'പൈസ ആറാം തീയതി ഞാന്‍ നേരിട്ട്‌ കൈയില്‍ കൊടുക്കാം...' -കെ. സുരേന്ദ്രനും പ്രസീത അഴീ​ക്കോടും തമ്മിലുള്ള ഫോൺ സംഭാഷണത്തിന്‍റെ പൂർണരൂപം

കണ്ണൂർ: കൊടകര കുഴൽപണത്തിന്​ പുറമെ ബി.ജെ.പി നേതൃത്വത്തിൽ നിരവധി അനധികൃത പണമിടപാട്​ നടന്നതായി സൂചന. നിയമസഭ തെരഞ്ഞെടുപ്പിൽ എൻ.ഡി.എയുമായി സഹകരിക്കാൻ ആദിവാസി നേതാവ്​ സി.കെ. ജാനുവിന് ബി.ജെ.പി സംസ്​ഥാന പ്രസിഡൻറ്​ കെ. സുരേന്ദ്രൻ​ പത്ത്​ ലക്ഷം രൂപ നൽകിയതായാണ്​ പുതിയ ആരോപണം. സി.കെ. ജാനു നയിച്ച ജനാധിപത്യ രാഷട്രീയ പാർട്ടിയുടെ സംസ്​ഥാന ട്രഷററായ പ്രസീത അഴീക്കോടാണ്​ ആരോപണം ഉന്നയിച്ചത്​.

ആദ്യം പത്ത്​ കോടിയാണ്​ ജാനു ആവശ്യപ്പെട്ടത്​. ഇത്​ നിരാകരിച്ച സുരേന്ദ്രൻ തിരുരവനന്തപുരത്ത്​ വെച്ച്​ പിന്നീട്​ പത്ത്​ ലക്ഷം സി.കെ. ജാനുവിന്​ നൽകുകയായിരുന്നുവെന്ന്​ പ്രസീത ആരോപിച്ചു. ഇതിനുവേണ്ടി കെ.സുരേന്ദ്രനുമായി താന്‍ സംഭാഷണം നടത്തിയെന്നും കെ.സുരേന്ദ്രന്‍ സി.കെ. ജാനുവിന്‌ പണം കൈമാറിയിട്ടുണ്ടെന്നും പ്രസീത പറഞ്ഞു.

കെ. സുരേന്ദ്രനും പ്രസീത അഴീ​ക്കോടും തമ്മിലുള്ള ഫോൺ സംഭാഷണത്തിന്‍റെ പൂർണരൂപം:

പ്രസീത: ഹലോ..

കെ. സുരേന്ദ്രന്‍: ആ...

പ്രസീത: ആ.. സാര്‍, ഞാന്‍ ഇന്നലെ ഒരുകാര്യം പറഞ്ഞിരുന്നില്ലേ സാറിനോട്‌.

കെ.സുരേന്ദ്രന്‍: ആ...

പ്രസീത: ആ.. ഇപ്പോ.. ചേച്ചി ഇന്നലെ പത്ത്‌ കോടി എന്നൊക്കെ പറഞ്ഞത്‌ അത്‌ നമുക്കും ഉള്‍ക്കൊള്ളാന്‍ പറ്റാത്തതാണ്‌ സാറിനും ഉള്‍ക്കൊള്ളാന്‍ പറ്റാത്തതാണ്‌ എന്ന്‌ നമുക്ക്‌ അറിയാം.

കെ.സുരേന്ദ്രന്‍: ഇപ്പോ അവരെന്താ പറയുന്നത്‌?

പ്രസീത: നിലവില്‍, ഇപ്പോ... ഞാന്‍ കാര്യം തുറന്നുപറയാം സാറിനോട്‌. നമ്മള്‍ അവിടെന്ന്‌ ഇങ്ങോട്ട്‌ വരുന്ന വഴിയില്‍ നമ്മള്‍ ഇതിനെക്കുറിച്ച്‌ ചര്‍ച്ച ചെയ്‌തു. കാരണം സാറ്‌ പറഞ്ഞത്‌ നമ്മള്‍ക്ക്‌ ഉള്‍ക്കൊള്ളാന്‍ പറ്റിയിട്ടുണ്ട്‌. അവര്‍ക്ക്‌ അത്‌ അധികം ഉള്‍ക്കൊള്ളാന്‍ പറ്റിയില്ല. അവര്‍ പിടിവാശിയൊക്കെ പിടിച്ചു.

പിന്നെ അവര്​ ലാസ്റ്റ്‌ ടൈമില്‍ ഒരുകാര്യം പറഞ്ഞു. അവര്‍ മുമ്പ്‌ സി.പി.എമ്മില്‍ ഉണ്ടായ സമയത്ത്‌, അതായത്‌ നമ്മള്‍ ആ ഒരു സഹകരണ സമയത്ത്‌ അവര്‍ ആരോടൊക്കെയോ കുറച്ച്‌ കാശ്‌ ഒക്കെ വാങ്ങിയിട്ടുണ്ടെന്നാണ്‌ പറയുന്നേ. അപ്പോ ആ കാശ്‌ കൊടുക്കാതെ എനിക്ക്‌ എന്‍ഡിഎയുടെ ഭാഗമായിട്ട്‌ വന്നാല്‍ അവര്‍ പ്രശ്‌നങ്ങളും മറ്റും ഉണ്ടാക്കും. അപ്പോ എനിക്കിപ്പോ ഒരു പത്ത്‌ ലക്ഷം രൂപ ഇപ്പോ എനിക്ക്​ വേണം എന്നാണ്‌ അവര്‍ പറയുന്നത്‌. ഇതില്‍ നമുക്ക്‌ ഒരു റോളുമില്ല.

അപ്പോ അത്‌ അവര്‍ക്ക്‌ കൊടുക്കുകയാണെങ്കില്‍ ഈ ഏഴാം തീയതീത്തെ അമിത്‌ ഷായുടെ പരിപാടി തുടങ്ങിയാല്‍ അവര്‍ സജീവമായി രംഗത്തുണ്ടാകും. പിന്നെ, ബത്തേരി സീറ്റ്‌. പിന്നെ ബാക്കി പറഞ്ഞ കാര്യങ്ങളും. ബത്തേരി അവര്‍ക്ക്‌ മത്സരിക്കേണ്ട ഒരു സീറ്റ്‌.

കെ.സുരേന്ദ്രന്‍: ആ..

പ്രസീത: വേറെ നമുക്ക്‌ വേറെ സീറ്റൊന്നും വേണ്ട. ഏ.. പിന്നെ ആ പോസ്‌റ്റ്‌ പറഞ്ഞത്‌ ഇലക്ഷന്‍ കഴിഞ്ഞിട്ട്‌. അതൊക്കെ നമ്മള്‍ പറഞ്ഞ്‌ റെഡിയാക്കി അവരോട്‌. അതൊക്കെ അങ്ങനെയേ പറ്റൂള്ളൂ. ഒരു മൂന്ന്‌ മണിക്ക്‌ ശേഷമാണ്‌ അവിടെന്ന്‌ വിട്ടത്‌. കാര്യങ്ങളൊക്കെ പറഞ്ഞ്‌ മനസിലാക്കിയിട്ട്‌. ക്യാഷിന്റെ കാര്യം സാറിന്‌ എങ്ങനെയാണ്‌ ഡീല്‍ ചെയ്യാന്‍ പറ്റുന്നതെന്ന്‌ വെച്ചാല്‍ ചെയ്‌തോ. അവര്‍ക്ക്‌ ഡയറക്ട്‌ കൊടുക്കാന്‍ പറ്റുന്നുണ്ടെങ്കില്‍ അത്രയും നല്ലത്​. അല്ലെങ്കില്‍ പിന്നെ എന്താണ്‌ ചെയ്യാന്‍ പറ്റുന്നതെങ്കില്‍ ചെയ്യുക. പിന്നെ നമ്മുടെ ഒരുകാര്യം കൂടി തുറന്നുപറയാം. ഞാനിപ്പോ കുറേ ദിവസമായി ഇതിന്‍റെ വഴിയേ ഓടിനടക്കാണ്‌. അഞ്ചുപൈസ കൈയിലില്ല. അപ്പോ ആ ഒരു സ്‌റ്റാര്‍ട്ടിങ്ങിന്‍റെ, നമ്മുടെ ഒരു പ്രശ്‌നങ്ങളുമുണ്ട്‌ ഇതില്‍. അപ്പോ നമുക്ക്‌ എന്തെങ്കിലും ഒരിത്‌...

കെ.സുരേന്ദ്രന്‍: ആ പറഞ്ഞോ, അത്‌ പറഞ്ഞോ...സമയം കളയേണ്ട, അത്‌ പറഞ്ഞോ പറ​ഞ്ഞോ...

പ്രസീത: നമുക്ക്‌ എന്തെങ്കിലും കുറച്ച്‌ പൈസ നമുക്ക്‌ കൂടി തരണം. കാരണം നമ്മുടെ പാര്‍ട്ടിയുടെ വര്‍ക്കിനാണേ, അല്ലാതെ പേഴ്‌സണലി അല്ല പറയുന്നേ...

കെ.സുരേന്ദ്രന്‍: ആ മനസിലായി. എല്ലാം മനസിലായി.

പ്രസീത: അത്‌ ഒരു.. സാറിന്‌ തോന്നുന്ന...

കെ.സുരേന്ദ്രന്‍: ആ. എങ്ങനെ.. എവിടെവെച്ച്‌...

പ്രസീത: അത്‌ എന്താണെന്ന്‌ സാറ്‌ പറഞ്ഞോ.. നമ്മള്‍ എവിടെയാണ്‌ വരേണ്ടത്‌.

കെ.സുരേന്ദ്രന്‍: അല്ല, ഏഴാംതീയതി വരുമ്പോള്‍ നേരിട്ട്‌ കൈയില്‍ കൊടുക്കണമെങ്കില്‍ അങ്ങനെ കൊടുക്കാം. അല്ലെങ്കില്‍ നമ്മള്​..

പ്രസീത: അതിന്‌ മുന്നേ കൊടുക്കുകയാണെങ്കില്‍ അതാണ്‌ നല്ലതെന്നാണ്‌ അവര്‍ പറയുന്നത്‌.

കെ.സുരേന്ദ്രന്‍: അവര്‍ ആറാംതീയതി വന്നോട്ടെന്ന്‌... ആറാം തീയതി ഞാന്‍ നേരിട്ട്‌ കൈയില്‍ കൊടുക്കാം. നിങ്ങളും വന്നോ.. അപ്പോ പിന്നെ ഏഴാംതീയതി തന്നെ വന്നാല്‍ മതിയല്ലോ.. അല്ലെങ്കില്‍ പിന്നെ അതിനുശേഷം. അതേ ഈ പൈസ ഡീലിങ്ങേ... ഇലക്ഷന്‍ ടൈമില്‍ അങ്ങോട്ടും ഇങ്ങോട്ടും കൊണ്ടുനടക്കലൊന്നും നടക്കില്ല.


പ്രസീത: അല്ല, സാര്‍, ഒരുകാര്യം കൂടി ഞാന്‍ അതിന്റിടയ്‌ക്ക്‌ പറഞ്ഞോട്ടെ. ആറാം തീയതി അങ്ങനെയാണെങ്കില്‍ നമ്മള്‍ പത്രസമ്മേളനം വിളിക്കാമെന്നാണ്‌ വിചാരിക്കുന്നത്‌.

കെ.സുരേന്ദ്രന്‍: ആറാം തീയതി രാവിലെ വന്നോ, ഞാന്‍ പൈസ തരാം.

പ്രസീത: ആ.. അതാണ്‌ വിചാരിക്കുന്നത്‌. അങ്ങനെയാണെങ്കില്‍ ഏഴാംതീയതി തന്നെ നമുക്ക്‌ അങ്ങോട്ടേക്ക്‌ കയറാല്ലോ, എറണാകുളത്തുവെച്ച്‌ തന്നെ പത്രസമ്മേളനം വിളിക്കാം.

കെ.സുരേന്ദ്രന്‍: അല്ല, ആറാം തീയതി തിരുവനന്തപുരത്ത്‌ വന്നിട്ട്‌ ഒരുദിവസം സ്റ്റേ ചെയ്‌താല്‍ മതിയല്ലോ. ഞങ്ങളൊക്കെ ആറാം തീയതി തിരുവനന്തപുരത്ത്‌ ഉണ്ടാകും.

പ്രസീത: ഓ അതെയോ, എന്നാൽ അവിടെനിന്ന്‌ തന്നെ നമുക്ക്‌ പ്രസ്‌ ക്ലബ്‌ മീറ്റിങ്‌ വിളിക്കാലോ അല്ലേ..

കെ. സുരേന്ദ്രന്‍: ഓ റൈറ്റ്‌ റൈറ്റ്‌... രാവിലെ എത്തിക്കോളൂ ആറാം തീയതി. ഞാന്‍ പറയാം.

പ്രസീത: ആയിക്കോട്ടെ, അപ്പോ ഓക്കെ ശരി

കെ.സുരേന്ദ്രന്‍: ശരി.. ശരി...



Tags:    
News Summary - K Surendran gave Rs 10 lakh to CK Janu leaked phone call

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.