ആലപ്പുഴ: വൻകിട പണക്കാരുടെ നികുതി പിരിക്കാതെ പാവങ്ങളെ കൊള്ളയടിക്കുകയാണ് മുഖ്യമന്ത്രി ചെയ്യുന്നതെന്ന് ബി.ജെ.പി സംസ്ഥാന അധ്യക്ഷൻ കെ.സുരേന്ദ്രൻ. സി.എ.ജി റിപ്പോർട്ടിനെ കുറിച്ച് കള്ളക്കണക്കാണ് മുഖ്യമന്ത്രി നിരത്തുന്നത്. സംസ്ഥാനത്തിന്റെ സമ്പദ്ഘടനയെ കുറിച്ചും കടത്തെ കുറിച്ചും വസ്തുതകൾക്ക് നിരക്കാത്ത ന്യായീകരണമാണ് മുഖ്യമന്ത്രി ആവർത്തിച്ച് പറയുന്നത്. കേന്ദ്രത്തെ അനാവശ്യമായി കുറ്റപ്പെടുത്തി സംസ്ഥാനത്തിന്റെ സാമ്പത്തിക തകർച്ചയെ ന്യായീകരിക്കുകയാണ് മുഖ്യമന്ത്രിയെന്നും സുരേന്ദ്രൻ ആലപ്പുഴയിൽ മാധ്യമപ്രവർത്തകരോട് പറഞ്ഞു.
കേരളത്തിന്റെ ചരിത്രത്തിൽ കേന്ദ്രസർക്കാരിൽ നിന്നും മറ്റൊരു മുഖ്യമന്ത്രിക്കും കിട്ടാത്ത പരിഗണന നരേന്ദ്രമോദി പിണറായി വിജയന് നൽകിയിട്ടുണ്ട്. കേരളത്തിന് നികുതി വിഹിതം കുറഞ്ഞെന്നാണ് മുഖ്യമന്ത്രി പറയുന്നത്. 15ാം ധനകാര്യ കമ്മീഷനാണ് നികുതി വിഹിതം തീരുമാനുക്കുന്നത്. യു.പിക്ക് കൂടുതൽ കൊടുത്തു കേരളത്തിന് ഒന്നും കൊടുക്കുന്നില്ലെന്നത് വ്യാജപ്രചരണമാണ്. യു.പി.എ സർക്കാരിന്റെ കാലത്ത് ലഭിച്ചതിനേക്കാൾ കുറവാണ് ഇപ്പോൾ യു.പിക്ക് ലഭിക്കുന്ന വിഹിതം.
കേന്ദ്ര സഹായത്തെ കുറിച്ചുള്ള ധവളപത്രം പുറത്തുവിടാൻ സർക്കാർ എന്താണ് തയാറാവാത്തതെന്ന് കെ.സുരേന്ദ്രൻ ചോദിച്ചു. കേന്ദ്രം നൽകിയ കോടികൾ പിടിപ്പുകേട് കാരണം സംസ്ഥാനം പാഴാക്കുകയാണ്. കേരളത്തിൽ കടക്കെണി മൂലം ആത്മഹത്യ നടക്കുകയാണ്. കൊല്ലത്ത് സാക്ഷരതാ പ്രേരക് ആത്മഹത്യ ചെയ്തത് എട്ട് മാസമായി ശമ്പളം മുടങ്ങിയിട്ടാണ്. സഹകരണ ബാങ്കിന്റെ ജപ്തി ഭീഷണി കാരണം കോട്ടയത്ത് കർഷകൻ ആത്മഹത്യ ചെയ്തു.
സംസ്ഥാനത്ത് നടക്കുന്ന ആത്മഹത്യകളെ പറ്റി മുഖ്യമന്ത്രി നിലപാട് വ്യക്തമാക്കണം. തുർക്കിക്ക് 10 കോടി കൊടുക്കുന്നതിന് മുമ്പ് സ്വന്തം ജനങ്ങളുടെ ആത്മഹത്യ തടയാനാണ് മുഖ്യന്ത്രി തയാറാവേണ്ടത്. ശമ്പളം കൊടുക്കാൻ കാശില്ലാത്തവർ അഹങ്കാരം കാണിക്കാനാണ് തുർക്കിക്ക് 10 കോടി പ്രഖ്യാപിച്ചതെന്നും കെ.സുരേന്ദ്രൻ പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.