മലപ്പുറം: കളമശ്ശേരി സ്ഫോടനവുമായി ബന്ധപ്പെട്ട് സമൂഹമാധ്യമങ്ങളിൽ വിദ്വേഷ പ്രചാരണം നടത്തിയെന്നാരോപിച്ച് മലപ്പുറം ജില്ലയിലും നിരവധി പേർക്കെതിരെ പൊലീസ് കേസെടുത്തു. ചൊവ്വാഴ്ച മാത്രം പത്തിലധികം പേർക്കെതിരെ ജില്ലയിൽ കേസ് രജിസ്റ്റർ ചെയ്തു. തിങ്കളാഴ്ചയും കേസെടുത്തിരുന്നു.
ചങ്ങരംകുളം സ്റ്റേഷൻ പരിധിയിൽ നന്നംമുക്ക് സ്വദേശി കോലാട്ട് വളപ്പിൽ നസീർ, പടിഞ്ഞാറങ്ങാടി സ്വദേശി വൈക്കത്ത് അബു ഹൈദിൻ ഷംസു, മേലാറ്റൂർ സ്റ്റേഷൻ പരിധിയിൽ ശാന്തപുരം സ്വദേശി അത്തീഖ് മുഹമ്മദ്, പാണ്ടിക്കാട് സ്റ്റേഷൻ പരിധിയിലെ വെട്ടിക്കാട്ടിരി സ്വദേശി ജബ്ബാർ, പെരിന്തൽമണ്ണ സ്റ്റേഷൻ പരിധിയിലെ അങ്ങാടിപ്പുറം സ്വദേശി അനീസ്, പെരുമ്പടപ്പ് സ്റ്റേഷൻ പരിധിയിലെ പാലപ്പെട്ടി സ്വദേശി മുബാറക്, മലപ്പുറം സ്റ്റേഷൻ പരിധിയിൽ ജാഫർ നജൂസ്, അരീക്കോട് സ്റ്റേഷൻ പരിധിയിൽ സി.ടി. അബ്ദുൽ ജലീൽ, കൊളത്തൂർ സ്റ്റേഷൻ പരിധിയിൽ ജമാൽ മുഹ്സിൻ, കോട്ടക്കൽ സ്റ്റേഷൻ പരിധിയിലെ ഷിഹാബ് വിള്ളൂർ എന്നിവർക്കെതിരെയാണ് കേസുകൾ രജിസ്റ്റർ ചെയ്തത്.
കൂടാതെ, മഞ്ചേരി സ്റ്റേഷൻ പരിധിയിലും വണ്ടൂർ സ്റ്റേഷൻ പരിധിയിലും മേൽവിലാസം ലഭിക്കാത്ത രണ്ട് ഫേസ്ബുക്ക് ഐ.ഡികൾക്കെതിരെയും കേസ് രജിസ്റ്റർ ചെയ്തിട്ടുണ്ട്. സൈബർ സെല്ലിൽനിന്നും എസ്.പി ഓഫിസിൽനിന്നും ലഭിച്ച വിവരങ്ങളുടെ അടിസ്ഥാനത്തിലാണ് ഐ.പി.സി 153, കേരള പൊലീസ് ആക്ട് എന്നീ വകുപ്പുകൾ പ്രകാരം കേസെടുത്തത്.
കളമശ്ശേരി സ്ഫോടന പശ്ചാത്തലത്തിൽ പോസ്റ്റുകൾ എഴുതിയവർക്കും ഷെയർ ചെയ്തവർക്കെതിരെയുമാണ് കൂടുതൽ കേസുകളും. എന്നാൽ, ചില മാധ്യമങ്ങളിലടക്കം ഒരുവിഭാഗത്തെ സംശയമുനയിൽ നിർത്തിയ നടപടിയെ വിമർശിച്ച് എഴുതിയ പോസ്റ്റുകൾ ഷെയർ ചെയ്തവർക്കെതിരെയും കേസെടുത്തതായി ആരോപണമുണ്ട്. വിദ്വേഷ പ്രചാരണം ലക്ഷ്യംവെക്കാത്ത പോസ്റ്റുകൾക്ക് കേസെടുത്തതിൽ വിമർശനം ഉയർന്നിട്ടുണ്ട്.
കേസെടുത്തവരെ സ്റ്റേഷനിൽ വിളിപ്പിക്കുകയും പലരുടെയും ഫോണുകൾ പൊലീസ് വാങ്ങിക്കുകയും ചെയ്തിട്ടുണ്ട്. വംശീയപ്രചാരണം നടത്തിയവർക്കെതിരെ കേസെടുക്കുന്നതിന് തൂക്കം ഒപ്പിക്കാനാണ് നിരപരാധികളായവരെ പ്രതിചേർത്ത് കേസെടുക്കുന്നതെന്ന വിമർശനവുമായി വെൽെഫയർ പാർട്ടിയടക്കമുള്ളവർ രംഗത്തുവന്നിട്ടുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.