കെ.എസ്.ആർ.ടി.സി ജീവനക്കാര്‍ക്ക് കുടിശ്ശിക തീര്‍ത്ത് ശമ്പളം കൊടുക്കില്ലെന്ന നിലപാട് മനുഷ്യത്വരഹിതമാണെന്ന് കെ.സുധാകരന്‍

കെ.എസ്.ആർ.ടി.സി ജീവനക്കാര്‍ക്ക് കുടിശ്ശിക തീര്‍ത്ത് ശമ്പളം കൊടുക്കില്ലെന്ന നിലപാട് മനുഷ്യത്വരഹിതമാണെന്ന് കെ.സുധാകരന്‍ 

കോഴിക്കോട് :ഓണക്കാലത്ത് പോലും കെഎസ്ആര്‍ടിസി ജീവനക്കാര്‍ക്ക് കുടിശ്ശിക തീര്‍ത്ത് ശമ്പളം കൊടുക്കില്ലെന്ന സര്‍ക്കാരിന്റെ നിലപാട് മനുഷ്യത്വരഹിതമാണെന്ന് കെ.പി.സി.സി പ്രസിഡന്റ് കെ.സുധാകരന്‍ എംപി.കഴിഞ്ഞ രണ്ടുമാസമായി ശമ്പളത്തിനുവേണ്ടി ജീവനക്കാര്‍ മുട്ടാത്ത വാതിലുകളില്ല. തൊഴിലാളി വര്‍ഗ പാര്‍ട്ടിയെന്ന് അവകാശപ്പെടുന്ന സി.പി.എം ഭരണത്തിലാണ് ജോലിചെയ്ത കൂലിക്കായി ജീവനക്കാര്‍ക്ക് തെരുവിലിറങ്ങി പട്ടിണി സമരം നടത്തേണ്ട ഗതികേടുണ്ടായത്.

കെ.എസ്.ആർ.ടി.സി വിഷയത്തില്‍ സി.പി.എമ്മിന്റെയും സര്‍ക്കാരിന്റെയും സമീപനം അവരുടെ തൊഴിലാളി വിരുധത പ്രകടമാകുന്നതാണ്.ഭരണത്തിന് നേതൃത്വം നല്‍കുന്ന സി.പി.എമ്മിന്റെ തൊഴിലാളി സംഘടനകള്‍ ഇടതുമുന്നണിയിലെ ഘടകകക്ഷി അംഗമായ വകുപ്പുമന്ത്രിയെ പ്രതിസ്ഥാനത്ത് നിര്‍ത്തി സ്വയം തടിതപ്പുകയാണ്. സര്‍ക്കാരും മാനേജുമെന്റും തൊഴിലാളികളെ പൂർണമായും കൈവിട്ടു.ശമ്പളത്തിനായി 103 കോടി രൂപ നല്‍കാനുള്ള ഹൈക്കോടതി സിംഗിള്‍ ബഞ്ച് ഉത്തരവിനെതിരെ ഡിവിഷന്‍ ബഞ്ചില്‍ നിന്നും സ്‌റ്റേവാങ്ങിക്കൊണ്ടാണ് സര്‍ക്കാര്‍ തൊഴിലാളികളോടുള്ള മമത പ്രകടിപ്പിച്ചത്.

ധനവകുപ്പ് പ്രതിമാസം കെ.എസ്.ആർ.ടി.സിക്ക് നല്‍കിവരുന്ന 50 കോടി രൂപ കഴിഞ്ഞ രണ്ടുമാസമായി കുടിശികയാണ്. അതും ഉത്സവ ആനുകൂല്യങ്ങളും ചേര്‍ത്തുള്ള തുക നല്‍കാനാണ് സിംഗില്‍ ബെഞ്ച് ഉത്തരവിട്ടത്. എന്നാല്‍ അതിനോട് മുഖം തിരിച്ച സര്‍ക്കാര്‍, കുടിശിക ഇനത്തില്‍ കെ.എസ്.ആർ.ടി.സിക്ക് നല്‍കാനുള്ള സാമ്പത്തിക സഹായത്തിന്റെ ഒരുമാസത്തെ വിഹിതം മാത്രം നല്‍കാമെന്ന നിലപാട് പ്രതിഷേധാര്‍ഹമാണെന്ന് സുധാകരന്‍ പറഞ്ഞു.

സാധാരണക്കാരുടെ ആശ്രയമാണ് കെ.എസ്.ആർ.ടി.സി എന്ന പൊതുഗതാഗത സംവിധാനം. അതിനെ നിലനിര്‍ത്തി കൊണ്ടുപോകണ്ട ഉത്തരവാദിത്തവും ബാധ്യതയും സര്‍ക്കാരിനുണ്ട്. ചുരുങ്ങിയത് 20 ലക്ഷം പേരാണ് കെ.എസ്.ആർ.ടി.സിയെ ആശ്രയിക്കുന്നത്. കെ.എസ്.ആർ.ടി.സിക്ക് പ്രതിദിനം അഞ്ച് കോടി രൂപവെച്ച് 151 കോടി പ്രതിമാസ വരുമാനമുണ്ട്.

ഒരുമാസത്തെ ശമ്പളത്തിനും മറ്റുമായി 75 കോടിയാണ് വേണ്ടത്.ഇതിനെല്ലാം പുറമെയാണ് 12 മണിക്കൂര്‍ സിംഗിള്‍ ഡ്യൂട്ടി പരിഷ്‌ക്കാരം അടിച്ചേല്‍പ്പിക്കാന്‍ ശ്രമിക്കുന്നത്. സിഫ്റ്റ് കമ്പനി രൂപീകരിച്ച് റൂട്ടുകള്‍ കൈമാറിയത് കെഎസ്ആര്‍ടിസിയുടെ പ്രതിസന്ധി വര്‍ധിപ്പിച്ചു. 12 മണിക്കൂര്‍ സിംഗിള്‍ ഡ്യൂട്ടി പരിഷ്‌ക്കരണവും സിഫ്റ്റ് കമ്പനി രൂപികരിക്കലും ഉള്‍പ്പെടെയുള്ള നടപടികള്‍ കോര്‍പ്പറേറ്റ് നയവ്യതിയാനത്തിന്റെ ഭാഗമായുള്ള തൊഴിലാളിദ്രോഹ നടപടികളാണ്.

പുതിയ ബസുകള്‍ നിരത്തിലിറക്കുന്നതിലും സര്‍ക്കാര്‍ അലംഭാവം കാട്ടുകയാണ്. പെന്‍ഷന്‍ വിതരണവും മുടങ്ങി.എല്ലാതരത്തിലും കെഎസ്ആര്‍ടിസി ജീവനക്കാര്‍ക്ക് ദുരിതങ്ങളുടെ ഡബിള്‍ ബെല്ലാണ്. സര്‍ക്കാര്‍, മാനേജ്‌മെന്റ് തലത്തിലെ കെടുകാര്യസ്ഥതയും പിടിപ്പുകേടുമാണ് ഇതിന് കാരണം.ലക്കും ലഗാനുമില്ലാതെയുള്ള ജീവനക്കാരുടെ ദുരിത യാത്രക്ക് അന്ത്യം കുറിക്കാന്‍ മനുഷ്യത്വപരമായ നിലപാട് സ്വീകരിക്കാന്‍ സര്‍ക്കാരും മുഖ്യമന്ത്രിയും തയാറാകണമെന്നും സുധാകരന്‍ പറഞ്ഞു.

Tags:    
News Summary - K. Sudhakaran said that the position of not paying the dues to KSRTC employees is inhumane

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.