ധാർമ്മികതയുണ്ടെങ്കിൽ മുഖ്യമന്ത്രി രാജിവെക്കണമെന്ന് കെ.സുരേന്ദ്രൻ

തിരുവനന്തപുരം: വടക്കാഞ്ചേരി ലൈഫ് മിഷൻ ഫ്ളാറ്റ് നിർമാണത്തിന് വിദേശ സഹായം കൈപ്പറ്റാൻ തീരുമാനിച്ചത് മുഖ്യമന്ത്രി അധ്യക്ഷനായ യോഗത്തിലാണെന്നത് ഗൗരവതരമാണെന്ന് ബി.ജെ.പി സംസ്ഥാന അധ്യക്ഷൻ കെ.സുരേന്ദ്രൻ. ധാർമികതയുണ്ടെങ്കിൽ പിണറായി വിജയൻ മുഖ്യമന്ത്രി സ്ഥാനം രാജിവെച്ച് അന്വേഷണം നേരിടണം. ഒരിക്കലും ചെയ്യാൻ പാടില്ലാത്ത കാര്യമാണ് മുഖ്യമന്ത്രി ചെയ്തിരിക്കുന്നത്.

ലൈഫ്മിഷൻ ചെയർമാൻ കൂടിയായ അദ്ദേഹം അറിയാതെ ഒരു കരാറും ഒപ്പിടില്ലെന്ന് ബി.ജെ.പി നേരത്തെ തന്നെ പറഞ്ഞതാണ്. ലൈഫ്മിഷൻ തട്ടിപ്പിലെ എല്ലാ രേഖകളും അടിയന്തരമായി വിജിലൻസ് സി.ബി.ഐയെ ഏൽപ്പിക്കണമെന്നും സുരേന്ദ്രൻ ആവശ്യപ്പെട്ടു. മുഖ്യമന്ത്രി അദ്ധ്യക്ഷനായ യോഗം ചേർന്നതിന്റെ റിപ്പോർട്ട് പുറത്തുവന്നതോടെ അദ്ദേഹം ഇതുവരെ പറഞ്ഞ പച്ചക്കള്ളങ്ങളെല്ലാം പൊളിഞ്ഞിരിക്കുകയാണ്.

യോഗത്തിൽ കോൺസൽ ജനറലും റെഡ് ക്രസന്റ് പ്രതിനിധികളും പങ്കെടുത്തുവെന്നത് ഫെഡറൽ ചട്ടങ്ങളുടെ ലംഘനമാണ്. വിദേശ സംഭാവന നിയന്ത്രണ ചട്ടം മുഖ്യമന്ത്രി ലംഘിച്ചിരിക്കുകയാണ്. എഫ്.സി.ആർ.എ നിയമ ലംഘനം നൂറ് ശതമാനവും മുഖ്യമന്ത്രിയുടെ അറിവോടെയാണെന്ന് വ്യക്തമായ സാഹചര്യത്തിൽ അദ്ദേഹത്തിന് രാജിയല്ലാതെ മറ്റൊരു പോംവഴി ഇല്ലാതായിരിക്കുകയാണെന്നും കെ.സുരേന്ദ്രൻ പറഞ്ഞു.  

Tags:    
News Summary - K. Surendran should resign if he has morals

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.