ഒരു മുഖ്യമന്ത്രിയും പ്രതിപക്ഷ നേതാവിനെ ഇതുപോലെ അധിക്ഷേപിച്ചിട്ടില്ല, സ്പീക്കര്‍ രാഷ്ട്രീയം കളിച്ചു -കെ. സുധാകരൻ

തിരുവനന്തപുരം: നിയമസഭയുടെ ചരിത്രത്തില്‍ ഒരു മുഖ്യമന്ത്രിയും പ്രതിപക്ഷ നേതാവിനെ ഇതുപോലെ മോശമായി അധിക്ഷേപിച്ചിട്ടില്ലെന്ന് കെ.പി.സി.സി പ്രസിഡന്റ് കെ. സുധാകരന്‍ എം.പി. മുഖ്യമന്ത്രി പിണറായി വിജയന്‍ അദ്ദേഹത്തിന്റെ തരംതാണ നിലവാരം നിയമസഭയിലും കാട്ടി. മുഖത്ത് നോക്കി ചോദ്യം ചോദിക്കുന്നവരോട് മുഖ്യമന്ത്രിക്ക് വെറുപ്പാണ്. ആ അസഹിഷ്ണുതയാണ് മുഖ്യമന്ത്രി പ്രതിപക്ഷ നേതാവിനോട് കാട്ടിയത്. മുഖ്യമന്ത്രിയെ രക്ഷിക്കാന്‍ സ്പീക്കര്‍ രാഷ്ട്രീയം കളിച്ചുവെന്നും സുധാകരന്‍ ആരോപിച്ചു.

മലപ്പുറം പരാമര്‍ശത്തിന്മേല്‍ മുഖ്യമന്ത്രിക്ക് മറുപടി പറയാനില്ലാത്തിനാലാണ് അടിയന്തര പ്രമേയത്തിന് സമയം നിശ്ചയിച്ച ശേഷം സഭാനടപടികള്‍ വേഗത്തില്‍ തീര്‍ത്ത് നിയമസഭ ഇന്നത്തേക്ക് പിരിഞ്ഞ് ഒളിച്ചോടിയ സ്പീക്കറുടെ നടപടിയെന്ന് അദ്ദേഹം വിമര്‍ശിച്ചു. സ്വര്‍ണ്ണക്കടത്ത്, വിദ്വേഷ പരാമര്‍ശം ഉള്‍പ്പെടെ കേരളം ചര്‍ച്ച ചെയ്യുന്ന വിവാദ വിഷയങ്ങളില്‍ ചോദ്യം ഉന്നയിക്കാനുള്ള പ്രതിപക്ഷത്തിന്റെ ജനാധിപത്യപരമായ അവകാശമാണ് സര്‍ക്കാര്‍ നിയമസഭയില്‍ നിഷേധിച്ചത്. മലപ്പുറത്തെ മോശമായി ചിത്രീകരിക്കാനുള്ള മുഖ്യമന്ത്രിയുടെ ബോധപൂര്‍വ്വമായ ശ്രമങ്ങളെ നിയമസഭയില്‍ പ്രതിപക്ഷം ചൂണ്ടിക്കാട്ടിയപ്പോള്‍ മനപൂര്‍വ്വം പ്രശ്നം സൃഷ്ടിച്ചത് ഭരണപക്ഷമാണെന്നും സുധാകരന്‍ ചൂണ്ടിക്കാട്ടി.

സഭയില്‍ പ്രതിപക്ഷ പ്രതിഷേധം സ്വാഭാവികമാണ്. ഈ പ്രതിഷേധത്തിനിടയിലും സഭാനടപടികളുമായി മുന്നോട്ട് പോയ സ്പീക്കര്‍ ശ്രദ്ധക്ഷണിക്കലും സബ്മിഷനും തീര്‍ത്ത് പിന്നീട് ബില്ലുകള്‍ സബ്ജക്ട് കമ്മിറ്റിക്ക് വിട്ടതിനും ശേഷം അടിയന്തര പ്രമേയം എടുക്കേണ്ട സമയം ആയപ്പോഴാണ് സഭ ഇന്നത്തേയ്ക്ക് പിരിയുന്നതായി പ്രഖ്യാപിച്ചത്. ഇതില്‍ നിന്ന് തന്നെ മലപ്പുറം പരാമര്‍ശത്തില്‍ സര്‍ക്കാരിന് മറുപടി പറയാന്‍ താല്‍പ്പര്യമില്ലെന്ന് കേരളത്തിന് ബോധ്യപ്പെട്ടു -സുധാകരൻ പറഞ്ഞു. 

Tags:    
News Summary - K Sudhakaran against Pinarayi Vijayan and AN Shamseer

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.