തിരുവനന്തപുരം: കണ്ണൂർ അന്താരാഷ്ട്ര വിമാനത്താവളത്തിന്റെ ദുഃസ്ഥിതി നിയമസഭയിൽ. കേന്ദ്ര സർക്കാർ ‘പോയന്റ് ഓഫ് കോൾ’ പദവി അനുവദിക്കാത്തത് മൂലം യാത്രക്കാരുണ്ടായിട്ടും സർവിസ് ചുരുങ്ങുകയാണെന്ന് ശ്രദ്ധക്ഷണിക്കൽ വേളയിൽ സജീവ് ജോസഫ് ചൂണ്ടിക്കാട്ടി.
നാല് കമ്പനികളാണ് തുടക്കത്തിലുണ്ടായിരുന്നതെങ്കിൽ ഇപ്പോൾ രണ്ട് കമ്പനികളുടെ സർവിസേ ഉള്ളൂ. പോയന്റ് ഓഫ് കോൾ പദവി ഇല്ലാത്തതിനാൽ അന്തർദേശീയ വിമാന കമ്പനികൾക്കൊന്നും സർവിസ് നടത്താനാവുന്നില്ല. ഉത്തര മലബാറിലെ ആയിരക്കണക്കിന് യാത്രക്കാരെയാണ് ഇത് ബാധിക്കുക. വിമാനത്താവളത്തിലേക്ക് കണ്ണൂരിൽനിന്നുള്ള റോഡ് പോലും പൂർണാർഥത്തിൽ സജ്ജമായിട്ടില്ല. യൂസർ ഫീസ് വർധിപ്പിച്ചതോടെ ടിക്കറ്റ് നിരക്കിൽ 2000 രൂപ വരെ വർധിച്ച സ്ഥിതിയാണ്. സെൻറിന് 8.45 ലക്ഷം രൂപ നിരക്കിൽ 2300 ഏക്കർ ഭൂമിയാണ് വിമാനത്താവളത്തിനായി ഏറ്റെടുത്ത് നൽകിയത്.
വിമാനത്താവളം നഷ്ടത്തിൽ തുടരുമ്പോഴും എം.ഡിയുടെ വാർഷിക ശമ്പളം 38.9 ലക്ഷത്തിൽനിന്ന് 50.16 ലക്ഷമായി വർധിപ്പിച്ചു. ഉമ്മൻ ചാണ്ടി സർക്കാറിന്റെ കാലംവരെ വിമാനത്താവളം സി.എ.ജി ഓഡിറ്റ് പരിധിയിലായിരുന്നെങ്കിൽ ഇപ്പോഴില്ല. സർക്കാർ ഓഹരി പങ്കാളിത്തത്തിൽ പ്രവർത്തിക്കുമ്പോഴും വിവരാകാശനിയമം ബാധകമല്ലെന്നതാണ് പുതിയ നിലപാട്. പോയന്റ് ഓഫ് കോൾ പദവി ലഭിക്കാത്തത് വിമാനത്താവളത്തിന്റെ വികസനത്തെ ബാധിക്കുന്നുണ്ടെന്ന് മന്ത്രി എം.ബി. രാജേഷ് പറഞ്ഞു. ആഭ്യന്തര കമ്പനികൾക്ക് മതിയായ വിമാനങ്ങളില്ലാത്തത് സർവിസ് കുറയാൻ കാരണമായിട്ടുണ്ട്. പോയന്റ് ഓഫ് കോൾ പദവിക്കായി സംസ്ഥാന സർക്കാർ വലിയ ശ്രമം നടത്തുന്നുണ്ട്. 2023 സെപ്റ്റംബർ ഏഴിന് വിമാനത്താവളം സന്ദർശിച്ച പാർലമെന്റ് സമിതി പോയന്റ് ഓഫ് കോൾ പദവി ശിപാർശ ചെയ്തിട്ടുണ്ടെന്നും മന്ത്രി പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.