കാളികാവ് പഞ്ചായത്തിൽ അവിശ്വാസ പ്രമേയം; പ്രസിഡൻറിനെ പുറത്താക്കി

കാളികാവ്: കാളികാവ് പഞ്ചായത്ത് പ്രസിഡൻറ്​ സി.പി.എമ്മിലെ എൻ. സൈതാലിയെ അവിശ്വാസ പ്രമേയത്തിലൂടെ പുറത്താക്കി. അവിശ്വാസ പ്രമേയം ചൊവ്വാഴ്ച ചർച്ച ചെയ്യാനിരിക്കെ പ്രസിഡൻറ്​ രാവിലെ രാജിക്കത്ത് ദൂതൻ വഴി പഞ്ചായത്ത് സെക്രട്ടറി അനൂപ് മോഹന് എത്തിച്ച് നൽകിയിരുന്നു.

നേരിട്ടോ റജിസ്റ്റർ തപാലിലോ രാജിക്കത്ത് അയക്കണമെന്നാണ് വ്യവസ്ഥ. നടപടിക്രമങ്ങൾ പാലിക്കാത്തതിനാൽ വരണാധികാരി ബി.ഡി.ഒ കേശവദാസ് രാജി സ്വീകരിച്ചില്ല. തുടർന്ന്​ വോട്ടെടുപ്പിൽ പതിനൊന്ന് അംഗങ്ങൾ പിന്തുണച്ചതോടെ അവിശ്വാസ പ്രമേയം പാസാവുകയായിരുന്നു. എട്ട് സി.പി.എം അംഗങ്ങൾ വോട്ടെടുപ്പിൽ പങ്കെടുത്തില്ല.

യു.ഡി.എഫിന്​ മുൻതൂക്കമുള്ള പഞ്ചായത്തിൽ മുസ്ലിം ലീഗിലെ വി.പി. നാസറായിരുന്നു പ്രസിഡൻറായി തെരഞ്ഞെടുക്കപ്പെടേണ്ടിയിരുന്നത്. എന്നാൽ മൂന്ന് കോൺഗ്രസ് അംഗങ്ങൾ കൂറുമാറിയതിനെ തുടർന്ന്​ കഴിഞ്ഞ നവംബർ 16ന് നടന്ന പ്രസിഡൻറ്​ തെരഞ്ഞെടുപ്പിൽ​ എട്ട് അംഗങ്ങൾ മാത്രമുള്ള സി.പി.എം അട്ടിമറിയിലൂടെ ഭരണം പിടിച്ചെടുത്തു.

എന്നാൽ കൂറുമാറിയ കോൺഗ്രസ് അംഗങ്ങൾ കഴിഞ്ഞ ദിവസം വീണ്ടും യു.ഡി.എഫ് നിലപാടിലേക്ക് തിരിച്ചെത്തി.

ഇതോടെയാണ് യു.ഡി.എഫ് പ്രസിഡൻറിനെതിരെ അവിശ്വാസ പ്രമേയം കൊണ്ടുവന്നത്. മെയ് 18നായിരുന്നു യു.ഡി.എഫ് അംഗങ്ങൾ പ്രസിഡൻറിനെതിരെ അവിശ്വാസ പ്രമേയത്തിന്​ നോട്ടീസ് നൽകിയത്.

ജൂൺ ഒന്നിന് അവിശ്വാസ പ്രമേയത്തിൽ ചർച്ചയും വോട്ടെടുപ്പും നടക്കാനിരിക്കെ മെയ് 25ന് കോടതി അവിശ്വാസ പ്രമേയ നടപടിക്രമങ്ങൾ സ്റ്റേ ചെയ്തു. തുടർന്ന് യു.ഡി.എഫ് കോടതിയെ സമീപിച്ച് സ്റ്റേ നീക്കുകയായിരുന്നു. 

Tags:    
News Summary - kalikavu panchayath non confidence motion; president out

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.