ക​ണ്ണൂ​ർ റെ​യി​ൽ​വേ സ്റ്റേ​ഷ​ൻ കി​ഴ​ക്കെ ക​വാ​ട​ത്തി​ലെ എ​സ്ക​ലേ​റ്റ​ർ പ​ണി​പൂ​ർ​ത്തി​യാ​യി​ട്ടും

യാ​ത്ര​ക്കാ​ർ​ക്ക് തു​റ​ന്നു​കൊ​ടു​ക്കാ​ത്ത നി​ല​യി​ൽ

കണ്ണൂർ റെയിൽവേ സ്റ്റേഷൻ എസ്കലേറ്റർ; തുറക്കും...തുറന്നേക്കും...തുറന്നില്ല...

കണ്ണൂർ: രാവിലെ മംഗളൂരു-കോഴിക്കോട് എക്സ്പ്രസും നേത്രാവതിയും ചെന്നൈ എഗ്മോറും ഏറനാടുമെല്ലാം കണ്ണൂർ റെയിൽവേ സ്റ്റേഷനിലെത്തുക മിനിറ്റുകളുടെ വ്യത്യാസത്തിൽ. നൂറുകണക്കിന് യാത്രക്കാർ ഒരേസമയം പ്ലാറ്റ്ഫോമിലിറങ്ങും. പിന്നീട് നാടണയാനും ജോലിസ്ഥലത്തെത്താനുമുള്ള ഓട്ടപ്പാച്ചിലാണ്.

കുപ്പിക്കഴുത്തുപോലെ സൗകര്യം കുറഞ്ഞ മേൽപാലത്തിലും ലിഫ്റ്റിലും കയറാൻ യാത്രക്കാർ തിക്കും തിരക്കും കൂട്ടുമ്പോഴും കിഴക്കെ കവാടത്തിൽ പണി പൂർത്തിയായ എസ്കലേറ്റർ വിശ്രമത്തിലാണ്. ഈയാഴ്ച തുറക്കും, അടുത്തയാഴ്ച തുറക്കും എന്നുപറയാൻ തുടങ്ങിയിട്ട് മാസങ്ങളേറെ.

ഇലക്ട്രിക്കൽ പ്രവൃത്തി പൂർത്തിയാക്കി ഇ.ഐ.ജിയുടെ അനുമതിക്കായി സമർപ്പിച്ചിട്ടുണ്ട്. ഒരുമാസത്തിനകം തുറക്കാനാവുമെന്നാണ് റെയിൽവേയിൽനിന്ന് ഒടുവിൽ ലഭിക്കുന്ന വിവരം.

രാവിലെയും വൈകീട്ടും ഒന്നിലേറെ ട്രെയിനുകൾ ഒന്നിച്ചെത്തുമ്പോൾ സൗകര്യംകുറഞ്ഞ ലിഫ്റ്റിലും മേൽപാലത്തിലും കയറാനാവാതെ യാത്രക്കാർ പെടാപ്പാടിലാണ്. എസ്കലേറ്റർ പണി പൂർത്തിയായിട്ടും തുറന്നുകൊടുക്കാത്തതിൽ കടുത്ത പ്രതിഷേധമുണ്ട്.

നിലവിൽ എസ്കലേറ്ററിനടുത്തേക്കുള്ള ഭാഗത്ത് സുരക്ഷ ഒരുക്കാനായി അലൂമിനിയം ഫാബ്രിക്കേഷൻ പ്രവൃത്തി കഴിഞ്ഞിട്ടുണ്ട്. റിസർവേഷൻ കൗണ്ടർ സ്ഥിതിചെയ്യുന്ന കെട്ടിടവും എസ്കലേറ്ററുമായി ബന്ധിപ്പിക്കാനായി മുകളിൽ ഷീറ്റ് പാകുകയും ഈ ഭാഗത്ത് സംരക്ഷണവേലി കെട്ടി ഗേറ്റ് സ്ഥാപിക്കുകയും ചെയ്തു.

തൂണുകളിൽ എസ്കലേറ്റർ യന്ത്രം ഘടിപ്പിക്കുന്ന പ്രവൃത്തിയടക്കം മാർച്ചിൽ പൂർത്തിയായി ആറുമാസം പിന്നിട്ടിട്ടും യാത്രക്കാർക്ക് ഉപകാരപ്പെടാത്ത സ്ഥിതിയാണ്. ട്രെയിനിറങ്ങി കിഴക്കെ കവാടത്തിലേക്ക് വരുന്ന യാത്രക്കാർക്ക് നിലവിൽ മേൽപാലവും ലിഫ്റ്റുമാണ് ആശ്രയം.

ഒന്നിലേറെ ട്രെയിനുകൾ ഒന്നിച്ചെത്തിയാൽ മേൽപാലത്തിലും ലിഫ്റ്റിലും തിക്കുംതിരക്കുമാകും. ഒരേസമയം 13 പേർക്ക് മാത്രമാണ് കിഴക്കുഭാഗത്തെ ലിഫ്റ്റിൽ കയറാനാവുക. ലിഫ്റ്റിൽ കയറാനുള്ള ഊഴത്തിനായി പലപ്പോഴും നീണ്ട വരിയായിരിക്കും. പ്രായമായവരും ലഗേജുമായി വരുന്നവരുമാണ് കൂടുതൽ ബുദ്ധിമുട്ടുക. 

നിങ്ങൾ ക്യൂവിലാണ്

ഏറെക്കാലത്തെ കാത്തിരിപ്പിന് ശേഷമാണ് കിഴക്കെ കവാടത്തിൽ എസ്കലേറ്റർ നിർമാണം തുടങ്ങിയത്. എസ്‌കലേറ്റർ താങ്ങിനിർത്താനുള്ള സിവിൽ ജോലികൾ അടക്കം കഴിഞ്ഞവർഷം തുടങ്ങിയെങ്കിലും കോവിഡിനെത്തുടർന്ന് മുടങ്ങിയിരുന്നു.

പിന്നീട് പ്രവൃത്തി പുനരാരംഭിച്ചെങ്കിലും പലപ്പോഴും മെല്ലെപ്പോക്കിലായി. ഓഫിസ് സമയത്തും അവധി ദിവസങ്ങളിൽ ട്രെയിനുകളിൽ തിരക്കുള്ളപ്പോഴും പ്ലാറ്റ്ഫോമിൽ യാത്രക്കാരെ മുട്ടി നടക്കാനാവില്ല. ഒന്നാം പ്ലാറ്റ്ഫോമിൽ ടിക്കറ്റ് കൗണ്ടറിന് സമീപമുള്ള മേൽപാലം മാത്രമാണ് എല്ലാ പ്ലാറ്റ്ഫോമുകളെയും ബന്ധിപ്പിക്കുന്നത്.

ആറടി മാത്രം വീതിയുള്ള പാലത്തിലൂടെ ലഗേജുമായി കാൽനട അതിസാഹസികം. രണ്ടും മൂന്നും പ്ലാറ്റ്ഫോമുകളിലേക്ക് ലിഫ്റ്റിൽ ഇറങ്ങാമെങ്കിലും കാത്തിരിക്കണം. ഒന്നിലേറെ ട്രെയിനുകൾ ഒന്നിച്ചെത്തിയാൽ ലിഫ്റ്റിനുമുന്നിൽ നീണ്ട ക്യൂവാണ് കാഴ്ച. രണ്ടാം പ്ലാറ്റ്ഫോമിലെ ലിഫ്റ്റിൽ ആറുപേർക്കും മൂന്നിൽ 13 പേർക്കുമാണ് പരമാവധി യാത്ര.

തെക്കുഭാഗത്തെ മേൽപാലം സൗകര്യമുള്ളതാണെങ്കിലും രണ്ട്, മൂന്ന് പ്ലാറ്റ്ഫോമിലേക്ക് മാത്രമേ ഇറങ്ങാനാവൂ. കിഴക്കെ കവാടത്തിലേക്ക് ഇതുവഴി പോകാനാവില്ല. ഇവിടെ ഒന്നാം പ്ലാറ്റ്ഫോമിൽ എസ്കലേറ്റർ സൗകര്യമുണ്ടെങ്കിലും രണ്ടിലും മൂന്നിലും ഇറങ്ങണമെങ്കിൽ മേൽപാലം കയറിത്തന്നെ പോകണം.

വണ്ടിയിറങ്ങി പുറത്തുകടക്കാനായി മേൽപാലം കയറുന്നവരുടെ തിക്കിലും തിരക്കിലും പ്ലാറ്റ്ഫോമിൽ ഇറങ്ങാനും ടിക്കറ്റ് കൗണ്ടറിനടുത്ത് എത്താനുമാവാതെ ട്രെയിൻ വിട്ടുപോയ നിരവധി അനുഭവങ്ങളാണ് യാത്രക്കാർ പങ്കുവെക്കുന്നത്. കുടുംബവുമായി യാത്രചെയ്യുന്നവരിൽ എല്ലാവർക്കും ട്രെയിനിൽ കയറാനാവാതെ ഒറ്റപ്പെട്ടുപോയ സംഭവങ്ങളും ഏറെ.

നാലാം പ്ലാറ്റ്ഫോം നിർമിച്ച് വീതികൂടിയ പുതിയ മേൽപാലം കിഴക്കെ കവാടവുമായി ബന്ധിപ്പിക്കാനായാലും ഈ ഭാഗത്ത് ലിഫ്റ്റും എസ്കലേറ്ററും ഒരുക്കിയാലും യാത്രാക്ലേശത്തിന് പരിഹാരമാകും. നവംബറിൽ കണ്ണൂർ സ്റ്റേഷനിൽ റെയിൽവേ ജനറൽ മാനേജറുടെ സന്ദർശനമുണ്ട്. അതിനുമുമ്പ് പ്രവൃത്തികളും നടപടികളും പൂർത്തിയാക്കി എസ്കലേറ്റർ തുറന്നുകൊടുക്കുമെന്ന പ്രതീക്ഷയിലാണ് യാത്രക്കാർ.

Tags:    
News Summary - Kannur Railway Station Escalator

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.