കണ്ണൂർ: കണ്ണൂർ സർവകലാശാല സെനറ്റിൽ ചാൻസലറായ ഗവർണർ നാമനിർദേശം ചെയ്ത 20 അംഗ പട്ടികയിൽ എൽ.പി സ്കൂൾ പ്രധാനാധ്യാപകനും. ഹൈസ്കൂൾ പ്രധാനാധ്യാപക വിഭാഗത്തിലാണ് പ്രൈമറി സ്കൂൾ പ്രധാനാധ്യാപകന്റെ പേരുമുള്ളത്. ഇരിവേരി കണയന്നൂർ എൽ.പി സ്കൂൾ പ്രധാനാധ്യാപകൻ മഹേഷ് ചെറിയാണ്ടിയുടെ പേരാണ് പട്ടികയിലുള്ളത്. അബദ്ധം തിരിച്ചറിഞ്ഞ രാജ്ഭവൻ പുതിയ പട്ടിക ഉടൻ ഇറക്കിയേക്കും.
സർവകലാശാലയിലെ രണ്ടുവീതം ഡീൻമാരും വകുപ്പ് മേധാവികളും വിവിധ വിഭാഗങ്ങളിലെ 16ഉം ഉൾപ്പെടെയാണ് 20 പേരെ ചാൻസലർ നാമനിർദേശം ചെയ്തത്. സർവകലാശാല സമർപ്പിച്ച ഡീൻ പാനലിൽനിന്ന് ചാൻസലർ തെരഞ്ഞെടുത്ത ഒരാൾ കോൺഗ്രസ് യൂനിയനിൽപെട്ടയാളാണ്.
16 അംഗ പട്ടികയിലാണ് ചാൻസലർ കാര്യമായി ഇടപെട്ടത്. എഴുത്തുകാരൻ വിഭാഗത്തിൽ ടി. പത്മനാഭനും വിദ്യാർഥി പ്രതിഭ വിഭാഗത്തിൽ ഹ്യുമാനിറ്റീസിലെ ഐഷ ഫിദയും ഒഴികെയുള്ള മുഴുവൻ പേരും ചാൻസലർ വെട്ടി. പട്ടികയിൽ ഏഴുപേർ ആർ.എസ്.എസ്-ബി.ജെ.പി-എ.ബി.വി.പി പ്രതിനിധികളാണ്. ശേഷിക്കുന്ന ഏഴുപേർ കോൺഗ്രസിൽനിന്നുള്ളവരുമാണ്.
ഇതിൽ ഡി.സി.സി ജനറൽ സെക്രട്ടറിയും ഉൾപ്പെടും.
ചാൻസലറുടെ നടപടിക്കെതിരെ സി.പി.എം രംഗത്തുവന്നു. കോൺഗ്രസ്- ബി.ജെ.പി ധാരണപ്രകാരമാണ് പട്ടിക തയാറാക്കിയതെന്ന് നേതാക്കൾ ആരോപിച്ച് സർവകലാശാല ആസ്ഥാനത്ത് സിൻഡിക്കേറ്റംഗങ്ങളുടെ നേതൃത്വത്തിൽ ഉപരോധവും നടത്തി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.