കെ. റെയിൽ: വെടിവെപ്പുണ്ടാക്കാനാണ് കോൺഗ്രസ് ശ്രമം, ജനങ്ങളുമായി യുദ്ധത്തിനില്ലെന്ന് കോടിയേരി

തിരുവനന്തപുരം: കെ. റെയിലിനെതിരായ സമരത്തെ രാഷ്ട്രീയമായി നേരിടുമെന്ന് സി.പി.എം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണൻ. ജനങ്ങളുമായി യുദ്ധത്തിനില്ലെന്നും കേരളത്തില്‍ നന്ദിഗ്രാം സൃഷ്ടിക്കാനാണ് പ്രതിപക്ഷ ശ്രമമെന്നും കോടിയേരി ആരോപിച്ചു.

വെടിവെപ്പുണ്ടാക്കാനാണ് കോൺഗ്രസ് ശ്രമിക്കുന്നതെന്നും അത് കേരളത്തിൽ നടക്കില്ലെന്നും കോടിയേരി പറഞ്ഞു. യു.ഡി.എഫും ബി.ജെ.പിയും ഒന്നിച്ചു ചേർന്ന് പ്രശ്നങ്ങളുണ്ടാക്കുന്നു. എൽ.ഡി.എഫിനെ സമരം ചെയ്ത് തോൽപിക്കാനാകില്ലെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.

കുഞ്ഞുങ്ങളെ സമരരംഗത്ത് കൊണ്ടു പോകുന്നത് ബോധപൂർവമാണ്. പൊലീസിനെ അങ്ങോട്ട് ആക്രമിച്ചാൽ പ്രശ്നമുണ്ടാകും. കെ. റെയിൽ ഇരകളുമായി ചർച്ചക്ക് തയാറാണെന്നും കോടിയേരി വ്യക്തമാക്കി.

കേന്ദ്ര സർക്കാരിൽ നിന്നും ന്യായമായ പരിഗണന സംസ്ഥാനത്തിന് കിട്ടുന്നില്ല. സഹായം കുറയുകയാണ്. സർക്കാർ ഫണ്ട് കൊണ്ടു മാത്രം പശ്ചാത്തല സൗകര്യ വികസനം നടക്കില്ല. പുതിയ വരുമാനം വേണം. സ്വകാര്യ മൂലധനത്തെയും ആശ്രയിക്കണം. നാടിന്‍റെ താൽപര്യം ഹനിക്കാത്ത വായ്പകൾ സ്വീകരിക്കും. എന്നാൽ, നിബന്ധനകൾ പരിശോധിക്കണമെന്നും കോടിയേരി ചൂണ്ടിക്കാട്ടി.

രാജ്യസഭാ സീറ്റ് സി.പി.ഐ വില പേശി വാങ്ങിയെന്ന വാർത്ത ശരിയല്ലെന്ന് കോടിയേരി പറഞ്ഞു. സി.പി.ഐ വില പേശുന്ന പാർട്ടിയല്ല. എൽ.ഡി.എഫ് തീരുമാനമനുസരിച്ചാണ് സീറ്റ് വിഭജനമെന്നും കോടിയേരി ബാലകൃഷ്ണൻ വാർത്താസമ്മേളനത്തിൽ വ്യക്തമാക്കി. 

Tags:    
News Summary - K. Rail: No war with the people -Kodiyeri

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.