പരമോന്നത മലേഷ്യൻ ബഹുമതിയായ ​ഹിജ്റ പുരസ്കാരം കാന്തപുരം എ.പി മുസ്‌ലിയാർക്ക് മലേഷ്യൻ രാജാവ് അൽ-സുൽത്താൻ അബ്ദുല്ല സുൽത്താൻ അഹമ്മദ് ഷാ  സമ്മാനിക്കുന്നു. പ്രധാനമന്ത്രി അൻവർ ഇബ്രാഹീം, മതകാര്യ വകുപ്പ് മന്ത്രി ഡോ. മുഹമ്മദ് നാഹിം ബിൻ മുക്താർ സമീപം.

മലേഷ്യൻ അന്താരാഷ്ട്ര പുരസ്കാരം കാന്തപുരത്തിന്

ക്വാലാലംപൂർ: ലോക മുസ്‌ലിം പണ്ഡിതർക്കുള്ള അന്താരാഷ്ട്ര  മലേഷ്യൻ ബഹുമതിയായ ​ഹിജ്റ പുരസ്കാരം ഓൾ ഇന്ത്യ സുന്നി ജംഇയ്യത്തുൽ ഉലമ ജനറൽ സെക്രട്ടറി കാന്തപുരം എ.പി അബൂബക്കർ മുസ്‌ലിയാർക്ക്. ക്വാലാലംപൂർ വേൾഡ് ട്രേഡ് സെന്ററിൽ നടന്ന പ്രൗഢഗംഭീരമായ ചടങ്ങിൽ മലേഷ്യൻ രാജാവ് അൽ-സുൽത്താൻ അബ്ദുല്ല സുൽത്താൻ അഹമ്മദ് ഷാ അവാർഡ് സമ്മാനിച്ചു. മലേഷ്യൻ ഇസ്ലാമിക് ഫൗണ്ടേഷൻ മുൻ സെക്രട്ടറി ജനറൽ അബ്ദുൽ മുനീർ യാക്കൂബും അന്താരാഷ്ട്ര പുരസ്കാരത്തിന് അർഹനായി.   പ്രധാനമന്ത്രി അൻവർ ഇബ്രാഹീം, മതകാര്യ വകുപ്പ് മന്ത്രി ഡോ. മുഹമ്മദ് നാഹിം ബിൻ മുക്താർ, രാജകുടുംബാം​ഗങ്ങൾ, പൗരപ്രമുഖർ തുടങ്ങിയവരുടെ സാന്നിധ്യത്തിലായിരുന്നു പുരസ്കാര ദാനം.

ലോകസമാധാനത്തിനും സൗഹാർദ്ദത്തിനുമായി പ്രവർത്തിക്കുന്ന ആ​ഗോള പ്രശസ്തരായ മുസ്‌ലിം പണ്ഡിതർക്ക് 2008 മുതൽ എല്ലാ ഹിജ്റ വർഷാരംഭത്തിലും നൽകി വരുന്നതാണ് ഈ അവാർഡ്. സിറിയൻ പണ്ഡിതൻ ഡോ. വഹബാ മുസ്തഫ അൽ സുഹൈലി, അൽ അസ്ഹർ ​ഗ്രാൻഡ് ഇമാം ഡോ. അഹ്മദ് മുഹമ്മദ് അൽ ത്വയ്യിബ്, മുസ്‌ലിം വേൾഡ് ലീ​ഗ് സെക്രട്ടറി ജനറൽ ഡോ. ശൈഖ് മുഹമ്മദ് ബിൻ അബ്ദുൽ കരീം അൽ ഈസ തുടങ്ങിയവരാണ് മുൻ വർഷങ്ങളിൽ ഹിജ്റ പുരസ്കാരത്തിന് അർഹരായവരിൽ പ്രധാനികൾ.

സ്വദേശത്തും വിദേശത്തും ഇസ്‌ലാമിന്റെ സ്നേഹസന്ദേശം പ്രചരിപ്പിക്കുന്നതിലും വിവിധ മതസ്ഥർക്കിടയിൽ സൗ​ഹാർദ്ദം ഊട്ടിയുറപ്പിക്കുന്നതിലും അർപ്പിച്ച അമൂല്യമായ സംഭാവനകൾ പരി​ഗണിച്ചാണ് കാന്തപുരത്തെ അവാർഡിന് തിരഞ്ഞെടുത്തതെന്ന് മലേഷ്യൻ ഇസ്‌ലാമിക വികസന മന്ത്രാലയം വ്യക്തമാക്കി.

ഹിജറ പുരസ്കാരത്തിന് തന്നെ തിരഞ്ഞെടുത്തതിൽ അങ്ങേയറ്റം സന്തോഷമുണ്ടെന്നും കൂടുതൽ മേഖലകളിലേക്ക് പ്രവർത്തനം വ്യാപിപ്പിക്കുന്നതിന് പ്രചോ​ദനമാണെന്നും പുരസ്കാരം സ്വീകരിച്ച ശേഷം കാന്തപുരം എ.പി അബൂബക്കർ മുസ്‌ലിയാർ പറഞ്ഞു. പ്രധാനമന്ത്രിയുടെ ക്ഷണപ്രകാരം പഞ്ചദിന സന്ദർശനത്തിന് തിങ്കളാഴ്ചയാണ് കാന്തപുരം മലേഷ്യയിലെത്തിയത്. 22ന് സ്വഹീഹുൽ ബുഖാരി പണ്ഡിത സമ്മേളനത്തിൽ അദ്ദേഹം പങ്കെടുക്കും. 



Tags:    
News Summary - Kanthapuram received the highest Malaysian award

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.