മമ്മൂട്ടിയെയും ഷാഫി പറമ്പിലിനേയും ജനം ഹൃദയത്തിലേറ്റുന്നത് മതത്തിന്റെ പേരിൽ അല്ലെന്ന് സി.പി.എമ്മും ബി.ജെ.പിയും മനസിലാക്കണമെന്ന് കെ.സുധാകരൻ

തിരുവനന്തപുരം: ഷാഫി പറമ്പിലും മമ്മൂട്ടിയും മതത്തിന്റെ പേരിൽ വേട്ടയാടപ്പെടുന്നത് ലോകത്തിനു മുന്നിൽ കേരളത്തെ നാണം കെടുത്തുന്നതാണെന്ന് കെ.പി.സി.സി പ്രസിഡന്റ് കെ. സുധാകരൻ. വടകരയിൽ മത്സരിച്ചതിന്റെ പേരിൽ ഷാഫിക്കെതിരെ സി.പി.എം നടത്തുന്ന വർഗീയയ പ്രചാരണങ്ങളും സിനിമയിലെ ഒരു കഥാപാത്രത്തിന്റെ പേരിൽ മമ്മൂട്ടിക്കെതിരെ സംഘപരിവാർ നടത്തുന്ന വർഗീയ പ്രചാരണങ്ങളും ഒരുപോലെ തള്ളിക്കളയേണ്ടതുണ്ട്. സി.പി.എം മുസ് ലീം വിരുദ്ധത പടർത്തിക്കൊണ്ടിരിക്കുന്ന അതേ കേരളത്തിലേക്ക് തന്നെയാണ് സംഘപരിവാർ ശക്തികൾ മമ്മൂട്ടിക്കെതിരെയുള്ള അനാവശ്യ പ്രചാരണങ്ങളുമായി രംഗത്ത് വന്നിരിക്കുന്നതെന്നും കെ. സുധാകരൻ ഫേസ്ബുക്കിൽ കുറിച്ചു.

ഫേസ്ബുക്ക് പോസ്റ്റിന്റെ പൂർണരൂപം:

ഷാഫി പറമ്പിലും മമ്മൂട്ടിയും മതത്തിന്റെ പേരിൽ വേട്ടയാടപ്പെടുന്നത് ലോകത്തിനു മുന്നിൽ കേരളത്തെ നാണം കെടുത്തുകയാണ്.

വടകരയിൽ മത്സരിച്ചതിന്റെ പേരിൽ ഷാഫിക്കെതിരെ സി പി എം നടത്തുന്ന വർഗ്ഗീയ പ്രചാരണങ്ങളും സിനിമയിലെ ഒരു കഥാപാത്രത്തിന്റെ പേരിൽ മമ്മൂട്ടിക്കെതിരെ സംഘപരിവാർ നടത്തുന്ന വർഗ്ഗീയ പ്രചാരണങ്ങളും ഒരുപോലെ തള്ളിക്കളയേണ്ടതുണ്ട്. മുസ്ലിം സമുദായത്തിൽ പെട്ട ഷാഫി പറമ്പിൽ വടകരയിൽ മത്സരിക്കാൻ പാടില്ല എന്ന രീതിയിൽ തന്നെയാണ് സിപിഎം പരോക്ഷമായി വർഗ്ഗീയ പ്രചാരണം അഴിച്ചുവിട്ടത്. സൗഹാർദ്ദപരമായ അന്തരീക്ഷത്തെ തകർക്കുന്ന രീതിയിൽ സിപിഎം നടത്തിയ വർഗ്ഗീയത സമൂഹത്തെ ഭയപ്പെടുത്തുന്നുണ്ട്.

അത്തരത്തിൽ സിപിഎം മുസ്ലിം വിരുദ്ധത പടർത്തിക്കൊണ്ടിരിക്കുന്ന അതേ കേരളത്തിലേക്ക് തന്നെയാണ് സംഘപരിവാർ ശക്തികൾ മമ്മൂട്ടിക്കെതിരെയുള്ള അനാവശ്യ പ്രചാരണങ്ങളുമായി രംഗത്ത് വന്നിരിക്കുന്നത്. മമ്മൂട്ടിയെയും ഷാഫിയെയും ജനം ഹൃദയത്തിൽ ഏറ്റുന്നത് മതത്തിന്റെ പേരിൽ അല്ലെന്ന് സിപിഎമ്മും ബിജെപിയും മനസ്സിലാക്കിയാൽ കൊള്ളാം.

ഒരു കാര്യം വ്യക്തമാക്കാം, സംഘപരിവാറും സിപിഎമ്മും എത്രയൊക്കെ വർഗീയ വിഷം വമിപ്പിച്ചാലും വടകരയിൽ കെ കെ ശൈലജയും സിപിഎമ്മും നടത്തിയ സകല വ്യാജപ്രചാരണങ്ങളെയും കാറ്റിൽ പറത്തിക്കൊണ്ട് ഷാഫി പറമ്പിൽ വിജയിച്ചിരിക്കും. അതുപോലെതന്നെ മലയാളത്തിന്റെ മഹാ നടൻ മമ്മൂട്ടി ഇനിയും ഒരുപാട് കഥാപാത്രങ്ങളിലൂടെ വെള്ളിത്തിരയിൽ നിറഞ്ഞാടും. ആ കഥാപാത്രങ്ങളെ സിനിമ പ്രേമികൾ നെഞ്ചിലേറ്റുകയും ചെയ്യും.

Tags:    
News Summary - K. Sudhakaran wants CPM and BJP to understand that Mammootty and Shafi Parambil are not loved by people because of religion

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.