കോഴിക്കോട്: കെ - റെയിൽ പദ്ധതിക്കെതിരെ ജില്ല സമ്മേളനത്തിൽ പ്രതിനിധികൾ വിമർശനം ഉന്നയിക്കാതിരിക്കാൻ ഒരു മുഴം മുമ്പേ എറിഞ്ഞ് സി.പി.എം ജില്ല നേതൃത്വം. ജില്ല സെക്രട്ടറി പി. മോഹനൻ റിപ്പോർട്ട് അവതരിപ്പിച്ചതിനു പിന്നാലെ കെ– റെയിലിനായി സമ്മേളനം പ്രമേയം പാസാക്കുകയായിരുന്നു. സംസ്ഥാന നേതൃത്വം മുൻകൂട്ടി നിർദേശിച്ച പ്രകാരമാണ് പ്രമേയം ആദ്യമേ അവതരിപ്പിച്ച് പാസാക്കിയത്.
ഇതിന് ശേഷം വിഷയത്തിൽ ആരെങ്കിലും വിമർശനമുന്നയിച്ചാൽ അത് താനേ അപ്രസക്തമാവുകയും ചെയ്യും.കെ– റെയിൽ വിരുദ്ധ സമരത്തിന്റെ പ്രധാന തട്ടകങ്ങളിലൊന്നാണ് ജില്ലയിലെ കാട്ടിലപീടിക. തുടക്കത്തിലേ സമരം നടക്കുന്ന ഇവിടെയെത്തി സാമൂഹിക, സാംസ്കാരിക സംഘടനകൾ പിന്തുണ നൽകുന്നുണ്ട്. ഇക്കാര്യം കൊയിലാണ്ടി ഏരിയ സമ്മേളനത്തിലടക്കം പ്രതിനിധികൾ ഉന്നയിച്ചിരുന്നു.
സംസ്ഥാനസർക്കാറിന്റെ വികസനപദ്ധതികൾക്കെതിരായി ബി.ജെ.പി, യു.ഡി.എഫ്, ജമാഅത്തെ ഇസ്ലാമി കൂട്ടുകെട്ട് നടത്തുന്ന നുണപ്രചാരണങ്ങൾക്കെതിരെ രംഗത്തിറങ്ങണമെന്ന് പ്രമേയത്തിലൂടെ അഭ്യർഥിച്ചു. എല്ലാ വികസനപദ്ധതികളെയും സംബന്ധിച്ച് വിവാദമുണ്ടാക്കുകയും ജനങ്ങളിൽ ആശയക്കുഴപ്പം സൃഷ്ടിക്കുകയുമാണ്.
ഇതിന് ഒരുവിഭാഗം കുത്തകമാധ്യമങ്ങളുടെ സഹായവുമുണ്ട്. അതേസമയം, കെ -റെയിലുമായി ബന്ധപ്പെട്ട ആശങ്കകൾ ദൂരീകരിക്കണമെന്ന് സമ്മേളനത്തിൽ പ്രതിനിധികൾ ആവശ്യപ്പെട്ടിട്ടുണ്ട്.
കോഴിക്കോട്: ജില്ലയിൽ പാർട്ടിക്ക് സംഘടനാപരമായി ഏറെ നേട്ടങ്ങളുണ്ടായെന്നും പൊതുസമൂഹത്തിൽ സ്വീകാര്യത കൂടിയെന്നും സി.പി.എം ജില്ല സമ്മേളനത്തിലെ പ്രവർത്തന റിപ്പോർട്ട്. നിപയും പ്രളയവും കോവിഡും പിടിമുറുക്കിയപ്പോൾ ചടുലതയോടെ പാർട്ടി പ്രവർത്തിച്ചതായി ജില്ല സെക്രട്ടറി പി. മോഹനൻ അവതരിപ്പിച്ച റിപ്പോർട്ടിൽ പറയുന്നു. പൗരത്വപ്രക്ഷോഭത്തിലടക്കം അതിവിപുലമായ ഇടപെടലുകൾ നടത്താനായി. കേന്ദ്രത്തിനെതിരായ പ്രക്ഷോഭങ്ങളിൽ വലിയ പങ്കാളിത്തമുണ്ടായി. പാർലമെന്റ് തെരഞ്ഞെടുപ്പിലെ തോൽവി അതിജീവിക്കാൻ തദ്ദേശസ്വയംഭരണ തെരഞ്ഞെടുപ്പിലും നിയമസഭ തെരഞ്ഞെടുപ്പിലും കഴിഞ്ഞു. സമ്മേളനകാലയളവിൽ 174 വീടുകൾ പാർട്ടി നിർമിച്ചുനൽകി. ആകെ 202 വീടുകൾ നിർമിക്കും.
നാല് വർഷത്തിനിടെ യുവജനങ്ങൾ ആവേശത്തോടെ പാർട്ടിയുടെ ഭാഗമായതായി പ്രവർത്തന റിപ്പോർട്ടിൽ പറയുന്നു. 25 വയസ്സിന് താഴെയുള്ള 4036 പാർട്ടി അംഗങ്ങൾ ജില്ലയിലുണ്ട്. ഈ പ്രായവിഭാഗത്തിലുള്ളവരുടെ എണ്ണം കൂട്ടാൻ ഇടപെടൽ നടത്തുമെന്ന് പി. മോഹനൻ പറഞ്ഞു. 947 ബ്രാഞ്ച് സെക്രട്ടറിമാർ 40 വയസ്സിന് താഴെയുള്ളവരാണ്. 2018ലെ സമ്മേളനസമയത്ത് 6606 വനിത അംഗങ്ങളായിരുന്നു. നിലവിൽ 11,155 ആയി ഉയർന്നു. 357 ബ്രാഞ്ചുകളെ നയിക്കുന്നത് വനിതകളാണ്. അഞ്ച് ലോക്കൽ കമ്മിറ്റികളുടെ സെക്രട്ടറിമാരും സ്ത്രീകളാണ്. പട്ടികജാതി വിഭാഗത്തിലെ അംഗങ്ങളിലും വൻ വർധനവുണ്ടായി. 4301ൽനിന്ന് 6081 ആയി ഉയർന്നു. 201 ലോക്കൽ കമ്മിറ്റികൾ 267 ആയി. ജില്ലയിലെ ഏരിയ കമ്മിറ്റികൾ വിഭജിക്കുന്നത് പിന്നീട് സംസ്ഥാന കമ്മിറ്റിയുടെ നിർദേശാനുസരണമായിരിക്കുമെന്ന് പി. മോഹനൻ പറഞ്ഞു.
ഇടുക്കി പൈനാവ് ഗവ. എൻജിനീയറിങ് കോളജിലെ എസ്.എഫ്.ഐ പ്രവർത്തകനായ ധീരജിന്റെ കൊലപാതകത്തിൽ സമ്മേളനം ദുഃഖവും പ്രതിഷേധവും രേഖപ്പെടുത്തി. സമാധാനാന്തരീക്ഷം തകർക്കാനുള്ള ആസൂത്രിത നീക്കങ്ങളുടെ ഭാഗമാണ് സംഭവമെന്ന് കരുതേണ്ടിയിരിക്കുന്നുവെന്ന് സമ്മേളനം അംഗീകരിച്ച പ്രമേയത്തിൽ അഭിപ്രായപ്പെട്ടു.
കോഴിക്കോട്: സി.പി.എം 23ാം പാർട്ടി കോൺഗ്രസിന് മുന്നോടിയായുള്ള ജില്ല സമ്മേളനത്തിന് ആവേശ്വോജ്ജ്വല തുടക്കം. മുൻ സെക്രട്ടറി എം. കേളപ്പൻ നഗറിൽ (ഭട്ട്റോഡ് ബീച്ച് സമുദ്ര ഹാൾ) സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷണൻ പ്രതിനിധി സമ്മേളനം ഉദ്ഘാടനം ചെയ്തു. ജില്ല സെക്രട്ടേറിയറ്റ് അംഗം ജോർജ് എം. തോമസ് താൽക്കാലിക അധ്യക്ഷനായിരുന്നു. ജില്ലയിലെ മുതിർന്ന നേതാവ് എ.കെ. പത്മനാഭൻ പതാക ഉയർത്തി. നേതാക്കൾ രക്തസാക്ഷി മണ്ഡപത്തിൽ പുഷ്പാർച്ചന നടത്തി.
ജില്ല സെക്രേട്ടറിയറ്റ് അംഗങ്ങളായ കെ. കുഞ്ഞമ്മദ് രക്തസാക്ഷി പ്രമേയവും പി. വിശ്വൻ അനുശോചന പ്രമേയവും അവതരിപ്പിച്ചു. ജോർജ് എം. തോമസ്, എം. മെഹബൂബ്, കെ.കെ. ദിനേശൻ, കെ.വി. ലേഖ, കെ.എം. സച്ചിൻദേവ് എം.എൽ.എ എന്നിവരടങ്ങിയ പ്രസീഡിയമാണ് സമ്മേളനം നിയന്ത്രിക്കുന്നത്. കേന്ദ്ര കമ്മിറ്റി അംഗങ്ങായ എ. വിജയരാഘവൻ, ഇ.പി. ജയരാജൻ, പി.കെ. ശ്രീമതി, എളമരം കരീം എം.പി, എ.കെ. ബാലൻ, സംസ്ഥാന സെക്രട്ടേറിയറ്റ് അംഗം ടി.പി. രാമകൃഷ്ണൻ, സംസ്ഥാന കമ്മിറ്റി അംഗങ്ങളായ മന്ത്രി പി.എ. മുഹമ്മദ്റിയാസ്, പി. സതീദേവി, എ. പ്രദീപ്കുമാർ, ജില്ല സെക്രട്ടറിമാരായ എം.വി. ജയരാജൻ (കണ്ണൂർ), പി. ഗഗാറിൻ (വയനാട്), ഇ.എൻ. മോഹൻദാസ് (മലപ്പുറം), ചലച്ചിത്ര അക്കാദമി ചെയർമാൻ രഞ്ജിത്ത്, മേയർ ഡോ. ബീനാഫിലിപ്പ്, കെ.പി. രാമനുണ്ണി, പി.ടി.എ. റഹീം എം.എൽ.എ, കെ.പി. അനിൽകുമാർ, വായോളി മുഹമ്മദ് എന്നിവർ ഉദ്ഘാടന ചടങ്ങിൽ പങ്കെടുത്തു.
കേളു ഏട്ടൻ പഠനഗവേഷണ കേന്ദ്രം തയാറാക്കിയ 'കമ്യൂണിസ്റ്റുകാരും ദേശീയ സ്വാതന്ത്ര്യസമരവും' സ്മരണിക കോടിയേരി ബാലകൃഷ്ണൻ കെ.പി. അനിൽകുമാറിന് നൽകി പ്രകാശനം ചെയ്തു. തോട്ടത്തിൽ രവീന്ദ്രൻ എം.എൽ.എ സ്വാഗതം പറഞ്ഞു. പോളിറ്റ് ബ്യൂറോ അംഗംകൂടിയായ മുഖ്യമന്ത്രി പിണറായി വിജയനും സമ്മേളനത്തിൽ പങ്കെടുക്കുന്നുണ്ട്. ജില്ല സെക്രട്ടറി പി. മോഹനൻ അവതരിപ്പിച്ച പ്രവർത്തന റിപ്പോർട്ടിൻമേൽ തുടങ്ങിയ ചർച്ച ചൊവ്വാഴ്ച വൈകീട്ടോടെ പൂർത്തിയാവും.
തുടർന്ന് ജില്ല സെക്രട്ടറിയും സംസ്ഥാന നേതാക്കളും മറുപടി നൽകും. 12ന് രാവിലെ പത്തിന് പുതിയ ജില്ല കമ്മിറ്റി അംഗങ്ങളെയും 38 സംസ്ഥാന സമ്മേളന പ്രതിനിധികളെയും തെരഞ്ഞെടുക്കും. പുതിയ ജില്ല സെക്രട്ടറി ഭാവിപരിപാടികൾ അവതരിപ്പിക്കും. വൈകീട്ട് നാലിന് കടപ്പുറം ഫ്രീഡം സ്ക്വയറിൽ നടക്കുന്ന പൊതുസമ്മേളനം മുഖ്യമന്ത്രി പിണറായി വിജയൻ ഉദ്ഘാടനം ചെയ്യും. കടപ്പുറത്തും വെർച്വൽ പ്ലാറ്റ്ഫോമിലുമായി രണ്ടരലക്ഷത്തോളംപേരാണ് പൊതുസമ്മേളനത്തിെൻറ ഭാഗമാവുക. പാർട്ടിയുടെ 16 ഏരിയകളിൽനിന്ന് തെരഞ്ഞെടുത്ത 208 പേരും ജില്ല കമ്മിറ്റി അംഗങ്ങളായ 42 പേരും ഉൾപ്പെടെ 250 പ്രതിനിധികളാണ് സമ്മേളനത്തിൽ പങ്കെടുക്കുന്നത്.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.