കണ്ണൂർ: കണ്ണൂർ സർവകലാശാല മുൻ പ്രോ വൈസ് ചാൻസലർ പ്രഫ. പി.ടി. രവീന്ദ്രൻ (64) നിര്യാതനായി. ഹൃദയാഘാതത്തെത്തുടർന്ന് കോഴിക്കോട്ടെ സ്വകാര്യ ആശുപത്രിയിലായിരുന്നു അന്ത്യം. കണ്ണൂർ സർവകലാശാല പാലയാട് കാമ്പസ് മാനേജ്‌മെന്റ് വിഭാഗം മേധാവിയുമായിരുന്നു. കണ്ണൂർ എസ്.എൻ കോളജ് അധ്യാപകനായിരുന്നു.
2000ത്തിൽ കണ്ണൂർ സർവകലാശാല മാനേജ്മെന്റ് സ്റ്റഡീസ് വിഭാഗം തുടങ്ങിയതുമുതൽ അവിടെ പ്രഫസറായിരുന്നു. 2018 മുതൽ 2020 വരെ സർവകലാശാല പ്രോ വൈസ് ചാൻസലറായി. നാട്ടിക എസ്.എൻ കോളജിലും സേവനമനുഷ്‌ഠിച്ചു. മികച്ച അധ്യാപകനും ഗവേഷക മാർഗദർശിയും ആയിരുന്നു.
കണ്ണൂർ സർവകലാശാല ജർമനിയിലെ കാൽവ്, റീഡ്ലിങ്കൻ സർവകലാശാലകളുമായി അക്കാദമിക് വിനിമയ പദ്ധതി ആവിഷ്‌കരിച്ച് നടപ്പാക്കിയത് ഇദ്ദേഹം വകുപ്പ് തലവനായിരുന്ന ഘട്ടത്തിലാണ്. നിരവധി വിദ്യാർഥികളും അധ്യാപകരും ജർമനിയിൽനിന്ന് കണ്ണൂർ സർവകലാശാലയിലേക്കും തിരിച്ചും സന്ദർശനം നടത്തുകയും ഗവേഷണ പദ്ധതികളിൽ പങ്കുചേരുകയും ചെയ്തു.
തളിപ്പറമ്പ് ചുഴലിയിലെ പരേതനായ പി.പി. കുഞ്ഞിക്കണ്ണൻ നമ്പ്യാരുടെയും പി.ടി. മീനാക്ഷി അമ്മയുടെയും മകനാണ്. ഭാര്യ: എൻ. സജിത (റിട്ട. പ്രിൻസിപ്പൽ, കോഴിക്കോട് സാമൂതിരി ഹയർ സെക്കൻഡറി സ്കൂൾ). മകൾ: ഹൃദ്യ രവീന്ദ്രൻ (വിദ്യാർഥിനി). സഹോദരങ്ങൾ: പി.ടി. ഗംഗാധരൻ, പ്രഭാകരൻ, രത്നാകരൻ, മോഹൻദാസ്, പ്രേമരാജൻ, പ്രീതകുമാരി, അമൃതകുമാരി.
മൃതദേഹം ശനിയാഴ്ച രാവിലെ ഒമ്പതിന് കോഴിക്കോട് മായനാട്ടെ വസതിയിൽനിന്ന് തളിപ്പറമ്പിലേക്ക് കൊണ്ടുവരും. ഉച്ചക്ക് 12.30 മുതൽ 2.30 വരെ തളിപ്പറമ്പ് പി.ഡബ്ല്യു.ഡി റസ്‌റ്റ്‌ഹൗസിന് സമീപത്തെ തറവാട്ടുവീട്ടിൽ പൊതുദർശനം. സംസ്‌കാരം മൂന്നിന് തളിപ്പറമ്പ് തൃച്ഛബരം എൻ.എസ്.എസ് ശ്‌മശാനത്തിൽ.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.