അധികം വൈകാതെ കേരളത്തിലും കമ്മ്യൂണിസം അസ്തമിക്കുമെന്ന് കെ. സുരേന്ദ്രൻ

കോഴിക്കോട്: രാജ്യത്തിന്‍റെ ഭരണഘടനയുടെ അടിസ്ഥാന തത്വങ്ങളെ തകർക്കാൻ ശ്രമിക്കുന്നത് കേരളത്തിലെ പിണറായി വിജയൻ സർക്കാറാണെന്ന് ബി.ജെ.പി സംസ്ഥാന അധ്യക്ഷൻ കെ. സുരേന്ദ്രൻ. സി.പി.എം ജനറൽസെക്രട്ടറി സീതാറാം യെച്ചൂരിയുടെ ആരോപണങ്ങൾക്ക് മറുപടി പറയുകയായിരുന്നു സുരേന്ദ്രൻ. അപകടകരമായ പ്രത്യയശാസ്ത്രം ബി.ജെ.പിയുടേതല്ല സി.പി.എമ്മിന്റേതാണ്. അതുകൊണ്ടാണ് ഇന്ത്യയിലെ ജനങ്ങൾ അവരെ പടിക്ക് പുറത്ത് നിർത്തിയത്.

കേരളം ബദലല്ല മറിച്ച് കമ്മ്യൂണിസ്റ്റുകാരുടെ അവസാന കച്ചിത്തുരുത്താണ്. അധികം വൈകാതെ കേരളത്തിലും കമ്മ്യൂണിസം അസ്തമിക്കും. സി.എ.ജി, ലോകായുക്ത, ഗവർണർ തുടങ്ങി എല്ലാ ഭരണഘടനാ സ്ഥാപനങ്ങളെയും വരുതിയിലാക്കാൻ ശ്രമിക്കുന്ന പിണറായി വിജയനെ ഉപദേശിക്കാനുള്ള ധൈര്യം സീതാറാം യെച്ചൂരിക്കില്ല. കസ്റ്റഡി മരണങ്ങളുടേയും ഗുണ്ടാരാജിന്റെയും കേന്ദ്രമായി മാറിയ കേരളത്തിൽ വന്ന് രാജ്യത്തെ കുറ്റംപറയാൻ യെച്ചൂരിക്ക് നാണമില്ലേയെന്നും സുരേന്ദ്രൻ ചോദിച്ചു.

ഭരണഘടനയുടെ അടിസ്ഥാന ശിലകളെ കേന്ദ്ര സർക്കാർ അട്ടിമറിക്കുകയാണെന്നായിരുന്നു സി.പി.എം സംസ്ഥാന സമ്മേളനം ഉദ്ഘാടനം ചെയ്തുകൊണ്ട് യെച്ചൂരിയുടെ വിമർശനം. ഭരണഘടന അനുശാസിക്കുന്ന സ്വതന്ത്ര സ്ഥാപനങ്ങളെ അട്ടിമറിക്കുന്ന തീരുമാനങ്ങളാണ് കേന്ദ്ര സർക്കാർ കൈക്കൊള്ളുന്നത്. പാർലമെന്‍റിന്‍റെയും ജുഡീഷ്യറിയുടെയും സ്വതന്ത്ര സ്വഭാവത്തെ മാറ്റുന്നതിനാണ് ശ്രമം നടക്കുന്നതെന്നും യെച്ചൂരി വിമർശിച്ചിരുന്നു. 

Tags:    
News Summary - K Surendran criticize cpm and sitaram yechury

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.