സ്വിഫ്റ്റ് കെ.എസ്.ആര്‍.ടി.സിയുടെ അന്തകനായി; സര്‍ക്കാര്‍ വിധിക്കുന്നത് ദയാവധമെന്ന് കെ. സുധാകരന്‍

തിരുവനന്തപുരം: സ്വിഫ്റ്റ് കമ്പനിയെ പരിപോഷിച്ച് കെ.എസ്.ആര്‍.ടി.സിക്ക് സര്‍ക്കാര്‍ വിധിക്കുന്നത് ദയാവധമെന്ന് കെ.പി.സി.സി അധ്യക്ഷൻ കെ. സുധാകരന്‍ എം.പി. സര്‍ക്കാരിന്റെയും മാനേജ്‌മെന്റിന്റെയും കെടുകാര്യസ്ഥതക്കും പിടിപ്പുകേടിനും ശിക്ഷിക്കുന്നത് പാവപ്പെട്ട തൊഴിലാളികളെയാണ്. ജീവനക്കാര്‍ക്ക് ശമ്പളം നല്‍കാന്‍ ബാധ്യതയില്ലെന്ന സര്‍ക്കാര്‍ നിലപാട് കടുത്ത തൊഴിലാളി വഞ്ചനയാണെന്നും സുധാകരൻ കുറ്റപ്പെടുത്തി.

സുശീല്‍ഖന്ന റിപ്പോര്‍ട്ടിലെ അശാസ്ത്രീയമായ നിര്‍ദേശങ്ങള്‍ നടപ്പാക്കി കെ.എസ്.ആര്‍.ടി.സി ജീവനക്കാരെ ദ്രോഹിക്കാനാണ് സര്‍ക്കാരിന് താല്‍പര്യം. 17.5 ശതമാനം ബസുകളും കെ.എസ്.ആര്‍.ടി.സിയില്‍ സര്‍വീസ് നടത്തുന്നില്ല. പ്രായോഗികമല്ലാത്ത ഡ്യൂട്ടി പാറ്റേണാണ് ഇപ്പോഴും നിലവിലുള്ളത്. സൂപ്പര്‍ക്ലാസ് സര്‍വീസുകള്‍ നടത്താന്‍ ഓരോ വര്‍ഷവും ചുരുങ്ങിയത് 1000 ബസുകളെങ്കിലും പുതുതായി വേണം. കോടികള്‍ വിലയുള്ള കെ.എസ്.ആര്‍.ടി.സിയുടെ ആസ്തികള്‍ പലതും സി.പി.എം നിയന്ത്രിത സ്ഥാപനങ്ങള്‍ക്ക് കൈമാറ്റം ചെയ്യുകയാണ്. ഈ തലതിരഞ്ഞ നടപടികള്‍ കെ.എസ്.ആര്‍.ടി.സിയുടെ ശവക്കുഴിതോണ്ടുമെന്ന കാര്യത്തില്‍ സംശയമില്ലെന്നും സുധാകരന്‍ പറഞ്ഞു.

സ്വിഫ്റ്റ് കമ്പനി കെ.എസ്.ആര്‍.ടി.സിയുടെ അന്തകനായി മാറി.സര്‍വീസ് നടത്താന്‍ ബസുകളില്ലെന്ന കാരണം ചൂണ്ടിക്കാട്ടി ദേശസാത്കൃത റൂട്ടുകള്‍ മുഴുവന്‍ സ്വകാര്യവത്കരിച്ചു. യു.ഡി.എഫ് സര്‍ക്കാരിന്റെ കാലത്ത് 42000 ജീവനക്കാരുണ്ടായിരുന്നപ്പോഴും ശമ്പളം മുടങ്ങാതെ നല്‍കുകയും 2752 പുതിയ ബസുകള്‍ നിരത്തിലിറക്കുകയും 5350 ഷെഡ്യൂളുകള്‍ നടത്തുകയും ചെയ്തിരുന്നു. എന്നാല്‍, ഇന്ന് 26000 ജീവനക്കാര്‍ മാത്രമാണുള്ളത്. ഇനിയത് 18000 മാത്രം മതിയെന്ന നിലപാടിലാണ് സര്‍ക്കാര്‍. ഇത് സ്വിഫ്റ്റ് കമ്പനിയെ സഹായിക്കാനാണ്.

ഷെഡ്യൂകള്‍ ഗണ്യമായി വെട്ടിക്കുറച്ചതും പുതിയ ബസുകള്‍ നിരത്തിലിറങ്ങാത്തതും ജീവനക്കാരെയും കെ.എസ്.ആര്‍.ടിസിയെയും അതിനെ ആശ്രയിക്കുന്ന പൊതുജനങ്ങളെയും ഒരു പോലെ ബാധിച്ചു. പുതിയ ബസുകള്‍ സ്വിഫ്റ്റ് കമ്പനിയുടെ പേരില്‍ ഇറക്കുന്നതിനാല്‍ 15 വര്‍ഷം കാലവധി കഴിഞ്ഞ ബസുകള്‍ പൊളിക്കേണ്ടി വരുമ്പോള്‍ കെ.എസ്.ആര്‍.ടി.സിക്ക് സര്‍വീസ് നടത്താന്‍ ബസില്ലാത്ത സാഹചര്യം ഉണ്ടാകും. ഇപ്പോള്‍ തന്നെ കെ.എസ്.ആര്‍.ടി.സിക്ക് ഗ്രാമപ്രദേശങ്ങളിലെ പല റൂട്ടുകളിലേക്കും സര്‍വീസ് നടത്താന്‍ ബസില്ലെന്നതാണ് യാഥാർഥ്യം. 1000ലേറെ ബസുകള്‍ ഇതിനകം പൊളിച്ചുനീക്കി. ഇതുവഴി ഇതിലെ ജീവനക്കാര്‍ ജോലിയില്ലതായെന്നും സുധാകരന്‍ പറഞ്ഞു.

സര്‍ക്കാര്‍ ശമ്പളം കൃത്യമായി വിതരണം ചെയ്യാതെ പ്രതിഷേധിക്കുന്ന ജീവനക്കാര്‍ക്കെതിരെ പ്രതികാര നടപടിയെടുക്കുകയാണ്. എല്ലാ മാസം അഞ്ചാം തീയതി ശമ്പളം നല്‍കാമെന്ന് ഉറപ്പ് നല്‍കിയ സര്‍ക്കാരാണ് ഇപ്പോള്‍ കൈമലര്‍ത്തുന്നത്. കെ.എസ്.ആര്‍.ടി.സിയുടെ വരുമാനം പ്രതിമാസം ശരാശരി 200 കോടിക്ക് മുകളിലാണ്. കഴിഞ്ഞ മാസം മാത്രം അത് 230 കോടിയാണ്. ശമ്പളം വിതരണം ചെയ്യാന്‍ വെറും 80 കോടി രൂപയും ഡീസലിന് മറ്റുമായി 90 കോടി രൂപയും മതി. ഇതിന് പുറമെയാണ് സര്‍ക്കാരിന്റെ സാമ്പത്തിക സഹായമായി നല്‍കുന്ന 50 കോടി. ഇത്രയേറെ വരുമാനം ഉണ്ടായിട്ടും ജീവനക്കാര്‍ക്ക് കൃത്യമായി ശമ്പളം നല്‍കാതെ അവരെ ദ്രോഹിക്കുന്ന നടപടിയെ ഒരുവിധത്തിലും ന്യായീകരിക്കാനാവില്ല.

ശമ്പളം നല്‍കാതെ മറ്റുചെലവുകള്‍ക്കായി തുക വഴിമാറ്റുകയാണ് മാനേജ്‌മെന്റ്. കെ.എസ്.ആര്‍.ടി.സിയുടെ പ്ലാന്‍ഫണ്ട് ഉപയോഗിച്ച് പുതുതായി രൂപീകരിച്ച സ്വിഫ്റ്റ് കമ്പനിയെ പരിപോഷിക്കുകയാണ് സര്‍ക്കാര്‍. സി.പി.എം അനുഭാവികളെ ജോലിക്ക് തിരുകി കയറ്റാനുള്ള കുറുക്കുവഴിയാണ് സ്വിഫ്റ്റ് കമ്പനിയെ എൽ.ഡി.എഫ് സര്‍ക്കാര്‍ കാണുന്നത്. കെ.എസ്.ആര്‍.ടി.സിയെ നശിപ്പിക്കുന്ന ഇടതു സര്‍ക്കാരിന്റെ തെറ്റായ നയങ്ങള്‍ക്കെതിരെ കോണ്‍ഗ്രസ് ശക്തമായ പ്രക്ഷോഭം സംഘടിപ്പിക്കുമെന്നും കെ. സുധാകരന്‍ പറഞ്ഞു.

Tags:    
News Summary - K. Sudhakaran said that Swift is the end of KSRTC

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.