വ്യക്തിപൂജ കമ്മ്യൂണിസ്റ്റ് രീതിയല്ല; എം.ടിയുടെ വാക്കുകൾ മുന്നറിയിപ്പ് -സച്ചിദാനന്ദൻ

വിമർശിച്ച സംഭവത്തിൽ പ്രതികരണവുമായി കെ. സച്ചിദാനന്ദൻ. എം.ടി പറഞ്ഞതിൽ കമ്മ്യൂണിസ്റ്റ് പാർട്ടിക്കുള്ള മുന്നറിയിപ്പുണ്ടെന്നും വ്യക്തിപൂജ കമ്മ്യൂണിസ്റ്റ് രീതിയല്ലെന്നുമായിരുന്നു സച്ചിദാനന്ദന്റെ അഭിപ്രായം. വ്യക്തിപൂജക്ക് വിധേയരാകുന്ന നേതാക്കൾ അത് വേണ്ടെന്ന് പറയണം. കേവലം ഒരു വ്യക്തിക്ക് എതിരെയാണ് എം.ടി പറഞ്ഞത് എന്ന് തോന്നിയിട്ടില്ല. അത്തരത്തിലുള്ള വ്യാഖ്യാനങ്ങൾ വരുന്നുണ്ട്. കമ്മ്യൂണിസം അതിന്റെ മൂല്യങ്ങളിൽ നിന്ന് മാറുന്നുണ്ടോ എന്ന ചോദ്യം പൊതുവെ ഉയരുന്നുണ്ട്. കമ്മ്യൂണിസം തകരാതിരിക്കണമെങ്കിൽ അമിതാധികാരം പ്രയോഗിക്കാതിരിക്കുകയും ജനാധിപത്യ മൂല്യങ്ങൾ സ്വീകരിക്കാൻ നേതാക്കൾ തയാറാകണമെന്നും സച്ചിദാനന്ദൻ അഭിപ്രായപ്പെട്ടു. ആൾക്കൂട്ടത്തെ സമൂഹമാക്കി മാറ്റാൻ രാഷ്ട്രീയ പാർട്ടികൾക്ക് കഴിയണം. എല്ലാ രാഷ്ട്രീയ പാർട്ടികളും എം.ടിയുടെ വാക്കുകളിൽ നിന്ന് പാഠമുൾക്കൊള്ളണം. വ്യക്തി പൂജ എന്നത് ചിലപ്പോൾ ആ വ്യക്തി ആഗ്രഹിക്കുന്നുണ്ടാകില്ല. സമൂഹം ആ പരിവേഷം നൽകുന്നതായിരിക്കും. എന്നാൽ അത് പാടില്ല എന്ന് പറയാൻ നേതാക്കൾ തയാറാകണമെന്നും സച്ചിദാനന്ദൻ ആവശ്യപ്പെട്ടു.

കെ.എൽ.എഫ് വേദിയിലെ എം.ടിയുടെ വാക്കുകൾ ഏറെ ചർച്ചയായിരുന്നു. ആദ്യ കമ്യൂണിസ്റ്റ് സര്‍ക്കാര്‍ അധികാരത്തില്‍ വന്നതോടെ ലക്ഷ്യം നേടി എന്ന അലംഭാവത്തില്‍ എത്തിപ്പെട്ടവരുണ്ടാവാം. അത് ഒരാരംഭമാണെന്നും ജാഥ നയിച്ചും മൈതാനങ്ങളില്‍ ഇരമ്പിക്കൂടിയും വോട്ടുപെട്ടികള്‍ നിറച്ചും സഹായിച്ച ആള്‍ക്കൂട്ടത്തെ ഉത്തരവാദിത്തമുള്ള സമൂഹമാക്കി മാറ്റാനുള്ള മഹാപ്രസ്ഥാനത്തിന്റെ തുടക്കം മാത്രമാണ് അധികാരത്തിന്റെ അവസരം എന്നും വിശ്വസിച്ചതു കൊണ്ടാണ് ഇ.എം.എസ്. സമാരാധ്യനും മഹാനായ നേതാവുമാകുന്നത്. നയിക്കാന്‍ ഏതാനും പേരും നയിക്കപ്പെടാന്‍ അനേകരും എന്ന പഴയ സങ്കല്‍പത്തെ മാറ്റിയെടുക്കാനാണ് ഇ.എം.എസ്. എന്നും ശ്രമിച്ചത്. നേതൃത്വ പൂജകളിലൊന്നും അദ്ദേഹത്തെ കാണാതിരുന്നതും അതുകൊണ്ട് തന്നെ -എന്നിങ്ങനെയായിരുന്നു എം.ടിയുടെ വാക്കുകൾ.

Tags:    
News Summary - K Satchidanandan responded to the criticisms of M.T

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.