പേരാമ്പ്ര: കരിമ്പനി കണ്ടെത്തിയ സൂപ്പിക്കടയില്‍ എൻറമോളജി വിഭാഗം നടത്തിയ പരിശോധനയില്‍ രോഗം പരത്തുന്ന മണലീച്ചയുടെ സാന്നിധ്യം കണ്ടെത്തി. 42കാരന് കരിമ്പനി ബാധിച്ചതിനെത്തുടർന്നുള്ള പരിശോധനയിലാണ് മണലീച്ചയുടെ സാന്നിധ്യം സ്ഥിരീകരിച്ചത്.
സോണല്‍ എൻറമോളജി യൂനിറ്റ് കോഴിക്കോട്, ഡിസ്ട്രിക്ട് വെക്ടര്‍ കണ്ട്രോള് യൂനിറ്റ് എന്നിവിടങ്ങളിലെ ഉദ്യോഗസ്ഥരാണ് പരിശോധന നടത്തിയത്. രോഗം സ്ഥിരീകരിച്ചയാളുടെ വീടും പരിസരവും പരിശോധിച്ചു. ഈ പ്രദേശത്ത് വ്യാപകമായി മണലീച്ചയുടെ സാന്നിധ്യം ഉള്ളതായി അധികൃതര്‍ പറഞ്ഞു. ഈര്‍പ്പമുള്ള സ്ഥലങ്ങളില്‍ മുട്ടയിട്ട് വിരിയുന്ന വളരെ ചെറിയ ഇനം ഈച്ചകളാണ് മണലീച്ചകള്‍.
വളര്‍ച്ചയെത്തിയ ഈച്ചകളെ പ്ലാസ്റ്ററിങ് നടത്താത്ത ചുമരുകളുടെ ചെറു സുഷിരങ്ങളിലും അട്ടിയിട്ട പലകകളിലുമാണ് കണ്ടുവരുന്നത്. ഇവ പറക്കുന്നതിനു പകരം ചാടിച്ചാടിയാണ് സഞ്ചരിക്കുക. ഒന്നര മുതല്‍ രണ്ട് മാസംവരെയാണ് ഇവയുടെ ആയുസ്സ്. ഇവിടെനിന്നും ശേഖരിച്ച മണലീച്ചകളെ കോട്ടയത്തെ വി.സി.ആര്.സിയില്‍ പരീക്ഷണ വിധേയമാക്കും. അതിനു ശേഷമേ സൂപ്പിക്കട സ്വദേശിക്ക് കരിമ്പനി പിടിപെട്ടത് ഇവിടെയുള്ള മണലീച്ചകളില്‍ നിന്നുതന്നെയാണെന്ന് സ്ഥിരീകരിക്കാനാകൂ.
സീനിയര്‍ എൻറമോളജിസ്റ്റ് അഞ്ജു വിശ്വെൻറ നേതൃത്വത്തിലുള്ള സംഘത്തില്‍ എൻറമോളജിസ്റ്റുകളായ സി.പി. ബാലന്, എസ്. ഷിഫ, വെക്ടര്‍ കണ്ട്രോള് യൂനിറ്റിലെ എം.സി. രാമചന്ദ്രന്, എന്‍.കെ. ജിമേഷ്, എ.കെ. ദീപ, കെ. സഹീഫ് എന്നിവരുണ്ടായിരുന്നു. ചങ്ങരോത്ത് പ്രാഥമികാരോഗ്യ കേന്ദ്രം ജെ.എച്ച്.ഐ പി.കെ. യൂസഫ്, ഗ്രാമപഞ്ചയത്ത് വൈസ് പ്രസിഡൻറ് മൂസ കോത്തമ്പ്ര, സ്റ്റാൻഡിങ് കമ്മിറ്റി ചെയര്മാന് ഇ.ടി. സരീഷ് തുടങ്ങിയവരും ഇവരുടെ കൂടെ ഉണ്ടായിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.