്ങളിൽ പരിഭ്രാന്തി ഉണ്ടാക്കുന്ന പ്രചാരണം നടത്തി സംഘർഷഭരിതമായ അന്തരീക്ഷമുണ്ടാക്കി അതിര് കല്ല് പിഴുത് കളയുകയാണ്. എൽ.ഡി.എഫിെൻറ വികസനപദ്ധതി അനുവദിക്കില്ലെന്ന നിലപാടാണ് യു.ഡി.എഫിന്. ജനപിന്തുണയുള്ള സർക്കാറാണിത്. അതിനാലാണ് ജനങ്ങൾക്കിടയിൽ ഇറങ്ങി വിപുല പ്രചാരണത്തിന് തീരുമാനിച്ചത്. ഇതിെൻറ ഭാഗമായ ആദ്യ സംസ്ഥാനതല പ്രചാരണയോഗം ഏപ്രിൽ 19ന് തിരുവനന്തപുരത്ത് മുഖ്യമന്ത്രിയും എൽ.ഡി.എഫ് നേതാക്കളും പങ്കെടുത്ത് നടക്കും. ശേഷം എല്ലാ ജില്ല കേന്ദ്രങ്ങളിലും എൽ.ഡി.എഫ് പ്രചാരണ പരിപാടി നടത്തും. തുടർന്ന് ഗൃഹ സമ്പർക്ക പരിപാടി. വികസന യജ്ഞത്തിൽ തദ്ദേശ സ്ഥാപനങ്ങളെയും ജനപ്രതിനിധികളെയും അണിനിരത്തി ജനപിന്തുണ ലഭ്യമാക്കാനുള്ള പരിപാടികൾ സർക്കാറിെൻറ മുൻകൈയിൽ നടത്താൻ മുന്നണി നിർദേശിച്ചു. ബി.ജെ.പിയുടെ കാപട്യവും കേന്ദ്ര സഹമന്ത്രിയുടെ നിലപാടും പ്രചാരണ വിഷയമാക്കുമെന്നും അദ്ദേഹം പറഞ്ഞു.
സിൽവർ ലൈനിെൻറ സാമൂഹികാഘാത പഠനത്തിെൻറ ഭാഗമായി ഇടുന്ന കല്ല് പിഴുതെറിയുന്ന പ്രതിപക്ഷ നേതാവിെൻറ നടപടി രോഗമാണ്. നാട്ടുകാരുടെ ചെലവിൽ ടി.വിയിൽ സംസാരിക്കുകയാണ് യു.ഡി.എഫും ബി.ജെ.പിയും. രാഷ്ട്രീയമായി സമരം ചെയ്യുന്നവർക്ക് എന്തുപറഞ്ഞാലും ബോധ്യപ്പെടില്ല. കല്ലിടുന്നത് ഒഴിവാക്കിക്കൂടെയെന്ന ചോദ്യത്തിന് ഇവിടെ കല്ലാണോ പ്രതിയെന്ന് പറഞ്ഞ വിജയരാഘവൻ, കല്ല് മാറ്റി ഒരു കമ്പ് വെച്ചാലും വി.ഡി. സതീശൻ സമ്മതിക്കുമോയെന്ന് ചോദിച്ചു. പെട്രോളിയം ഉൽപന്നങ്ങളുടെയും നിത്യോപയോഗ സാധനങ്ങളുടെയും വിലവർധനക്കിടയാക്കിയ കേന്ദ്ര നിലപാടിൽ പ്രതിഷേധിച്ച് വിപുലമായ പരിപാടി പ്രാദേശിക അടിസ്ഥാനത്തിൽ നടത്തും. ഏപ്രിൽ 21ന് നിയോജക മണ്ഡലം കേന്ദ്രീകരിച്ച് പൊതുപരിപാടി സംഘടിപ്പിക്കുമെന്നും അദ്ദേഹം പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.