കൊച്ചി: എസ്കോര്‍ട്ട് പോലും ഉപേക്ഷിച്ചാണ് മന്ത്രി കെ.ടി ജലീൽ എന്‍.ഐ.എയുടെ ചോദ്യം ചെയ്യലിന് ഹാജരായത്. രാത്രി പത്ത് മണിയോടെ ഔദ്യോഗിക വാഹനത്തില്‍ തിരുവനന്തപുരത്തെ ഔദ്യോഗിക വസതിയില്‍ നിന്നും പുറത്തേക്ക് പോയ മന്ത്രി പിന്നെ തിരിച്ചെത്തിയില്ല.
ആരേയും ഒന്നും അറിയിക്കാതെയായിരുന്നു ആ യാത്ര. പത്ത് മണിക്ക് ശേഷം ഔദ്യോഗിക വസതിയില്‍ നിന്നും മന്ത്രിയുടെ കാര്‍ പുറത്തേക്ക് പോയി. ഒപ്പം ഗണ്‍മാനുണ്ടായിരുന്നുവെങ്കിലും പൈലറ്റ് വാഹനം പോലും കൂട്ടാതെയായിരുന്നു യാത്ര. നേരെ വാഹനം പോയത് എറണാകുളത്തേക്ക്. ഔദ്യോഗിക വാഹനത്തില്‍ തിരുവനന്തപുരം വിട്ട മന്ത്രി അതിനിടയില്‍ സ്വകാര്യ വാഹനത്തിലേക്ക് മാറിയിരുന്നു. മുന്‍ ആലുവ എം.എല്‍.എ എ.എം. യൂസുഫിന്‍റെതായിരുന്നു കാര്‍.
മന്ത്രി കെ.ടി.ജലീൽ നേരിട്ട് വിളിച്ച് തന്നോട്ട് വാഹനം ആവശ്യപ്പെടുകയായിരുന്നുവെന്ന് എ.എം. യൂസഫ് പറഞ്ഞു. പുലർച്ചെ 1.30നാണ് മന്ത്രി തന്നെ വിളിച്ചതെന്നും വെളുപ്പിന് 4.30ന് വാഹനം കളമശേരി റെസ്റ്റ്ഹൗസിൽ എത്തിക്കണമെന്നുമാണ് ആവശ്യപ്പെട്ടിരുന്നതെന്നും അദ്ദേഹം മാധ്യമങ്ങളോട് വ്യക്തമാക്കി. ഇതനുസരിച്ച് വാഹനം 4.30ന് തന്നെ റെസ്റ്റ്ഹൗസിൽ എത്തിച്ചിരുന്നു. അവിടെ നിന്നാണ് പിന്നീട് മന്ത്രി സ്വന്തം വാഹനം ഉപേക്ഷിച്ച് യൂസഫിന്റെ കാറിൽ എൻ.ഐ.എ ഓഫീസിലേക്ക് യാത്രതിരിച്ചത്.
മുൻപ് എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റിനു മുന്നിൽ ഹാജരാകുന്നതിനു മന്ത്രി വ്യവസായിയുടെ സ്വകാര്യ വാഹനത്തിലായിരുന്നു എത്തിയത്. ഇത് ഏറെ വിവാദങ്ങൾക്ക് ഇട നൽകിയ പശ്ചാത്തലത്തിലാണ് മുൻ എം.എൽ.എയുടെ കാറിൽ മന്ത്രി ചോദ്യം ചെയ്യലിന് എത്തിയത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.