തിരുവനന്തപുരം: സി.പി.എമ്മിന്റെ നേതൃത്വത്തിൽ കോഴിക്കോട് നടന്ന ഫലസ്തീൻ ഐക്യദാർഢ്യ സമ്മേളനത്തിൽ മുസ് ലിം നേതാക്കൾ പങ്കെടുത്തത് സംബന്ധിച്ച് ബി.ജെ.പി സംസ്ഥാന അധ്യക്ഷൻ കെ. സുരേന്ദ്രൻ നടത്തിയ വംശീയാധിക്ഷേപത്തിനെതിരെ സർക്കാർ നിയമനടപടി സ്വീകരിക്കണമെന്ന് എസ്.ഡി.പി.ഐ. മുസ് ലിം മതപണ്ഡിതന്മാരെയും ഇസ്ലാമിക ചിഹ്നങ്ങളെയും ആക്ഷേപിച്ച കെ സുരേന്ദ്രനെതിരെ നിയമനടപടി സ്വീകരിക്കാത്ത ഇടതു സർക്കാർ നിലപാട് ആശ്ചര്യകരമാണ്.
സംഘപരിവാർ വളർച്ചക്ക് സി.പി.എം വഴിയൊരുക്കി കൊടുക്കുകയാണ്. വിഷലിപ്തവും മതവികാരം വ്രണപ്പെടുത്തുന്നതുമായ പ്രസ്താവന കെ. സുരേന്ദ്രൻ ആദ്യമായല്ല നടത്തുന്നത്. പൗരത്വ സമരം ശക്തമായി നിന്ന ഘട്ടത്തിൽ സ്തൂപങ്ങളും സ്മാരകങ്ങളും കെട്ടി തീവ്രവാദികള്‍ അഴിഞ്ഞാടുകയാണെന്ന് കെ. സുരേന്ദ്രന്റെ പറഞ്ഞിരുന്നു. പി.എ മുഹമ്മദ് റിയാസിനെ മന്ത്രിയാക്കിയത് മുസ് ലിം തീവ്രവാദികളുടെ വോട്ട് നേടാനാണെന്ന പ്രസ്താവനയും അദ്ദേഹം നടത്തി.
കെ. സുരേന്ദ്രനും സംഘപരിവാർ നേതാക്കൾക്കും മുസ് ലിം വിഭാഗത്തിനെതിരെ എത്ര വിഷലിപ്ത പരാമർശങ്ങളും നടത്താൻ അനുവദിച്ചു നൽകുന്നത് മതനിരപേക്ഷ കേരളത്തിന് ഗുണകരമല്ല. സമൂഹത്തിൽ അസഹിഷ്ണുത വളർത്തി രാഷ്ട്രീയ വിജയമാണ് ലക്ഷ്യമെങ്കിൽ അത് കേരളീയ പൊതുസമൂഹം അംഗീകരിക്കില്ല. വർഗീയതയും വംശീയതയും കൈമുതലാക്കി കേരളത്തെ കലാപകലിഷിതമാക്കാനുള്ള സംഘപരിവാർ ശ്രമത്തെ ബഹുസ്വര സമൂഹം തടയുമെന്നും സംസ്ഥാന പ്രസിഡൻറ് മൂവാറ്റുപുഴ അഷ്റഫ് മൗലവി പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.