ഇരിട്ടി: വീട്ടിൽ നിർമാണത്തിനിടെ ബോംബ് സ്‌ഫോടനമുണ്ടായ സംഭവത്തിൽ ഗൃഹനാഥനായ ആർ.എസ്.എസ് പ്രവർത്തകൻ കാക്കയങ്ങാട് ആയിച്ചോത്ത് അമ്പലമുക്ക് പന്നിയോട് മുക്കോലപറമ്പത്ത് എ.കെ. സന്തോഷി(35)നെ പൊലീസ് അറസ്റ്റ് ചെയ്തു. സ്ഫോടനത്തിൽ പരിക്കേറ്റ സന്തോഷ് കോഴിക്കോട് ഉള്ള്യേരിയിലെ മലബാർ മെഡിക്കൽ കോളജിൽ ചികിത്സയിലായിരുന്നു. ഇവിടെനിന്ന് മടങ്ങുന്നതിനിടെയാണ് മുഴക്കുന്ന് പൊലീസ് അറസ്റ്റ് ചെയ്‌തത്.
2018ലും സമാനരീതിയിൽ സ്ഫോടനമുണ്ടാവുകയും സന്തോഷിന്റെ വിരൽ അറ്റുപോവുകയും ചെയ്തിരുന്നു. ബോംബ് നിർമാണത്തിനിടെയാണ് ഗുരുതര പരിക്കെന്ന് അന്ന് ശാസ്ത്രീയ പരിശോധനയിൽ തെളിഞ്ഞെങ്കിലും കാര്യമായ നടപടികളൊന്നുമുണ്ടായിട്ടില്ല. ഈയൊരു ധൈര്യത്തിൽനിന്നാണ് പ്രതി വീണ്ടും ബോംബ് നിർമാണത്തിലേക്ക് തിരിഞ്ഞതെന്നാണ് നാട്ടുകാർ പറയുന്നത്.
കേസിൽ വിചാരണ നേരിടവെയാണ് പുതിയ സംഭവം. ഞായറാഴ്ച വൈകീട്ടുണ്ടായ സ്ഫോടനത്തിൽ സന്തോഷിനും ഭാര്യ ലസിതക്കും പരിക്ക് പറ്റിയിരുന്നു.പൊലീസ് നടപടി കാര്യക്ഷമമല്ലെന്ന വിമർശനം ശക്തമാണ്. രണ്ടുതവണ സമാന രീതിയിൽ സ്ഫോടനമുണ്ടായിട്ടും കേസിന്റെ ഗൗരവം കണക്കിലെടുത്ത് കാര്യമായ അന്വേഷണംപോലും നടത്തിയിരുന്നില്ല. സ്ഫോടകവസ്തു അശ്രദ്ധമായി കൈകാര്യം ചെയ്തതതിനാണ് മുഴക്കുന്ന് പൊലീസ് ജാമ്യമില്ല കേസ് രജിസ്റ്റർ ചെയ്തത്.
ആർ.എസ്.എസ് പ്രവർത്തകന്റെ വീട്ടിലുണ്ടായ സ്ഫോടനം തുടക്കം മുതലേ മൂടിവെക്കാൻ ശ്രമമുണ്ടായെന്നാണ് ഡി.സി.സി പ്രസിഡന്റ് മാർട്ടിൻ ജോർജ് ആരോപിച്ചത്. ബോംബ് നിർമാണമോ സ്ഫോടനമോ നടന്നുവെന്ന് സ്ഥിരീകരിക്കാൻ ആദ്യം മുതലേ പൊലീസും സന്നദ്ധമായിരുന്നില്ല.
വീട്ടിനുള്ളിൽ നടന്ന ബോംബ് സ്‌ഫോടനം പ്രദേശത്തെ സമാധാനന്തരീക്ഷം തകർക്കാനുള്ള ആർ.എസ്.എസ് ശ്രമത്തിന്റെ ഭാഗമാണെന്ന് സി.പി.എം പേരാവൂർ ഏരിയാക്കമ്മിറ്റി ആരോപിച്ചു. ക്രിമിനലുകളെ വളർത്തുകയും എതിരാളികളെ കൊന്നൊടുക്കാൻ ബോംബ് നിർമാണമുൾപ്പടെ നടത്തി സ്വജീവൻ കളയുന്ന പ്രവർത്തകരെ സൃഷ്ടിക്കുകയാണ് ആർ.എസ്.എസ് ചെയ്യുന്നതെന്നും ബോംബ് നിർമ്മിക്കാൻ ഗൂഡാലോചന നടത്തിയവരെ കണ്ടെത്താൻ സമഗ്രാന്വേഷണം നടത്തണമെന്നും ഏരിയ കമ്മറ്റി ആവശ്യപ്പെട്ടു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.