തിരുവനന്തപുരം: കെ റെയിൽ പദ്ധതിക്കായുള്ള സാമൂഹികാഘാത പഠനം നീട്ടണമെന്ന് ആവശ്യപ്പെട്ട് സർക്കാറിന് സർവേ ഏജൻസി കത്തയച്ചു. നേരത്തെ നിശ്ചയിച്ച സമയത്തിനുള്ളിൽ സർവേ പൂർത്തിയാക്കാനാകില്ലെന്ന് കത്തിൽ പറയുന്നു.
കല്ലിടൽ പൂർത്തിയായാൽ നാല് ജില്ലകളിൽ മെയ് പകുതിയോടെ പഠനം തീർക്കാമെന്നും കേരള വൊളന്ററി ഹെൽത്ത് സർവിസ് അറിയിച്ചു. തിരുവനന്തപുരം, കൊല്ലം, കണ്ണൂർ, കാസർകോട്, തൃശൂർ എന്നീ ജില്ലകളിൽ സാമൂഹികാഘാത പഠനം നടത്താനുള്ള ചുമതലയായിരുന്നു കേരള വൊളന്ററി ഹെൽത്ത് സർവിസിന് നൽകിയിരുന്നത്. ഇതിൽ തൃശൂർ ഒഴികെയുള്ള നാല് ജില്ലകളിലെ സാമൂഹികാഘാത പഠനത്തിന് സമയം നീട്ടി നൽകണമെന്ന് ആവശ്യപ്പെട്ടാണ് കത്ത് നൽകിയത്.
മുമ്പ് നൽകിയ ഉത്തരവ് പ്രകാരം ഏപ്രിൽ ആദ്യവാരം പഠനം പൂർത്തിയാക്കണം. എന്നാൽ, ഇത് പൂർത്തിയാക്കാൻ സാധിക്കാത്ത സാഹചര്യത്തിലാണ് കൂടുതൽ സമയം ചോദിച്ചിരിക്കുന്നത്. കൂടാതെ, മറ്റ് പല ഏജൻസികളും സമാന ആവശ്യവുമായി രംഗത്തെത്തിയിട്ടുണ്ട്. കടുത്ത പ്രതിഷേധം ഉയരുന്ന സാഹചര്യത്തിൽ പല ജില്ലകളിലും സർവേ നടപടികൾ ആരംഭിക്കാൻ പോലും സാധിച്ചിട്ടില്ല.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.