കൊച്ചി: കാക്കനാട് ലഹരിമരുന്ന് കേസിൽ അറസ്റ്റിലായ തിരുവല്ല കരിഞ്ഞാലിക്കുളം വീട്ടിൽ ത്വയ്ബ ഔലാദ് റിമാൻഡിൽ. ലഹരിമരുന്ന് കേസിൽ എക്സൈസ് ആദ്യം കസ്റ്റഡിയിലെടുക്കുകയും പിന്നീട് വിട്ടയക്കുകയും ചെയ്ത ത്വയ്ബയെ ഇന്നലെയാണ് എക്സൈസ് ക്രൈംബ്രാഞ്ച് അറസ്റ്റ് ചെയ്തത്. കേസ് ഏറ്റെടുത്ത എക്സൈസ് ക്രൈംബ്രാഞ്ച് ശനിയാഴ്ച ത്വയ്ബയെ വിളിച്ചുവരുത്തി മണിക്കൂറുകളോളം ചോദ്യം ചെയ്തതിന് ശേഷമാണ് അറസ്റ്റ് രേഖപ്പെടുത്തിയത്. അതിനിടെ, ത്വയ്ബയെ കാക്കനാട്ടെ ഫ്ലാറ്റിലെത്തിച്ച് അന്വേഷണ സംഘം തെളിവെടുപ്പ് പൂർത്തിയാക്കി.
കാക്കനാട്ടെ അപ്പാർട്മെൻറിൽ നിന്ന് എം.ഡി.എം.എ പിടികൂടിയപ്പോൾ ആദ്യം ഏഴുപേരെ കസ്റ്റഡിയിലെടുത്തെങ്കിലും അഞ്ചുപേരെ മാത്രമാണ് പ്രതിപ്പട്ടികയിൽ ഉൾപ്പെടുത്തിയത്. ത്വയ്ബ ഉൾപ്പെടെ രണ്ടുപേരെ ഒഴിവാക്കിയ നടപടി വിവാദമായി. ത്വയ്ബയും അറസ്റ്റിലായ മറ്റൊരു യുവതിയും ചേർന്ന് മയക്കുമരുന്ന് ഒളിപ്പിക്കാൻ ശ്രമിക്കുന്നതിന്റെ സി.സി ടി.വി ദൃശ്യങ്ങൾ പുറത്തുവരികയും ചെയ്തു.
കേസ് ഏറ്റെടുത്ത എക്സൈസ് ക്രൈംബ്രാഞ്ച് ശനിയാഴ്ച ത്വയ്ബയെ വിളിച്ചുവരുത്തി മണിക്കൂറുകളോളം ചോദ്യം ചെയ്തു. ഇതോടെ ത്വയ്ബ ഉൾപ്പെട്ട സംഘമാണ് കാറിൽ മയക്കുമരുന്ന് കടത്തിയതെന്ന് സ്ഥിരീകരിക്കുകയായിരുന്നു. ചോദ്യം ചെയ്യലിൽ ആദ്യം ആരോപണങ്ങൾ നിഷേധിച്ചെങ്കിലും തെളിവുകൾ നിരത്തിയതോടെ ത്വയ്ബക്ക് കുറ്റം സമ്മതിക്കേണ്ടിവന്നു.
എം.ഡി.എം.എ ഒളിപ്പിക്കുന്ന സി.സി ടി.വി ദൃശ്യങ്ങളും അറസ്റ്റിലായ മറ്റൊരു പ്രതി ഷബ്നയുടെ മൊഴിയും മുന്നിൽവെച്ചതോടെയാണ് കള്ളങ്ങൾ പൊളിഞ്ഞത്. സംഭവദിവസം പ്രതികൾ ഒരേ അപ്പാർട്മെൻറിൽ താമസിച്ചിരുന്നതായും വ്യക്തമായിട്ടുണ്ട്. ഇവർ ഒരുമിച്ചാണ് കാറിൽ ചെന്നൈയിൽ നിന്ന് എത്തിയതെന്നും ഉദ്യോഗസ്ഥർ സ്ഥിരീകരിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.