‘ഒരായുസ് മുഴുവന്‍ പൊട്ടിച്ചിരിക്കാനുള്ള കഥാപാത്രങ്ങളെ സമ്മാനിച്ച ശേഷമാണ് ഇന്നസെന്‍റ് അരങ്ങൊഴിഞ്ഞത്’

ചലച്ചിത്ര നടനും മുന്‍ എം.പിയുമായിരുന്ന ഇന്നസെന്‍റിന്‍റെ നിര്യാണത്തില്‍ അനുശോചിച്ച് കെ.പി.സി.സി അധ്യക്ഷൻ കെ. സുധാകരന്‍ എംപിയും എ.ഐ.സി.സി ജനറൽ സെക്രട്ടറി കെ.സി വേണുഗോപാൽ എം.പിയും. ഒരായുസ് മുഴുവന്‍ മലയാളികള്‍ക്ക് പൊട്ടിച്ചിരിക്കാനുള്ള നിരവധി കഥാപാത്രങ്ങളെ മലയാളികള്‍ക്ക് സമ്മാനിച്ച ശേഷമാണ് ഇന്നസെന്‍റ് ശേഷം അരങ്ങൊഴിഞ്ഞതെന്ന് കെ. സുധാകരന്‍ പറഞ്ഞു.

ചിരിപ്പിച്ചും ചിന്തിപ്പിച്ചും അഞ്ചു പതിറ്റാണ്ടുകാലം മലയാള സിനമയിലെ നിറസാന്നിധ്യമായിരുന്നു അദ്ദേഹം. തൃശ്ശൂര്‍ ശൈലിയിലുള്ള സംഭാഷണം അദ്ദേഹത്തെ കൂടുതല്‍ ശ്രദ്ധേയനാക്കി. മുഖഭാവം കൊണ്ടും ശരീരഭാഷ കൊണ്ടും അദ്ദേഹം കേരളക്കരയിലെ മലയാളി പ്രേക്ഷകരെ രസിപ്പിച്ചു. ഒരായുസ് മുഴുവന്‍ മലയാളികള്‍ക്ക് പൊട്ടിച്ചിരിക്കാനുള്ള നിരവധി കഥാപാത്രങ്ങളെ മലയാളികള്‍ക്ക് സമ്മാനിച്ച ശേഷമാണ് അദ്ദേഹം അരങ്ങൊഴിഞ്ഞത്. ഹാസ്യനടനായും വില്ലനായും സ്വഭാവനടനായും ചലചിത്ര മേഖലയിലെ വ്യത്യസ്ത മേഖലകളില്‍ വ്യക്തിമുദ്ര പതിപ്പിക്കാന്‍ അദ്ദേഹത്തിന് കഴിഞ്ഞു. ഹാസ്യ സാമ്രാട്ടായിരുന്ന അദ്ദേഹത്തിന്‍റെ വിയോഗം ചലച്ചിത്ര മേഖലക്ക് അപരിഹാര്യമായ നഷ്ടമാണെന്നും കെ. സുധാകരന്‍ പറ‌ഞ്ഞു.

കാൻസർ വാർഡിൽ പോലും നമ്മളെ ചിരിപ്പിക്കാൻ സമയം കണ്ടെത്തിയ അതുല്യപ്രതിഭ -കെ.സി വേണുഗോപാൽ

കാൻസർ വാർഡിൽ പോലും നമ്മളെ ചിരിപ്പിക്കാൻ സമയം കണ്ടെത്തിയിരുന്നു ഇന്നസെന്റ് എന്ന അതുല്യപ്രതിഭ. അരനൂറ്റാണ്ടോളമാണ് മലയാളികളെ ചിരിപ്പിച്ചും ചിന്തിപ്പിച്ചും നമുക്കൊപ്പം അദ്ദേഹം ഉണ്ടായിരുന്നത്. രണ്ട് തവണ അർബുദത്തെ നേരിടുമ്പോൾ പോലും തോറ്റുപോകാൻ ഒരുക്കമല്ലാത്ത ഒരു മനസ് അദ്ദേഹത്തിൽ നേരിട്ട് കണ്ടിട്ടുണ്ട്. സിനിമയിൽ നിറഞ്ഞാടുന്ന ഇന്നസെന്റിന് പുറമേ സമൂഹത്തിന്റെ വിവിധ മേഖലകളിൽ അദ്ദേഹം കൈയൊപ്പ് ചാർത്തി.

അമ്മയെ 12 വർഷക്കാലം മുന്നോട്ട് നയിച്ച കാലം ഇന്നും ഓർമയിലുണ്ട്. സാമൂഹ്യ-സാംസ്കാരിക-രാഷ്ട്രീയ രംഗത്ത് പാർലമെന്റിൽ നർമവും വിവേകവും പടർത്തിയ പ്രസംഗങ്ങളും ഇവിടെ ബാക്കിയാക്കിയാണ് അദ്ദേഹം വിട പറയുന്നത്. കലാ-സാംസ്‌കാരിക രംഗത്തിനും പൊതു രാഷ്ട്രീയ മണ്ഡലത്തിനും തീരാനഷ്ടമാണ് ഈ വിയോഗം. ഇന്നസെന്റിന്റെ വേർപാടിൽ അദ്ദേഹത്തെ സ്നേഹിക്കുന്നവരുടെയും കുടുംബാംഗങ്ങളുടെയും സഹപ്രവർത്തകരുടെയും ദുഃഖത്തിൽ പങ്ക് ചേരുന്നതായി കെ.സി വേണുഗോപാൽ എം.പി പറഞ്ഞു.

Tags:    
News Summary - K Sudhakaran and KC Venugopal condolence Actor Innocent

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.