ഡോക്ടറേറ്റ് സ്വീകരിക്കാൻ താൽപര്യമില്ലെന്ന് കാന്തപുരം; വി.സിക്ക് കത്തയച്ചു

കോഴിക്കോട്: വിവാദം രൂക്ഷമായതോടെ കാലിക്കറ്റ് സർവകലാശാലയുടെ ഡി-ലിറ്റ് സ്വീകരിക്കാൻ താൽപര്യമില്ലെന്ന സൂചന നൽകി കാന്തപുരം എ.പി അബൂബക്കർ മുസ്‍ലിയാർ വൈസ് ചാൻസലർക്ക് കത്തയച്ചു. ഡി-ലിറ്റുമായി ബന്ധപ്പെട്ട് നടക്കുന്ന ചർച്ചകൾ കാന്തപുരത്തിന്റെ അറിവോടെയല്ലെന്നും അക്കാദമിക് രംഗത്ത് സർവകലാശാല ശ്രദ്ധ കേന്ദ്രീകരിക്കണമെന്നും കാന്തപുരത്തിന്റെ വക്താവ് കത്തിൽ ആവശ്യപ്പെട്ടു.

വിദ്യാർഥികളുടെയും ഗവേഷകരുടെയും അധ്യാപകരുടെയും മികവ് ഉറപ്പുവരുത്തുന്ന പ്രവർത്തനങ്ങളിൽ സർവകലാശാല കൂടുതൽ വ്യാപൃതരാവണം എന്നതാണ് അദ്ദേഹത്തിന്റെയും മർകസിന്റെയും താൽപര്യം. കേരളത്തിലെ ഏറ്റവും വലുതും ഏറ്റവുമധികം വിദ്യാർഥികൾ പഠിക്കുകയും ചെയ്യുന്ന സർവകലാശാല എന്ന നിലയിൽ അക്കാദമിക രംഗത്ത് വലിയ ഉത്തരവാദിത്തങ്ങൾ നിർവഹിക്കാനുള്ള സ്ഥാപനമാണ് കാലിക്കറ്റ് സർവകലാശാല. മർകസ് അതിന്റെ പല വിദ്യാഭ്യാസ പദ്ധതികൾക്കും തുടക്കം കുറിക്കാൻ തെരഞ്ഞെടുത്ത മലബാറിൽ പ്രവർത്തിക്കുന്ന യൂനിവേഴ്‌സിറ്റി എന്ന നിലയിൽ കാലിക്കറ്റിന്റെ പ്രവർത്തനങ്ങളെ കാന്തപുരം എ.പി അബൂബക്കർ മുസ്‍ലിയാരും മർകസും വളരെ താൽപര്യത്തോടെയാണ് നോക്കിക്കാണാറുള്ളത്.

യൂനിവേഴ്‌സിറ്റി കമ്യൂണിറ്റിക്ക് പുറത്തുള്ളവർക്ക് ഹോണററി പദവികൾ നൽകുന്നതിൽ അല്ല, മറിച്ച് യൂനിവേഴ്‌സിറ്റിയിൽ പ്രതീക്ഷ അർപ്പിച്ച് എത്തുന്ന യൂനിവേഴ്‌സിറ്റിക്കകത്തുള്ള കമ്യൂണിറ്റിയുടെ വൈജ്ഞാനിക താൽപര്യങ്ങളെ അഭിമുഖീകരിക്കുന്നതിലും ഗുണനിലവാരമുള്ള ബിരുദങ്ങൾ നൽകുന്നതിലുമാണ് ഈ സ്ഥാപനം ശ്രദ്ധ കേന്ദ്രീകരിക്കേണ്ടത്. അതുവഴി മലബാറിനെ ഒരു എജുക്കേഷൻ ഹബ്ബാക്കി മാറ്റാൻ നമുക്ക് കഴിയണം. സമാനമായ താൽപര്യത്തോടെ പ്രവർത്തിക്കുന്ന സ്ഥാപനങ്ങൾ എന്ന നിലയിൽ മർകസിനും മർകസ് നോളജ് സിറ്റിക്കും അനുബന്ധ സംരംഭങ്ങൾക്കും യൂനിവേഴ്‌സിറ്റിയുമായി യോജിച്ചു പ്രവർത്തിക്കാൻ കഴിയുന്ന ഒട്ടനവധി പ്രവർത്തന മേഖലകൾ ഉണ്ട്. അത്തരം പ്രവർത്തനങ്ങൾക്ക് മർകസിന്റെ അന്താരാഷ്ട്ര ബന്ധങ്ങൾ ലഭ്യമാക്കുന്നത് ഉൾപ്പടെയുള്ള എല്ലാ വിധ പിന്തുണകളും ഞങ്ങൾ ഉറപ്പ് നൽകുന്നു. ഡിലിറ്റ് നൽകുന്നതുമായി ബന്ധപ്പെട്ട ചർച്ചകളിൽനിന്ന് കാന്തപുരം എ.പി അബൂബക്കർ മുസ്‌ലിയാരുടെ പേര് ഒഴിവാക്കണമെന്ന് അപേക്ഷിക്കുന്നതായും കത്തിൽ ആവശ്യപ്പെടുന്നു.

വിദ്യാഭ്യസ രംഗത്ത് നൽകിയ മഹനീയമായ സേവനങ്ങൾ കണക്കിലെടുത്ത് കാന്തപുരം എ.പി അബൂബക്കർ മുസ്‌ലിയാർ, വെള്ളാപ്പള്ളി നടേശൻ എന്നിവർക്ക് ഓണററി ഡോക്ടറേറ്റ് നൽകണമെന്ന് കഴിഞ്ഞ ദിവസം കാലിക്കറ്റ് സർവകലാശാല സിൻഡിക്കേറ്റിൽ പ്രമേയം അവതരിപ്പിച്ചിരുന്നു. ഇടത് സിൻഡിക്കേറ്റംഗം ഇ. അബ്ദുറഹ്മാനാണ് വൈസ് ചാൻസലറുടെ അനുമതിയോടെ പ്രമേയം അവതരിപ്പിച്ചത്. ഒമ്പത് അംഗങ്ങളാണ് യോഗത്തിൽ പങ്കെടുത്തത്. ഇതിൽ എട്ടു പേരും ഇടത് അനുഭാവമുള്ളവരാണ്. വിവാദമായതോടെ ഡി-ലിറ്റ് നൽകാൻ പ്രമുഖരായ വ്യക്തികളെ കണ്ടെത്താൻ രൂപവത്കരിച്ച സിൻഡിക്കേറ്റ് ഉപകമ്മിറ്റിയുടെ പരിഗണയിലേക്ക് പ്രമേയം നൽകാൻ തീരുമാനമായി.

അതിനിടെ, സാംസ്‌കാരിക-വൈജ്ഞാനിക മേഖലകളിൽ ഉന്നത സംഭാവനകൾ നൽകിയ വ്യക്തിത്വങ്ങളെ ആദരിക്കാൻ സർവകലാശാല ചട്ടങ്ങളിൽ വ്യവസ്ഥ ചെയ്ത ഓണററി ഡോക്ടറേറ്റ് ബിരുദം കാന്തപുരം എ.പി. അബൂബക്കർ മുസ്‌ലിയാർക്കും വെള്ളാപ്പള്ളി നടേശനും നൽകാനുള്ള കാലിക്കറ്റ് സർവകലാശാലയുടെ നീക്കം പുനഃപരിശോധിക്കണമെന്ന് വൈസ് ചാൻസലറോടും ഡിഗ്രിക്ക് അംഗീകാരം നൽകരുതെന്ന് ഗവർണറോടും സേവ് യൂനിവേഴ്സിറ്റി കാമ്പയിൻ കമ്മിറ്റി ആവശ്യപ്പെട്ടു. രാഷ്ട്രപതിക്കുപോലും ഡി.ലിറ്റ് ബിരുദം നൽകാൻ വിസമ്മതിച്ചപ്പോഴാണ് കാലിക്കറ്റ് സർവകലാശാല ഇരുവർക്കും ഡി.ലിറ്റ് നൽകാനുള്ള പ്രമേയം അനുഭാവപൂർവം പരിഗണിച്ചത്. ജാതിമത പ്രീണനത്തിന്‍റെ ഭാഗമായി ഇടതുപക്ഷ സർക്കാറിന്‍റെ നിർദേശാനുസരണമാണ് പ്രമേയം അവതരിപ്പിക്കാൻ സിൻഡിക്കേറ്റ് അംഗത്തിന് വൈസ് ചാൻസലർ അനുമതി നൽകിയത്. സർവകലാശാലയെ ഉപയോഗിച്ച് സമുദായങ്ങളെ കൂടെനിർത്താനുള്ള രാഷ്ട്രീയ പ്രവർത്തനത്തിന്‍റെ ഭാഗമാണിത്​. സംസ്ഥാനത്തെ സർവകലാശാലകൾ ഇതിനകം ഓണററി ഡോക്ടറേറ്റ് ബിരുദം നൽകിയവരുടെ സംഭാവനകൾ പരിശോധിച്ചശേഷം ഇവർ രണ്ടുപേരും സാംസ്‌കാരിക - വൈജ്ഞാനിക മേഖലകൾക്ക് നൽകിയ സംഭാവനകൾ വ്യക്തമാക്കാൻ കാലിക്കറ്റ്‌ സർവകലാശാല തയാറാകണമെന്നും സേവ് യൂനിവേഴ്സിറ്റി കാമ്പയിൻ കമ്മിറ്റി ആവശ്യപ്പെട്ടു.

Tags:    
News Summary - Kanthapuram said that he is not interested in receiving a doctorate; A letter was sent to V.C

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.