കൊച്ചി: ലോക്സഭ തെരഞ്ഞെടുപ്പിനോടനുബന്ധിച്ച് വടകര മണ്ഡലത്തിൽ കാഫിർ സ്ക്രീൻഷോട്ട് പ്രചരിപ്പിച്ച കേസിലെ അന്വേഷണം എത്രയുംവേഗം പൂർത്തിയാക്കണമെന്ന് ഹൈകോടതി. അന്വേഷണം അകാരണമായി വൈകിക്കരുത്. പിടിച്ചെടുത്ത മൊബൈൽ ഫോണുകളുടെ ഫോറൻസിക് പരിശോധന എത്രയുംവേഗം പൂർത്തിയാക്കണമെന്നും ജസ്റ്റിസ് ബെച്ചു കുര്യൻ തോമസ് ഉത്തരവിട്ടു.
സ്വതന്ത്രവും കാര്യക്ഷമവുമായ അന്വേഷണം ആവശ്യപ്പെട്ട്, ‘കാഫിർ’ കേസിൽ പ്രതിചേർക്കപ്പെട്ട എം.എസ്.എഫ് നേതാവ് പി.കെ. മുഹമ്മദ് കാസിം നൽകിയ ഹരജിയിലെ തുടർനടപടികൾ അവസാനിപ്പിച്ചാണ് സിംഗിൾബെഞ്ചിന്‍റെ ഉത്തരവ്. വിവാദമായ ‘കാഫിർ’ പോസ്റ്റ് തയാറാക്കിയതിലും പ്രചരിപ്പിച്ചതിലും ഹരജിക്കാരന് പങ്കില്ലെന്ന് അന്വേഷണത്തിൽ വ്യക്തമായതാണെന്നായിരുന്നു അഭിഭാഷകന്‍റെ വാദം. സ്ക്രീൻഷോട്ടിന് പിന്നിൽ ഹരജിക്കാരന് പങ്കില്ലെന്ന് സർക്കാറും അറിയിച്ചു. എന്നാൽ, ഇതുവരെ ഉറവിടം കണ്ടെത്താനായിട്ടില്ല. ഇതിനായി ശാസ്ത്രീയ അന്വേഷണം ആവശ്യമാണെന്നും സർക്കാറിനുവേണ്ടി ഹാജരായ അഡീഷനൽ പബ്ലിക് പ്രോസിക്യൂട്ടർ പി. നാരായണൻ വിശദീകരിച്ചു. എന്നാൽ, ഹരജിക്കാരന്റെ ഫോൺ പിടിച്ചെടുത്ത് പരിശോധനക്ക് അയച്ചെങ്കിലും സ്ക്രീൻഷോട്ട് പ്രചരിപ്പിച്ച മറ്റുള്ളവരെ പ്രതി ചേർത്തില്ലെന്ന് പരാതിക്കാരന്‍റെ അഭിഭാഷകൻ മുഹമ്മദ് ഷാ ചൂണ്ടിക്കാട്ടി. സംശയിക്കുന്ന എല്ലാ ഫോണുകളും പരിശോധനക്ക് വിടണം.
പരാതിയിൽ കേസെടുക്കാതെ കാസിമിനെതിരെ കേസെടുക്കുകയാണ് പൊലീസ് ചെയ്തത്. വ്യാജ പോസ്റ്റിന്റെ പേരിൽ രാഷ്ട്രീയപ്രേരിതമായി പ്രതിചേർത്തു. അതിനാൽ, ഹരജിക്കാരനെ ഇരയായി പരിഗണിക്കണമെന്നും അഭിഭാഷകൻ ആവശ്യപ്പെട്ടു. എന്നാൽ, ആയിരക്കണക്കിന് ഫോണുകൾ പരിശോധനക്കയക്കുന്നത് പ്രായോഗികമല്ലെന്ന് കോടതി പറഞ്ഞു.
ഇതുവരെയുള്ള അന്വേഷണം പ്രഥമദൃഷ്ട്യ തൃപ്തികരമാണ്. രജിസ്റ്റർ ചെയ്ത രണ്ട് കേസുകളുടെയും ഡയറി പരിശോധിച്ചതിൽനിന്ന് ഇതാണ് ബോധ്യമാകുന്നത്. രണ്ടാമത്തെ എഫ്.ഐ.ആറിൽ മതസ്പർധ വളർത്തിയതിനുള്ള 153എ വകുപ്പ് കൂട്ടിച്ചേർക്കണമെന്ന ആവശ്യം അന്വേഷണ ഉദ്യോഗസ്ഥൻ കണക്കിലെടുക്കണം. അന്വേഷണം എങ്ങനെ വേണമെന്ന് നിർദേശിക്കാൻ കോടതിക്കാവില്ല. അതേസമയം, അന്വേഷണഘട്ടത്തിൽ ആവശ്യമെങ്കിൽ പരാതിക്കാരന് ബന്ധപ്പെട്ട മജിസ്ട്രേറ്റ് കോടതിയെ സമീപിക്കാം. സ്ക്രീൻഷോട്ടിന്റെ ഉറവിടം കണ്ടെത്താനുള്ള സർവശ്രമങ്ങളും തുടരുമെന്ന സർക്കാറിന്റെ ഉറപ്പ് രേഖപ്പെടുത്തിയ കോടതി തുടർന്ന് ഹരജി തീർപ്പാക്കുകയായിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.