ഗവര്‍ണറുടെ കൈകളും ശുദ്ധമല്ല, തെറ്റുതിരുത്തി പൊതുസമൂഹത്തോട് മാപ്പ് പറയണം -കെ. സുധാകരന്‍

കണ്ണൂർ: ഇടതുസര്‍ക്കാരിന്‍റെ സ്വജനപക്ഷ നിലപാടിന് അനുകൂല നിലപാട് സ്വീകരിച്ച ഗവര്‍ണറുടെ കൈകളും ശുദ്ധമല്ലെന്ന് കെ.പി.സി.സി പ്രസിഡന്‍റ് കെ. സുധാകരന്‍ എം.പി. മുഖ്യമന്ത്രിയുടെ നിയമവിരുദ്ധ ശുപാര്‍ശകള്‍ നടപ്പിലാക്കേണ്ട വ്യക്തിയല്ല ഗവര്‍ണര്‍. തെറ്റുതിരുത്തി പൊതുസമൂഹത്തോട് മാപ്പ് പറയണം. ഇടതു സര്‍ക്കാരിനെയും മുഖ്യമന്ത്രിയേയും നിയമവിരുദ്ധ പ്രവര്‍ത്തനങ്ങളില്‍ നിന്നും പിന്തിരിപ്പിക്കാനും ഗവര്‍ണര്‍ തയ്യാറാകണം -സുധാകരൻ ആവശ്യപ്പെട്ടു.

ബി.ജെ.പിയുടെയും സി.പി.എമ്മിന്‍റെയും കൈയിലെ പാവയായി പലപ്പോഴും ഗവര്‍ണര്‍ മാറി. യു.ജി.സി മാനദണ്ഡങ്ങള്‍ക്ക് വിരുദ്ധമായി നിയമനം ലഭിച്ച വൈസ് ചാന്‍സിലര്‍മാര്‍ രാജിവെയ്ക്കണമെന്ന ഗവര്‍ണറുടെ നടപടി സ്വാഗതാര്‍ഹമാണ്. വി.സി നിയമനവുമായി ബന്ധപ്പെട്ട് കോണ്‍ഗ്രസ് ഉന്നയിച്ച ആരോപണങ്ങള്‍ ശരിയാണെന്ന് തെളിഞ്ഞു.

വ്യവസ്ഥകള്‍ ലംഘിച്ച് വി.സിമാര്‍ക്ക് നിയമനം നല്‍കിയതില്‍ ഗവര്‍ണര്‍ക്കും പങ്കുണ്ട്. കണ്ണൂര്‍, കാലടി സര്‍വകലാശാലകളിലെ വി.സി നിയമനം തെറ്റാണെന്ന് അറിഞ്ഞിട്ടും ഗവര്‍ണര്‍ സര്‍ക്കാരിന് വഴങ്ങി. സ്വന്തം ജില്ലയിലെ വി.സി നിയമനത്തില്‍ മുഖ്യമന്ത്രിയുടെ ശുപാര്‍ശ അംഗീകരിച്ച ഗവര്‍ണറുടെ നടപടി അനുചിതം തന്നെയാണ്. ഭരണഘടനാ ഉന്നതപദവിയിലിരിക്കുന്ന ഗവര്‍ണര്‍ ഒരിക്കലും ചെയ്യാന്‍ പാടില്ലാത്ത നടപടിയാണത്.

സാങ്കേതിക സര്‍വകലാശാല വി.സിയുടെ നിയമനം റദ്ദാക്കിയ സുപ്രീംകോടതി വിധി എൽ.ഡി.എഫ് സര്‍ക്കാരിനും ഗവര്‍ണര്‍ക്കുമുള്ള തിരിച്ചടിയാണ്. സ്വയംഭരണാധികാരമുള്ള സര്‍വകലാശാലകളുടെ വിശ്വാസ്യത തകര്‍ത്തതും ഉന്നതവിദ്യാഭ്യാസ രംഗത്തിന്‍റെ ഗുണമേന്മ ഇല്ലാതാക്കിയതും ഇടതുസര്‍ക്കാരാണ്. അക്കാദമിക് നിലവാരമില്ലാത്തവരെ വ്യക്തിതാല്‍പര്യം കണക്കിലെടുത്ത് നിയമനം നല്‍കിയത് അതിന്‍റെ ആഘാതം വര്‍ധിപ്പിച്ചു.

മുഖ്യമന്ത്രിയും ഗവര്‍ണറും തമ്മിലുള്ള പരസ്യ പോര് സംസ്ഥാന താല്‍പര്യത്തിനും ഫെഡറല്‍ തത്വത്തിനും ചേര്‍ന്നതല്ല.

വി.സി വിഷയത്തില്‍ പാര്‍ട്ടിയിലും മുന്നണിയിലും ഭിന്നതയില്ല. ബി.ജെ.പി അ‍ജണ്ടകള്‍ നടപ്പിലാക്കാന്‍ കേന്ദ്ര സര്‍ക്കാര്‍ ഗവര്‍ണര്‍മാരെ ഉപയോഗിക്കുന്നു എന്നത് യാഥാർഥ്യമാണ്. ബി.ജെ.പി ഭരണത്തില്‍ വന്നശേഷം വിവിധ സംസ്ഥാനങ്ങളില്‍ ഗവര്‍ണര്‍മാര്‍ ജനാധിപത്യത്തെ ഉള്ളം കൈയ്യിലിട്ട് അമ്മാനമാടുകയാണ്. അത്തരമൊരു സാഹചര്യത്തിലാണ് കെ.സി. വേണുഗോപാല്‍ വിമര്‍ശനം ഉന്നയിച്ചതെന്നും മാധ്യമപ്രവര്‍ത്തകരുടെ ചോദ്യത്തിന് മറുപടിയായി പറഞ്ഞു.

Tags:    
News Summary - k sudhakaran against governor arif mohammad khan

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.