സെക്രട്ടേറിയറ്റിലെ താപ്പാനകളും മോഴയാനകളും കാട്ടുന്ന നിസംഗതയാണ് ജനങ്ങളെ പരിഭ്രാന്തരാക്കുന്നതെന്ന് കെ. സുധാകരന്‍

തിരുവനന്തപുരം : ഒരു നാടു മുഴുവന്‍ മുള്‍മുനയില്‍ നിൽക്കുമ്പോള്‍ സെക്രട്ടേറിയറ്റിലെ താപ്പാനകളും മോഴയാനകളും കാട്ടുന്ന നിസംഗതയാണ് ജനങ്ങളെ കൂടുതല്‍ പരിഭ്രാന്തരാക്കുന്നതെന്ന് കെ.പി.സി.സി പ്രസിഡന്റ് കെ സുധാകരന്‍ എംപി. ഏഴുപേരെ കൊന്നൊടുക്കുകയും അനേകം വീടുകളും കെട്ടിടങ്ങളും തകര്‍ക്കുകയും രണ്ട് ദശാബ്ദമായി നാടിനു പേടിസ്വപ്‌നമായി മാറുകയും ചെയ്ത അരിക്കൊമ്പനെ കൈകാര്യം ചെയ്യുന്നതില്‍ സര്‍ക്കാരിനും വനംവകുപ്പിനും അതീവ ഗുരുതരമായ വീഴ്ച സംഭവിച്ചു.

അരിക്കൊമ്പന്‍ കേസില്‍ ഹൈകോടതി മാര്‍ച്ച് 29ന് ജനങ്ങളെ സാരമായി ബാധിക്കുന്ന വിധി പുറപ്പെടുവിച്ചിട്ട് അതിനെതിരേ കോടതിയില്‍ സര്‍ക്കാര്‍ നിയമനടപടി സ്വീകരിക്കാത്തത് എന്തുകൊണ്ടൊണെന്ന് ജനങ്ങള്‍ അതിശയിക്കുകയാണ്. ആനയക്ക് റേഡിയോ കോളര്‍ ഘടിപ്പിക്കുക, ജനവാസ കോളനി അവിടെനിന്നു മാറ്റുക തുടങ്ങിയ അപ്രായോഗിക നിര്‍ദേശങ്ങള്‍ ഉണ്ടായിട്ട് സര്‍ക്കാര്‍ അനങ്ങിയില്ല.

യഥാർഥത്തില്‍ ഈ കോടതിവിധി തന്നെ സര്‍ക്കാര്‍ ഇരന്നുവാങ്ങിയതാണ് എന്നതാണ് വസ്തുത. കാട്ടാനയുടെ ശല്യംമൂലം മനുഷ്യനാശം സംഭവിച്ചിട്ടില്ലെന്ന തികച്ചും തെറ്റായ റിപ്പോര്‍ട്ടാണ് സര്‍ക്കാര്‍ അഭിഭാഷകര്‍ കോടതിക്കു നൽകിയത്. എന്നാല്‍, ഏഴ് പേരെ അരിക്കൊമ്പന്‍ കൊന്നിട്ടുണ്ടെന്ന് വനംവകുപ്പിന്റെ സത്യവാങ്മൂലത്തിലുണ്ട്.

കൂടാതെ 18 വര്‍ഷംകൊണ്ട് 180 കെട്ടിടങ്ങള്‍ പൊളിക്കുകയും 30 തവണ റേഷന്‍ കട തകര്‍ക്കുകയും ചെയ്തിട്ടുണ്ടെന്നാണ് മാധ്യമ റിപ്പോര്‍ട്ടുകള്‍. വനംവകുപ്പ് ഉദ്യോഗസ്ഥര്‍ പലപ്പോഴായി പ്രകടിപ്പിച്ച അഭിപ്രായങ്ങള്‍ അരിക്കൊമ്പനെ പിടികൂടേണ്ടതിന്റെ ഗൗരവം ബന്ധപ്പെട്ടവരെ ധരിപ്പിക്കാന്‍ പര്യാപ്തമായിരുന്നില്ല.

ഇതു സംബന്ധിച്ച ഒരു ഉന്നതതലയോഗം മുഖ്യമന്ത്രി വിളിച്ചുകൂട്ടിയിട്ടുണ്ടോ? പ്രത്യേകിച്ച് പണിയൊന്നുമില്ലാത്ത വകുപ്പ് മന്ത്രി ഇതു സംബന്ധിച്ചു നടത്തിയ ഇടപെടലുകള്‍ എന്തൊക്കെയാണ്? ജനങ്ങള്‍ക്ക് ഇതൊക്കെ അറിയാനുള്ള അവകാശമുണ്ടെന്നും അവരുടെ ജീവന്‍വച്ചുള്ള കളിയാണ് നടക്കുന്നതെന്നും സുധാകരന്‍ ചൂണ്ടക്കാട്ടി. 

Tags:    
News Summary - K. Sudhakaran said that the indifference shown by the tapanas and mozayanas in the secretariat is making the people nervous.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.