ബോട്ട് ദുരന്തം: ടൂറിസം വകുപ്പും മന്ത്രിയുമാണ് ഉത്തരവാദികൾ -കെ. സുധാകരൻ

തിരുവനന്തപുരം: യാദൃശ്ചികമായി സംഭവിച്ച അപകടം എന്ന നിലയിലല്ല താനൂരിലെ ബോട്ട് ദുരന്തത്തെ കാണേണ്ടതെന്ന് കെ.പി.സി.സി പ്രസിഡന്‍റ് കെ. സുധാകരൻ. ബന്ധപ്പെട്ട വകുപ്പുകളുടെ ഗുരുതരമായ അശ്രദ്ധയും അലംഭാവവും ഈ ദാരുണ സംഭവത്തിലേക്ക് വഴി തെളിച്ചിട്ടുണ്ടെന്ന് അദ്ദേഹം പ്രസ്താവനയിൽ കുറ്റപ്പെടുത്തി. ടൂറിസം വകുപ്പും ടൂറിസം മന്ത്രിയും ആണ് ഇതിന്‍റെ പ്രധാന ഉത്തരവാദികളെന്നും അദ്ദേഹം പറഞ്ഞു.

സംസ്ഥാനത്തുടനീളം ബീച്ചുകളിൽ സാഹസിക ബോട്ട് യാത്രകൾ നടക്കുന്നുണ്ട്. യാതൊരുവിധ സുരക്ഷാ മാനദണ്ഡങ്ങളും പാലിക്കാതെയാണ് ഭരണകൂട ഒത്താശയോടു കൂടി ഇത്തരം വിനോദങ്ങൾ നടത്തപ്പെടുന്നത്. ഭരണകൂടം ‘സ്പോൺസർ ചെയ്ത കൂട്ടക്കൊല’യ്ക്ക് തുല്യമാണ് ഇന്നലെ നടന്ന ബോട്ടപകടത്തിലെ ദാരുണ മരണങ്ങൾ. ടൂറിസം വകുപ്പും ടൂറിസം മന്ത്രിയും ആണ് ഇതിന്‍റെ പ്രധാന ഉത്തരവാദികൾ. എന്തു മാനദണ്ഡപ്രകാരമാണ് ഫിറ്റ്നസ് ഇല്ലാത്ത ഇത്തരം ബോട്ടുകൾ ജനങ്ങളുടെ ജീവൻ പന്താടിക്കൊണ്ട് യാത്രകൾ നടത്തുന്നതെന്ന് ടൂറിസം വകുപ്പ് വ്യക്തമാക്കണം -സുധാകരൻ ആവശ്യപ്പെട്ടു.

രാഷ്ട്രീയ ധാർമികത എന്നത് സി.പി.എമ്മിന്‍റെ ഏഴയലത്ത് കൂടി പോയിട്ടില്ലാത്തതുകൊണ്ട് ഈ ദുരന്തത്തിൽ ടൂറിസം മന്ത്രിയുടെ രാജി ഒന്നും പൊതുസമൂഹം പ്രതീക്ഷിക്കുന്നില്ല. പക്ഷേ സർക്കാർ സംവിധാനങ്ങളുടെ കെടുകാര്യസ്ഥത 22 ജീവനുകൾ എടുത്ത കാര്യം പ്രബുദ്ധ കേരളം കണ്ണു തുറന്നു കാണണം. താനൂർ ബോട്ട് അപകടത്തിൽ നിഷ്പക്ഷ അന്വേഷണം നടത്താനും ബന്ധപ്പെട്ട ഉദ്യോഗസ്ഥരുടെ ഗുരുതരമായ വീഴ്ചകളിൽ ശക്തമായ നടപടി എടുക്കുവാനും സർക്കാർ തയാറാകണം. മരിച്ചവരുടെയും പരിക്കേറ്റവരുടെയും ബന്ധുക്കൾക്ക് ഉചിതമായ നഷ്ടപരിഹാരം സർക്കാർ നൽകണമെന്നും അദ്ദേഹം പറഞ്ഞു. 

Tags:    
News Summary - K Sudhakaran about Tanur Boat Accident

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.