കളമശ്ശേരി സ്ഫോടനത്തിൽ മരണം രണ്ടായി; എഫ്.ഐ.ആറിൽ തീവ്രവാദപ്രവർത്തനവും

കൊച്ചി:കളമശ്ശേരിയിൽ രണ്ടായിരത്തോളം പേർ പങ്കെടുത്ത യഹോവ സാക്ഷികളുടെ വാർഷിക കൺവെൻഷനിലുണ്ടായ ബോംബ് സ്ഫോടനത്തിൽ രണ്ടു സ്ത്രീകൾ മരിച്ചു. മണിക്കൂറുകൾ നീണ്ട ദുരൂഹതക്കും തിരച്ചിലുകൾക്കുമൊടുവിൽ സ്വയം കുറ്റമേറ്റ് തൃശൂർ കൊടകര പൊലീസ് സ്റ്റേഷനിൽ ഹാജരായ എറണാകുളം തമ്മനത്ത് താമസിക്കുന്ന ഡൊമിനിക് മാർട്ടിനാണ് പ്രതിയെന്ന് പൊലീസ് സ്ഥിരീകരിച്ചു. സംഭവത്തിൽ 62 പേർക്ക് പരിക്കേറ്റു.

12 വയസ്സുകാരിയുൾപ്പെടെ അഞ്ചുപേരുടെ സ്ഥിതി ഗുരുതരമാണ്. സംഭവസ്ഥലത്തുതന്നെ മരിച്ച വയോധികയെ രാത്രി വൈകിയും തിരിച്ചറിഞ്ഞിട്ടില്ല. തൊടുപുഴ സ്വദേശി കുമാരിയാണ് (53) മരിച്ച രണ്ടാമത്തെയാൾ. 90 ശതമാനത്തിലേറെ പൊള്ളലേറ്റ് കളമശ്ശേരിയിലെ എറണാകുളം സർക്കാർ മെഡിക്കല്‍ കോളജ് തീവ്രപരിചരണ വിഭാഗത്തില്‍ ചികിത്സയിലായിരുന്ന ഇവർ രാത്രി ഏഴരയോടെയാണ് മരിച്ചത്. ഞായറാഴ്ച രാവിലെ 9.30ഓടെയാണ് ഉഗ്രസ്ഫോടനത്തോടെ നാടിനെ ഞെട്ടിച്ച സംഭവമുണ്ടായത്.

ജില്ലയിലെ വിവിധ ഭാഗങ്ങളിൽനിന്നും സമീപ ജില്ലകളിൽനിന്നുമുള്ള യഹോവ സാക്ഷികളുടെ വാർഷിക കൺവെൻഷനാണ് കളമശ്ശേരി മെഡിക്കൽ കോളജിനടുത്ത സംറ കൺവെൻഷൻ സെന്‍ററിൽ നടന്നത്. വെള്ളിയാഴ്ച തുടങ്ങിയ സമ്മേളനത്തിന്‍റെ സമാപന ദിനമായിരുന്ന ഞായറാഴ്ച രാവിലെ പ്രാർഥന തുടങ്ങി അൽപസമയത്തിനുള്ളിലാണ് പൊട്ടിത്തെറിയുണ്ടായത്. ആളുകൾ തിങ്ങിനിറഞ്ഞ ഹാളിന്‍റെ മധ്യഭാഗത്ത്, വേദിയിൽനിന്ന് അഞ്ചുമീറ്റർ മാറിയാണ് ഒന്നിനുപിറകെ ഒന്നായി മൂന്ന് പൊട്ടിത്തെറികളുണ്ടായത്. ആദ്യ സ്ഫോടനത്തിനൊപ്പം തീഗോളം മുകളിലേക്ക് ഉയർന്ന് താഴേക്ക് പതിച്ചു.

തീ പടർന്നതോടെ സ്ത്രീകളും കുട്ടികളും പ്രായമായവരുമെല്ലാം ഇറങ്ങി ഓടുകയായിരുന്നു. മരിച്ച സ്ത്രീയുടെയും ഗുരുതരമായി പരിക്കേറ്റവരുടെയും ശരീരത്തിലേക്ക് തീ കത്തിപ്പടർന്നു. പരിക്കേറ്റവരെ കൺവെൻഷനിൽ പങ്കെടുത്തവർതന്നെ മെഡിക്കൽ കോളജിന്‍റെ ആംബുലൻസുകളിൽ മെഡിക്കൽ കോളജ് ആശുപത്രിയിലെത്തിച്ചു. പിന്നീട് വിവിധ ആശുപത്രികളിലേക്ക് കൊണ്ടുപോയി. ഗുരുതര പരിക്കേറ്റ കുട്ടിയടക്കം രണ്ടുപേർ വെൻറിലേറ്ററിലാണ്. പരിക്കേറ്റവർ മെഡിക്കൽ കോളജിന് പുറമെ ആലുവ രാജഗിരി, കൊച്ചി ആസ്റ്റർ മെഡ്സിറ്റി, കാക്കനാട് സൺറൈസ് ആശുപത്രികളിലാണുള്ളത്.

ബോംബ് സ്ഫോടനംതന്നെയാണ് ഉണ്ടായതെന്ന് തിരുവനന്തപുരത്ത് സംസ്ഥാന പൊലീസ് മേധാവി ഷെയ്ഖ് ദർവേഷ് സാഹിബ് ഉച്ചയോടെ സ്ഥിരീകരിച്ചു. ഐ.ഇ.ഡി എന്നറിയപ്പെടുന്ന ഇംപ്രവൈസ്ഡ് എക്സ്പ്ലോസിവ് ഡിവൈസ് ആണ് പൊട്ടിത്തെറിച്ചതെന്നാണ് പ്രാഥമികാന്വേഷണത്തിൽ വ്യക്തമായത്. സ്ഫോടന സമയത്ത് നീല കാർ കൺവെൻഷൻ സെൻറർ വളപ്പിൽനിന്ന് പുറത്തുപോവുന്നതായി സി.സി ടി.വി ദൃശ്യങ്ങളിൽ വ്യക്തമായതിനെത്തുടർന്ന് ഇതിനെ കേന്ദ്രീകരിച്ചായി പ്രധാന അന്വേഷണം. സി.സി ടി.വിയും സാക്ഷിമൊഴികളും സാഹചര്യത്തെളിവുകളും മറ്റും ശേഖരിച്ച് പൊലീസ് അന്വേഷണവുമായി മുന്നോട്ടുപോയി. എൻ.ഐ.എയുടെ ഉന്നത ഉദ്യോഗസ്ഥരും പരിശോധനക്കെത്തി.

നീല കാറിനെ കേന്ദ്രീകരിച്ചടക്കം അന്വേഷണം നടക്കുന്നതിനിടെയാണ് കൊടകര പൊലീസ് സ്റ്റേഷനിൽ ഡൊമിനിക് മാർട്ടിൻ എന്നൊരാൾ കൃത്യം ചെയ്തത് താനാണെന്ന് അവകാശപ്പെട്ട് കീഴടങ്ങിയതായി വിവരം വരുന്നത്. വിശദ ചോദ്യംചെയ്യലിന് ശേഷമാണ് മാർട്ടിനാണ് സ്ഫോടനം ആസൂത്രണം ചെയ്തതെന്ന് വൈകുന്നേരത്തോടെ പൊലീസ് സ്ഥിരീകരിച്ചത്. സ്ഫോടനം നടത്തിയതിന്‍റെ തെളിവുകളും മറ്റും ഇയാളുടെ ഫോണിൽനിന്ന് കണ്ടെടുത്തിട്ടുണ്ട്. കൃത്യം നടത്തുന്നതിനു പിന്നിലുള്ള കാരണമെന്തെന്ന് ഫേസ്ബുക്ക് ലൈവിലൂടെ ഇയാൾ വെളിപ്പെടുത്തി. ഇതേ കാര്യങ്ങൾതന്നെയാണ് പൊലീസിനോടും വ്യക്തമാക്കിയത്.

നൽകിയ വിവരങ്ങളും താമസസ്ഥലത്ത് നടത്തിയ അന്വേഷണത്തെതുടർന്ന് ലഭിച്ച വിവരങ്ങളും മൊബൈലിൽ നിന്നടക്കം കിട്ടിയ തെളിവുകളും ബോധ്യമായതോടെ പ്രതി ഇയാൾതന്നെയെന്ന് പൊലീസ് സ്ഥിരീകരിക്കുകയായിരുന്നു. തുടർന്ന് ചോദ്യംചെയ്യലിനും തുടർ നടപടികൾക്കുമായി ആലുവ പൊലീസ് ക്ലബിലേക്ക് കൊണ്ടുപോയി. മരിച്ച കുമാരി തൊഴിലുറപ്പ് തൊഴിലാളിയാണ്. ഭർത്താവ് പരേതനായ പുഷ്പൻ. മക്കൾ: ശ്രീരാജ്, ശ്രീരാഗ്. മരുമകൾ ബിന്ദു. ഇവർ നാലു വർഷം മുമ്പാണ് യഹോവ സാക്ഷി വിശ്വാസത്തിൽ ചേർന്നത്. സ്ഫോടനത്തിന്‍റെ പശ്ചാത്തലത്തിൽ സംസ്ഥാനത്തുടനീളം ജാഗ്രത നിർദേശം നൽകിയിരുന്നു.  

എഫ്.ഐ.ആറിൽ തീവ്രവാദപ്രവർത്തനവും (പ്രതി പിടിയിലാകുംമുമ്പ് തയാറാക്കിയതാണ് എഫ്.ഐ.ആർ)

കൊച്ചി: കളമശ്ശേരി സ്ഫോടനക്കേസിനു പിന്നിൽ തീവ്രവാദ പ്രവർത്തനങ്ങളിലൂടെ രാജ്യത്തിന്‍റെ അഖണ്ഡത, സുരക്ഷിതത്വം, പരമാധികാരം, എന്നിവക്ക് ഭീഷണി ഉയർത്തുന്നതിനുള്ള ഉദ്ദേശ്യമായിരുന്നുവെന്ന് എഫ്.ഐ.ആർ. പ്രതി ഡൊമിനിക് മാർട്ടിൻ പിടിയിലാവുംമുമ്പേ കളമശ്ശേരി പൊലീസ് തയാറാക്കിയ എഫ്.ഐ.ആറിലാണ് ഇത്തരം പരാമർശങ്ങളുള്ളത്. ഉഗ്രസ്ഫോടനത്തോടെ രാജ്യത്തെ ജനങ്ങളുടെ ജീവനും സ്വത്തിനും അപകടംവരുത്തി മനുഷ്യരെ കൊലപ്പെടുത്തണമെന്ന ഉദ്ദേശ്യത്തോടെയാണ് കൺവെൻഷൻ ഹാളിൽ സ്ഫോടനം നടത്തിയതെന്നും ഇതിൽ പറയുന്നു.

എ.ആർ ക്യാമ്പിലെത്തിച്ച് ചോദ്യം ചെയ്തു; കൃത്യം വിവരിച്ച് മാർട്ടിൻ

കൊ​ച്ചി: ക​ള​മ​ശ്ശേ​രി സ്ഫോ​ട​ന​ക്കേ​സ് പ്ര​തി ഡൊ​മി​നി​ക് മാ​ർ​ട്ടി​നെ ക​ള​മ​ശ്ശേ​രി എ.​ആ​ർ ക്യാ​മ്പി​ലെ​ത്തി​ച്ച്​ ചോ​ദ്യം ചെ​യ്തു. വൈ​കീ​ട്ടോ​ടെ​യാ​ണ് തൃ​ശൂ​ർ കൊ​ട​ക​ര പൊ​ലീ​സ് സ്റ്റേ​ഷ​നി​ൽ​നി​ന്ന് ഇ​യാ​ളെ എ.​ആ​ർ ക്യാ​മ്പി​ലെ​ത്തി​ച്ച​ത്. ഡി.​ജി.​പി ഷെ​യ്ഖ് ദ​ർ​വേ​ഷ് സാ​ഹി​ബി​ന്‍റെ നേ​തൃ​ത്വ​ത്തി​ലു​ള്ള ചോ​ദ്യം ചെ​യ്യ​ൽ രാ​ത്രി വൈ​കി​യും നീ​ണ്ടു. നേ​ര​ത്തേ ഫേ​സ്ബു​ക്ക് ലൈ​വി​ലും കൊ​ട​ക​ര പൊ​ലീ​സി​നോ​ടും പ​റ​ഞ്ഞ​തും ത​ന്നെ​യാ​ണ് ഉ​ന്ന​ത പൊ​ലീ​സ് ഉ​ദ്യോ​ഗ​സ്ഥ​ർ​ക്ക്​ മു​ന്നി​ലും ഇ​യാ​ൾ ആ​വ​ർ​ത്തി​ച്ച​ത്.

ആ​റു​മാ​സം മു​മ്പ്​ സ്ഫോ​ട​നം ന​ട​ത്താ​ൻ ഒ​രു​ക്കം ആ​രം​ഭി​ച്ച​താ​യി മാ​ർ​ട്ടി​ൻ പൊ​ലീ​സി​നോ​ട് പ​റ​ഞ്ഞു. ഇ​ന്‍റ​ർ​നെ​റ്റി​ലൂ​ടെ​യാ​ണ് ബോം​ബു​ണ്ടാ​ക്കാ​ൻ പ​ഠി​ച്ച​തെ​ന്നും മാ​ർ​ട്ടി​ൻ അ​റി​യി​ച്ചു. കൂ​ടാ​തെ ആ​സൂ​ത്ര​ണ​ത്തി​ന്‍റെ വി​ശ​ദാം​ശ​ങ്ങ​ളും വെ​ളി​പ്പെ​ടു​ത്തി. ഇ​തി​നി​ടെ ത​മ്മ​ന​ത്തെ ഇ​യാ​ൾ താ​മ​സി​ക്കു​ന്ന വാ​ട​ക​വീ​ട്ടി​ലെ​ത്തി ഭാ​ര്യ​യെ​യും കു​ടും​ബാം​ഗ​ങ്ങ​ളെ​യും പൊ​ലീ​സ് ചോ​ദ്യം ചെ​യ്തു. സ്ഫോ​ട​ക വ​സ്തു​വി​ന്‍റെ റി​മോ​ട്ട് ക​ണ്ടെ​ത്തി​യ​താ​യും സ്ഥി​രീ​ക​രി​ക്കാ​ത്ത റി​പ്പോ​ർ​ട്ടു​ണ്ട്. ഡൊ​മി​നി​ക് മാ​ർ​ട്ടി​ൻ ബോം​ബു​ണ്ടാ​ക്കാ​ൻ സാ​ധ​ന​ങ്ങ​ൾ വാ​ങ്ങി​ച്ച ക​ട​ക​ളും അ​ന്വേ​ഷ​ണ സം​ഘം ക​ണ്ടെ​ത്തി സ്ഥി​രീ​ക​രി​ച്ചി​ട്ടു​ണ്ട്.

പരിക്കേറ്റവർ ഇവർ

കൊ​ച്ചി: ക​ള​മ​ശ്ശേ​രി​യി​ലെ ബോം​ബ് സ്ഫോ​ട​ന​ത്തി​ൽ പ​രി​ക്കേ​റ്റ് ആ​കെ ചി​കി​ത്സ തേ​ടി​യ​ത് 52 പേ​ർ. നി​ല​വി​ൽ 30 പേ​ർ ചി​കി​ത്സ​യി​ലു​ണ്ട്. ആ​റു​പേ​രു​ടെ നി​ല ​ഗു​രു​ത​ര​മാ​ണെ​ന്ന് ആ​രോ​ഗ്യ​മ​ന്ത്രി വീ​ണ ജോ​ർ​ജ് അ​റി​യി​ച്ചു. ഇ​തി​ൽ മൂ​ന്നു​പേ​ർ മെ​ഡി​ക്ക​ൽ കോ​ള​ജി​ലാ​ണ്.​നി​ല​വി​ൽ 30 പേ​രാ​ണ് വി​വി​ധ ഇ​ട​ങ്ങ​ളി​ലാ​യി ചി​കി​ത്സ​യി​ലു​ള്ള​ത്. ഇ​തി​ൽ 18 പേ​ർ ഐ.​സി.​യു​വി​ലാ​ണ്.

കാ​ക്ക​നാ​ട് സ​ൺ​റൈ​സ്‌ ആ​ശു​പ​ത്രി​യി​ൽ റീ​ന ക​റു​കു​റ്റി (46), ഷാ​ൻ​ജോ എ​റ​ണാ​കു​ളം (11), സെ​ലി​സ്‌​റ്റി പ​റ​വൂ​ർ (26), ജോ​സ്‌ പ​റ​വൂ​ർ (65), ഷൈ​ല കാ​ല​ടി (54), മേ​രി റി​ച്ചാ​ഡ്‌ കാ​ക്ക​നാ​ട്‌ (52), ഷി​ജി​ൽ ജോ​സ​ഫ്‌ ക​റു​കു​റ്റി (53), ജി​ഷ കാ​ല​ടി (43) എ​ന്നി​വ​രെ​യാ​ണ് പ്ര​വേ​ശി​പ്പി​ച്ച​ത്. രാ​ജ​ഗി​രി ആ​ശു​പ​ത്രി​യി​ൽ ജെ​റാ​ൾ​ഡ്‌ ജിം ​കാ​ല​ടി (14), മോ​ളി ജോ​യി (61), ജോ​യി മാ​ത്യു (68), വി​നീ​ത സ്‌​ക​റി​യ (37), അ​ല​ക്‌​സ്‌ ജി. ​ജോ​യി (37), ജെ​സി സ്‌​ക​റി​യ (53), ബേ​ബി റ​യാ​ൻ (ഒ​ന്ന്‌), ലി​ല്ലി കെ. ​ജോ​ൺ (76), മോ​സ​സ്‌ സൈ​റ​സ്‌ (18), കെ.​എ. ജോ​ൺ (77) എ​ന്നി​വ​രെ പ്ര​വേ​ശി​പ്പി​ച്ചു. സാ​ലി പ്ര​ദീ​പ​ൻ മ​ല​യാ​റ്റൂ​ർ (45), മ​ക​ൻ പ്ര​വീ​ൺ മ​ല​യാ​റ്റൂ​ർ (24) എ​ന്നി​വ​ർ ആ​സ്റ്റ​ർ മെ​ഡ്​​സി​റ്റി​യി​ലും റ​ബേ​ക്ക (7), മാ​താ​വ്​ ര​ച​ന (37), സി​സി​ലി (63) എ​ന്നി​വ​ർ പെ​രു​മ്പാ​വൂ​ർ സാ​ൻ​ജോ ആ​ശു​പ​ത്രി​യി​ലും ചി​കി​ത്സ​യി​ലു​ണ്ട്. ഇ​തി​ൽ സി​സി​ലി ആ​ശു​പ​ത്രി വി​ട്ടു.

Tags:    
News Summary - Kalamassery blast death toll to two; The deceased was a native of Thodupuzha

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.