പത്തനംതിട്ട: ശബരിമലയിൽ നിരോധനാജ്ഞ ലംഘിച്ചതിന് അറസ്റ്റിലായ ബി.ജെ.പി നേതാവ് കെ. സുരേന്ദ്രനടക്കം 72 പേർക്ക് ഉപാധികളോടെ പത്തനംതിട്ട മുൻസിഫ് കോടതി ജാമ്യം അനുവദിച്ചു. രണ്ടുമാസം ശബരിമല ഉൾപ്പെടുന്ന റാന്നി താലൂക്കിൽ പ്രവേശിക്കാൻ പാടില്ലെന്ന ഉപാധിയോടെയാണ് ജാമ്യം അനുവദിച്ചത്. ഓരോരുത്തരും രണ്ട് ആൾ ജാമ്യത്തിൽ 20,000 രൂപ വീതം കെട്ടിവെക്കണം.
കെ. സുരേന്ദ്രന് ജാമ്യം അനുവദിക്കുന്നതിനെ പ്രോസിക്യൂഷൻ എതിർത്തിരുന്നു. എട്ട് കേസുകളിൽ പ്രതിയായ സുരേന്ദ്രന് ജാമ്യം അനുവദിക്കരുതെന്നും സന്നിധാനത്ത് പ്രവേശിച്ചത് ഗൂഢലക്ഷ്യത്തോടെയാണെന്നും പ്രോസിക്യൂഷൻ വാദിച്ചു. ശബരിമലയിൽ പ്രതിഷേധിക്കാൻ പരമാവധി പ്രവർത്തകരെ അയക്കണമെന്ന ബി.ജെ.പിയുടെ സർക്കുലർ പൊലീസ് മജിസ്ട്രേറ്റിന് മുന്നിൽ ഹാജരാക്കി.
അറസ്റ്റിലായവരുടെ പേരിൽ വിവിധ സ്റ്റേഷനുകളിൽ കേസുകൾ ഉണ്ടെന്നും പൊലീസ് റിപ്പോർട്ടിൽ പറയുന്നു. എന്നാൽ, 353ാം വകുപ്പനുസരിച്ച് സന്നിധാനത്തുനിന്ന് അറസ്റ്റ് ചെയ്തവർ കുറ്റക്കാരല്ലെന്നും പൊലീസിെൻറ ഔദ്യോഗിക കൃത്യനിർവഹണം തടസ്സപ്പെടുത്തിയിട്ടില്ലെന്നും ശരണം വിളിക്കുന്നത് കുറ്റകൃത്യമല്ലെന്നും തീർഥാടകരുടെ അഭിഭാഷകൻ വാദിച്ചു. സുരേന്ദ്രന് എതിരെയുള്ളത് നിസ്സാര കേസുകളാണെന്നും അറിയപ്പെടുന്ന പൊതുപ്രവർത്തകനാണന്നും കോടതി പറയുന്ന ഉപാധികൾ അംഗീകരിക്കുമെന്നും അദ്ദേഹത്തിെൻറ അഭിഭാഷകൻ കോടതിയെ ധരിപ്പിച്ചു.
ചിത്തിര ആട്ടവിശേഷസമയത്ത് നടന്ന അക്രമങ്ങളുമായി ബന്ധപ്പെട്ട് സന്നിധാനത്തുനിന്ന് അറസ്റ്റിലായ രാജേഷ് അടക്കമുള്ളവർക്കെതിരെ കേസുണ്ടെന്ന് ചൂണ്ടിക്കാണിച്ചെങ്കിലും എഫ്.ഐ.ആറോ മറ്റ് രേഖകളോ ഹാജരാക്കാൻ പ്രോസിക്യൂഷന് സാധിച്ചില്ല.
അതേസമയം, എസ്.പി ഓഫിസ് മാർച്ചിനിടെ പൊലീസ് ഉദ്യോഗസ്ഥരെ ഭീഷണിപ്പെടുത്തിയെന്ന കേസിൽ സുരേന്ദ്രനെതിരെ കണ്ണൂർ മജിസ്ട്രേറ്റ് കോടതിയുടെ വാറൻറുള്ളതിനാൽ ഈകേസിൽ ജാമ്യം ലഭിച്ചാൽ മാത്രമേ ജയിൽ മോചിതനാകൂ.
17ന് വൈകീട്ട് ശബരിമലയിലേക്ക് പോകുകയായിരുന്ന കെ. സുരേന്ദ്രനെയും കൂടെയുണ്ടായിരുന്ന രണ്ടുപേരെയും നിലക്കലിൽനിന്നാണ് പൊലീസ് അറസ്റ്റ് ചെയ്തത്. 18ന് രാത്രി സന്നിധാനത്ത് നിരോധനാജ്ഞ ലംഘിച്ചതിൻറ പേരിലാണ് മറ്റുള്ളവരെ പൊലീസ് അറസ്റ്റ് ചെയ്തത്. മജിസ്ട്രേറ്റ് സൂര്യ സുകുമാരനാണ് ജാമ്യാപേക്ഷ പരിഗണിച്ചത്. കെ. സുരേന്ദ്രനുവേണ്ടി പി.എസ്. നരേന്ദ്രനാഥും മറ്റു തീർഥാടകർക്കായി കെ. ഹരിദാസും പബ്ലിക് പ്രോസിക്യൂട്ടർമാരായി ദിവ്യ വി. ദാസും കിരണും ഹാജരായി.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.