കൊച്ചി: ദക്ഷിണേന്ത്യയിൽ ഭീകരാക്രമണം നടത്താൻ കണ്ണൂരിലെ കനകമലയില്‍ ഗൂഢാലോചന നടത്തിയെന്ന കേസിൽ മുഖ്യ സൂത്രധാരനും ഒന്നാം പ്രതിയുമായ കണ്ണൂര്‍ അണിയാരം മദീന മഹലി ല്‍ മുത്തക്ക, ഉമര്‍ അല്‍ ഹിന്ദി എന്നീ പേരുകളിലറിയപ്പെടുന്ന മന്‍സീദിന് (33) 14 വർഷം കഠിന തടവ്.
ആകെ 55 വർഷം കഠിന തടവും 15,000 രൂപ പിഴയുമാണ് വിധിച്ചതെങ്കിലും ശിക്ഷ ഒരുമിച്ച് 14 വ ർഷം അനുഭവിച്ചാൽ മതിയാകും. വ്യക്തിസ്വാതന്ത്ര്യത്തെക്കാൾ സാമൂഹിക സുരക്ഷക്കാണ് ഊ ന്നൽ നൽകേണ്ടതെന്ന മുഖവുരയോടെയാണ് കോടതി ശിക്ഷ പ്രഖ്യാപിച്ചത്.
വിദേശികൾ അട ക്കമുള്ളവർക്കുനേരെ ആക്രമണത്തിന് പദ്ധതിയിട്ടതായി പറയുന്ന രണ്ടാം പ്രതി ചെന്നൈയില്‍ താമസിക്കുന്ന തൃശൂര്‍ ചേലക്കര വേങ്ങല്ലൂര്‍ അമ്പലത്ത് വീട്ടില്‍ അബുഹസ്ന എന്ന സ്വാലിഹ് മുഹമ്മദിന് (29) 32 വർഷം കഠിന തടവാണ് വിധിച്ചതെങ്കിലും ശിക്ഷ ഒരുമിച്ച് 10 വർഷം കഠിനതടവ് അനുഭവിച്ചാൽ മതി.
ആദ്യ രണ്ട് പ്രതികളുടെ ആജ്ഞകൾക്കനുസരിച്ച് പ്രവർത്തിച്ച മൂന്നാം പ്രതി കോയമ്പത്തൂര്‍ ജി.എം സ്ട്രീറ്റില്‍ റാഷിദ് എന്ന അബുബഷീറിന് (32) ഏഴുവർഷം കഠിന തടവും 15,000 രൂപ പിഴയുമാണ് ശിക്ഷ.
അഞ്ചാം പ്രതി മലപ്പുറം തിരൂര്‍ പൊന്മുണ്ടം പൂക്കാട്ടില്‍ വീട്ടില്‍ പി. സഫ്വാന് (33) എട്ട് വർഷം കഠിനതടവും 10,000 രൂപ പിഴയുമാണ് ശിക്ഷ. നാലാം പ്രതി കോഴിക്കോട് കുറ്റ്യാടി നങ്ങീലങ്കണ്ടി വീട്ടിൽ ആമു എന്ന റംഷാദിന് (27) മൂന്നുവർഷം കഠിനതടവും വിധിച്ചു. ഇതിനകം മൂന്നുവർഷത്തെ തടവ് പൂർത്തിയാക്കിയതിനാൽ റംഷാദ് ജയിൽമോചിതനായി.
എട്ടാം പ്രതി കാസര്‍കോട് കാഞ്ഞങ്ങാട് ലക്ഷ്മി നഗര്‍ കുന്നുമ്മേല്‍ മൊയ്നുദ്ദീന് പാറക്കടവത്തിനും (27) മൂന്ന് വർഷം കഠിനതടവും 50,000 രൂപ പിഴയുമാണ് വിധിച്ചത്. അവസാനം അറസ്റ്റിലായ ഇയാളുടെ ശിക്ഷ 2020 ഫെബ്രുവരിയിൽ കഴിയും.
ആറാം പ്രതിയായിരുന്ന കുറ്റ്യാടി നങ്ങീലങ്കണ്ടി വീട്ടില്‍ ജാസിമിനെ തെളിവുകളുടെ അഭാവത്തിൽ വെറുതെവിട്ടിരുന്നു. ഏഴാം പ്രതി കോഴിക്കോട് സ്വദേശി ഷജീർ മംഗലശ്ശേരി അഫ്ഗാനിസ്താനിൽ ആക്രമണത്തിനിടെ കൊല്ലപ്പെട്ടതായാണ് അന്വേഷണസംഘം കോടതിയെ അറിയിച്ചത്.
പ്രതികൾ രാജ്യാന്തര ഭീകരസംഘടനയായ ഐ.എസിൽ ചേരാൻ ആഗ്രഹിച്ചിരിക്കാം. എന്നാൽ, അവർ അതിൽ അംഗങ്ങളായതിന് തെളിവില്ല. കുറ്റം ചെയ്യാൻ ഉദ്ദേശിച്ചിരുന്നു എന്ന കാരണത്താൽ ശിക്ഷിക്കാനാവില്ലെന്നും ചെയ്ത കുറ്റത്തിനാണ് ശിക്ഷയെന്നും കോടതി വ്യക്തമാക്കി.
കുറ്റമറ്റ അന്വേഷണം നടത്തിയ എൻ.ഐ.എ ഡെപ്യൂട്ടി സൂപ്രണ്ട് എ.പി. ഷൗക്കത്തലിയെ കോടതി ഉത്തരവിൽ പ്രശംസിച്ചു. പ്രോസിക്യൂഷനുവേണ്ടി എൻ.ഐ.എ സ്പെഷൽ പ്രോസിക്യൂട്ടർ അർജുൻ അമ്പലപ്പറ്റയാണ് ഹാജരായത്.
2016 ഒക്ടോബറില്‍ കനകമലയില്‍ ഐ.എസ് അനുകൂല രഹസ്യയോഗം ചേര്‍ന്ന് ഭീകരവാദ പ്രവര്‍ത്തനങ്ങള്‍ ആസൂത്രണം ചെയ്തെന്ന് ആരോപിച്ചാണ് കേസ് രജിസ്റ്റർ ചെയ്തത്. ആരാധനാലയങ്ങൾ, ഹൈകോടതി ജഡ്ജിമാര്‍, രാഷ്ട്രീയ നേതാക്കള്‍, ഉന്നത പൊലീസ് ഉദ്യോഗസ്ഥര്‍ എന്നിവരെ ആക്രമിക്കാന്‍ ഗൂഢാലോചന നടത്തിയെന്നുമായിരുന്നു എൻ.ഐ.എയുടെ കണ്ടെത്തൽ.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.