'കാഫിര്‍'വിവാദം: ശരിയായി അന്വേഷിച്ചാല്‍ ചില സി.പി.എം നേതാക്കളുടെ കുടുംബങ്ങളിലേക്കെത്തുമെന്ന് വി.ഡി. സതീശൻ

പാലക്കാട്:'കാഫിര്‍'വിവാദത്തിൽ ശരിയായി അന്വേഷിച്ചാല്‍ ചില സി.പി.എം നേതാക്കളുടെ കുടുംബങ്ങളിലേക്കെത്തുമെന്ന് പ്രതിപക്ഷ നേതാവ് വി.ഡി. സതീശൻ. യി.ഡി.എഫ് പ്രതീക്ഷിച്ചിരുന്ന റിപ്പോര്‍ട്ടാണ് വടകര പാര്‍ലമെന്റ് നിയോജകമണ്ഡലത്തില്‍ വിവാദമായ 'കാഫിര്‍' പ്രയോഗവുമായി ബന്ധപ്പെട്ട് കേരള പൊലീസ് ഹൈകോടതിയില്‍ സമര്‍പ്പിച്ചതെന്ന് പാലക്കാട് മാധ്യമങ്ങളോട് അദ്ദേഹം പറഞ്ഞു.

റെഡ് എന്‍കൗണ്ടര്‍, പോരാളി ഷാജി, അമ്പാടി മുക്ക് സഖാക്കള്‍, മുന്‍ എം.എല്‍.എ കെ.കെ ലതികയുടെ ഫേസ്ബുക്ക് പോസ്റ്റും ഉള്‍പ്പെടെ അഞ്ച് സി.പി.എം സൈബര്‍ പേജുകളിലും വാട്‌സാപ് ഗ്രൂപ്പുകളിലുമാണ് ഇത് പ്രചരിച്ചതെന്നാണ് പൊലീസ് നല്‍കിയ റിപ്പോര്‍ട്ടിലുള്ളത്. കോണ്‍ഗ്രസിന്റെയും ലീഗിന്റെയും തലയില്‍ ചാരി സമൂഹത്തില്‍ ഭിന്നിപ്പുണ്ടാക്കാന്‍ സി.പി.എം നടത്തിയ ക്രൂരമായ ശ്രമമാണ് പുറത്ത് വന്നിരിക്കുന്നത്.

തിരഞ്ഞെടുപ്പില്‍ വോട്ട് കിട്ടാന്‍ ഏത് ഹീനമായ മാര്‍ഗവും അവലംബിക്കുമെന്നാണ് സി.പി.എം തെളിയിച്ചിരിക്കുന്നത്. ജനങ്ങള്‍ക്കിടയില്‍ മതപരമായ ഭിന്നിപ്പുണ്ടാക്കാനാണ് സി.പി.എം ശ്രമിച്ചത്.

കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥി ഷാഫി പറമ്പിലിന്റെ നേതൃത്വത്തില്‍ എല്‍.ഡി.എഫ് സ്ഥാനാർഥി 'കാഫിര്‍' ആണെന്ന പ്രചരണം നടത്തിയെന്ന് വരുത്തി തീര്‍ക്കാന്‍ ശ്രമിച്ചത്. അത് സാമൂഹികമായി ഉണ്ടാക്കിയേക്കാവുന്ന ഭിന്നിപ്പിന്റെ ആഘാതം എന്തായിരിക്കുമെന്നത് പരിശോധിക്കേണ്ടതാണ്. ഭീകര പ്രവര്‍ത്തനത്തിന് സമാനമായ വിദ്വേഷ പ്രചരണമാണ് സി.പി.എം നടത്തിയത്. വിദ്വേഷ പ്രചരണത്തില്‍ ഗവേഷണം നടത്തുന്ന ബി.ജെ.പി പോലും സി.പി.എമ്മിന് മുന്നില്‍ നാണിച്ച് തല താഴ്ത്തി നില്‍ക്കേണ്ട സ്ഥിതിയിലാണ്.

സംസ്ഥാനം ഭരിക്കുന്ന ഉത്തരവാദിത്തപ്പെട്ട ഒരു പാര്‍ട്ടിക്ക് യോജിച്ച പ്രവര്‍ത്തിയാണോ ഇതെന്ന് സി.പി.എം പരിശോധിക്കണം. വ്യാജ സന്ദേശം ആരാണ് ഉണ്ടാക്കിയതെന്ന് പൊലീസിന് അറിയാം. പക്ഷെ അവര്‍ക്ക് ഭയമാണ്. ഈ ഗൂഡാലോചന അന്വേഷിച്ചാല്‍ സി.പി.എമ്മിലെ ഉന്നതരായ നേതാക്കള്‍ കുടുങ്ങും. യു.ഡി.എഫ് ഒരു വിട്ടുവീഴ്ചക്കും തയാറല്ല. ഇതിന് അവസാനം കാണുന്നതു വരെ നിയമപരമായി പോരാടും. മുഹമ്മദ് കാസിം എന്ന യൂത്ത് ലീഗ് പ്രവര്‍ത്തകന്റെ തലയിലാണ് സി.പി.എം ഇത് കെട്ടിവെക്കാന്‍ ശ്രമിച്ചത്.

സ്വന്തം ഫോണ്‍ പൊലീസിന് മുന്നില്‍ ഹാജരാക്കി ഏത് അന്വേഷണവും നേരിടാന്‍ തയാറാണെന്ന ആ ചെറുപ്പക്കാരന്‍ കാട്ടിയ ധീരതയാണ് സത്യം പുറത്തുവരാന്‍ കാരണമായത്. ഹീനമായ ഗൂഡാലോചനയാണ് സി.പി.എം തിരഞ്ഞെടുപ്പിന് തൊട്ടുമുന്‍പ് നടത്തിയത്. പരസ്യമായി ക്ഷമാപണം നടത്താനും കുറ്റക്കാരെ നിയമത്തിന് മുന്നില്‍ കൊണ്ടു വരാനും തയാറാകണം. സംഘപരിവാറിനെയും ബി.ജെ.പിയെയും പോലെ സമൂഹത്തില്‍ ഭിന്നിപ്പുണ്ടാക്കാന്‍ വേണ്ടിയുള്ള ഒരു ശ്രമവും സി.പി.എം ഇനി നടത്തരുത്. അത്തരം ശ്രമങ്ങള്‍ കേരളീയ പൊതുസമൂഹത്തിന് അപകടകരമാകുമെന്ന് മുന്നറിയിപ്പ് നല്‍കുന്നു.

ഉന്നതരായ സി.പി.എം നേതാക്കളുടെ അറിവോടെയുള്ള തിരഞ്ഞെടുപ്പ് തന്ത്രത്തിന്റെ ഭാഗമായാണ് വിദ്വേഷ പ്രരണം നടത്തിയത്. സമൂഹത്തെ രണ്ടായി തിരിച്ച് അതില്‍ നിന്നും രാഷ്ട്രീയ മുതലെടുപ്പ് നടത്തി വോട്ട് നേടി ജയിക്കാനുള്ള ശ്രമമാണ് സി.പി.എം നടത്തിയത്. അതുതന്നെയാണ് സംഘപരിവാറും ചെയ്യുന്നത്. ഹൈക്കോടതി ആവശ്യപ്പെട്ടതു കൊണ്ടാണ് ഇപ്പോള്‍ പൊലീസ് അന്വേഷിച്ചത്. അല്ലെങ്കില്‍ ലീഗിന്റെയും കോണ്‍ഗ്രസിന്റെയും ഷാഫി പറമ്പിലിന്റെയും തലയില്‍ വച്ചേനെ.

എത്ര ഗദ്ഗദകണ്ഠയായാണ് എതിര്‍ സ്ഥാനാർഥി ഷാഫി പറമ്പിലിനെതിരെ പറഞ്ഞത്. എത്ര വലിയ ഗൂഡാലോചനയാണ് അതിന്റെ പിന്നില്‍ നടന്നത്. കെ.കെ ലതികക്കും ഇതില്‍ ഉത്തരവാദിത്തമുണ്ട്. അന്വേഷിച്ചു പോയാല്‍ ചില കുടുംബങ്ങളില്‍ എത്തിച്ചേരും. അതുകൊണ്ടാണ് പൊലീസ് അന്വേഷിക്കാത്തത്. സത്യം പുറത്തുവരുന്നതു വരെ നിയമപരമായി നേരിടുമെന്നും വി.ഡി. സതീശൻ പറഞ്ഞു. 

News Summary - 'Kafir' Controversy: VD Says If Properly Investigated Will Reach Some CPM Leaders' Families Satishan

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.